ക്ഷീരമേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതി മീനങ്ങാടി ക്ഷീര സഹകരണസംഘത്തിന് !
മീനങ്ങാടി: ക്ഷീരമേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദേശീയ ഗോപാല്‍രത്‌ന പുരസ്‌കാരം 2025 മീനങ്ങാടി ക്ഷീര സംഘത്തിന് ലഭിച്ചു. കര്‍ഷകരില്‍ നിന്ന് നിത്യവും പാല്‍ സംഭരിക്കുക എന്ന ദൗത്യത്തില്‍ മാത്രം പ്രവര്‍ത്തനം പരിമിതപ്പെടുത്താതെയുള്ള ഇടപെടലുകളാണ് മീനങ്ങാടി ക്ഷീരസഹകരണസംഘത്തിന്റെ പ്രത്യേകത. കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവനും പാലിന് പ്രോത്സാഹനവില നല്‍കുന്നത് മുതല്‍ സ്വന്തമായി മൃഗാശുപത്രി വരെ ക്ഷീരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യമേറെയാണ്. രാജ്യത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണപ്രസ്ഥാനങ്ങള്‍ക്ക് ദേശീയതലത്തില്‍ നല്‍കുന്ന ഉന്നതപുരസ്‌കാരമായ ഗോപാല്‍രത്‌ന അംഗീകാരം നേടാന്‍ സംഘത്തെ പ്രാപ്തമാക്കിയതും ഈ പ്രവര്‍ത്തന മികവ് തന്നെയാണ്. 2022 ല്‍ ഗോപാല്‍രത്‌ന പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യത്തെ പത്ത് ക്ഷീരസംഘങ്ങളില്‍ ഒന്നുകൂടിയായിരുന്നു മീനങ്ങാടി സംഘം.
സംസ്ഥാനത്തെ ഏറ്റവും മികച്ച ആനന്ദ് മാതൃക (ആപ്‌കോസ്) ക്ഷീരസഹകരണസംഘത്തിനുള്ള സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ഇക്കഴിഞ്ഞ വര്‍ഷത്തെ ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാരങ്ങളിലൊന്നും മീനങ്ങാടി സംഘത്തിനായിരുന്നു.
മീനങ്ങാടി പട്ടണത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ക്ഷീരസംഘത്തിന്റെ ആസ്ഥാനമായ ക്ഷീരഭവന്‍ പാല്‍മികവിന്റെ കേന്ദ്രമാണ്. മൂന്ന് നിലകളിലായുള്ള ക്ഷീരഭവനില്‍ വിശാലമായ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത ഡെയറി ലബോറട്ടറി, വെറ്ററിനറി ക്ലിനിക്ക്, വെറ്ററിനറി മെഡിക്കല്‍ ഷോപ്പ് മുതല്‍ പാല്‍സംഭരണകേന്ദ്രം വരെ പ്രവര്‍ത്തിക്കുന്നു.
മുപ്പത് ലിറ്റര്‍ പാലില്‍ നിന്നും പതിനേഴായിരത്തിലേക്ക്
1973 നവംബറില്‍ 26 ക്ഷീരകര്‍ഷകരില്‍ നിന്നായി കേവലം 30 ലിറ്റര്‍ പാല്‍ സംഭരണവുമായായിരുന്നു മീനങ്ങാടി ക്ഷീരസംഘത്തിന്റെ തുടക്കം. ഇന്ന് അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ 17,500 ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിക്കുന്ന സംഘമായി മീനങ്ങാടി ക്ഷീരസംഘം വളര്‍ന്നിരിക്കുന്നു. ഇത്രയും അളവ് പാല്‍ സംഘം സംഭരിക്കുന്നത് മീനങ്ങാടി പഞ്ചായത്തില്‍ നിന്ന് മാത്രമാണ്. നിത്യേന പാല്‍ അളക്കുന്ന മീനങ്ങാടി പഞ്ചായത്തിലെ 1100ഓളം വരുന്ന സജീവഅംഗങ്ങളാണ് സംഘത്തിന്റെ ജീവനാഡി. പാല്‍സംഭരണവുമായി ബന്ധപ്പെട്ട കണക്കും കാര്യങ്ങളും കാര്യക്ഷമമാക്കാന്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സംസ്ഥാനത്തെ ആദ്യ ക്ഷീരസംഘങ്ങളില്‍ ഒന്നുകൂടിയാണ് മീനങ്ങാടി. പാല്‍ ശീതീകരിച്ച് സംഭരിക്കുന്നതിനായി 15000 ലിറ്റര്‍ കപ്പാസിറ്റിയുള്ള പാല്‍ ശീതീകരണടാങ്കും അത്രതന്നെ ശേഷിയുള്ള മില്‍ക്ക് സൈലോയും സംഘത്തിലുണ്ട്. ഇരുപത് കിലോ വാട്ട് കപ്പാസിറ്റിയുള്ള സൗരനിലയം, ഇരുപതിനായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള മലിനജലസംസ്‌കരണ കേന്ദ്രം എന്നിവയും സംഘത്തിന് സ്വന്തമായുണ്ട്. വയനാട് ജില്ലയിലെയും മലബാര്‍ മേഖലയിലെയും മില്‍മയുടെ ഏറ്റവും മികച്ച ബി.എം.സി. (ബള്‍ക്ക് മില്‍ക്ക് കൂളര്‍) സംഘത്തിനുള്ള പുരസ്‌കാരം മീനങ്ങാടി സംഘത്തിന് ലഭിച്ചത് സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരത്തിനുള്ള അംഗീകാരമായിട്ടായിരുന്നു.
