മഴക്കെടുതി; വയനാട് ജില്ലയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

കല്‍പ്പറ്റ:കാലവര്‍ഷക്കെടുതിയില്‍ ജില്ലയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ കാലവര്‍ഷക്കെടുതി അവലോകനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മഴക്കെടുതി നിമിത്തം വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃഷി നാശത്തിന്റെ കണക്കുകള്‍ പരിശോധിച്ച് സത്വര നടപടികള്‍ കൈക്കൊള്ളും. ജില്ലയിലെ പ്രധാന പാതകള്‍ നന്നാക്കാനുള്ള നടപടികളും സ്വീകരിക്കും. ചുരം റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും നടപടിയെടുക്കും. ജില്ലയിലെ വിളനാശത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും ബുധനാഴ്ച നടക്കുന്ന മന്ത്രി സഭായോഗത്തില്‍ അറിയിക്കുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പരാതിക്കിട നല്‍കാതെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയ ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. കാലവര്‍ഷംമൂലം വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഓരോ താലൂക്കിലും ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ അറിയിച്ചു. ഇതുവരെ ജില്ലയില്‍ കാലവര്‍ഷത്തില്‍ ഇരുപതോളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. നാനൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹായത്തോടെയാണ് നഷ്ടക്കണക്കുകള്‍ അന്തിമമമായി വിലയിരുത്തുക. ജൂലായ് 31 നകം നഷ്ടപരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം.കെ.എം.രാജു തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