വറ്റുകാലത്തും കര്‍ഷകന് പിന്തുണ;
പുതുമകള്‍ പലതുള്ള ക്ഷീരസംഘം
മീനങ്ങാടി പഞ്ചായത്തിലെമ്പാടുമായി പാല്‍ സംഭരണത്തിനായി 250ഓളം പാല്‍ കളക്ഷന്‍ സെന്ററുകള്‍ സംഘത്തിന്റെ കീഴിലുണ്ട്. ദിവസേന നല്‍കുന്ന പാലിന്റെ അളവ്, ഗുണനിലവാരം, ലിറ്റര്‍ വില, മൊത്തം വില എന്നിവ ഉള്‍പ്പെട്ട സമഗ്രസന്ദേശം അതുതന്നെ ദിവസം കര്‍ഷകരുടെ ഫോണില്‍ എസ്.എം.എസ്. ആയി എത്തും. വര്‍ഷം മുഴുവന്‍ പാലിന് ഒരു രൂപ 30 പൈസ വീതം ലിറ്ററിന് ഇന്‍സെന്റീവ് നല്‍കുന്നത് സംഘത്തിന്റെ പ്രധാനപ്പെട്ട കര്‍ഷകക്ഷേമപദ്ധതിയാണ്. സംഘത്തില്‍ ദിവസം 50 ലിറ്ററോ അതിനു മുകളിലോ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഫാം സപ്പോര്‍ട്ട് എന്ന നിലയില്‍ പാല്‍ വിലയുടെ പുറമേ ലിറ്ററിന് 50 പൈസ നിരക്കില്‍ അധികമായി സംഘം നല്‍കും. പ്രതിദിനം സംഭരിക്കുന്ന സംഭരിക്കുന്ന പാലില്‍ 2500 ലിറ്റര്‍ പ്രാദേശിക വില്പന നടത്തി ബാക്കി മുഴുവന്‍ പാലും മില്‍മക്ക് സംഘം കൈമാറും. സംഘത്തിന്റെ കീഴില്‍ പാല്‍ അളക്കുന്ന കര്‍ഷകരുടെ പശുക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പിടിപെട്ടാല്‍ ഏറ്റവും വേഗത്തില്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സ്വന്തമായി ഒരു മൃഗാശുപത്രി തന്നെ മീനങ്ങാടി ക്ഷീരസംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പകല്‍ മുഴുവന്‍ വെറ്ററിനറി ഡോക്ടറുടെ സൗജന്യസേവനവും ഉണ്ടാവും. ഡോക്ടര്‍ വീട്ടിലെത്തിയും ചികിത്സ നല്‍കും. ക്ലിനിക്കിനോട് അനുബന്ധിച്ച് വെറ്ററിനറി ലാബും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി മേന്മ മെഡിക്കല്‍ സ്‌റ്റോര്‍ എന്ന പേരില്‍ വെറ്ററിനറി മെഡിക്കല്‍ സ്‌റ്റോറും സംഘം നടത്തുന്നുണ്ട്. മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ മരുന്നുകള്‍ കര്‍ഷകര്‍ക്ക് ലഭിക്കും. സംഘത്തിന്റെ കീഴിലെ കര്‍ഷകര്‍ക്ക് തടസ്സമില്ലാതെ പശുക്കളുടെ കൃത്രിമബിജാധാനസേവനം ഉറപ്പാക്കുന്നതിനായി രണ്ട് കാറ്റില്‍ ഇന്‍സെമിനേറ്റര്‍മാരുടെ സേവനം സംഘം സ്വന്തം നിലയില്‍ ഉറപ്പാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ മൃഗചികിത്സാസഹായപദ്ധതിയും സംഘം നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിയില്‍ പ്രതിമാസം 2500 രൂപവരെ പശുക്കളുടെ ചികിത്സാസഹായമായി അനുവദിക്കും. പ്രതിവര്‍ഷം പരമാവധി മുപ്പതിനായിരം രൂപ ചികിത്സാസഹായമായി ലഭിക്കും.
പാല്‍പ്പൊലിമയിലേറി മുന്നോട്ട്
പാലുല്‍പാദനരംഗം പല രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് പത്തൊന്‍പത് വാര്‍ഡുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാമപഞ്ചായത്തില്‍ നിന്ന് തന്നെ പതിനേഴായിരത്തിലധികം ലിറ്റര്‍ പാല്‍ പ്രതിദിനം സമാഹരിക്കാന്‍ സംഘത്തിന് സാധിക്കുന്നത് പ്രാദേശിക ക്ഷീരമേഖലയ്ക്ക് മീനങ്ങാടി ക്ഷീരസഹകരണസംഘം നല്‍കുന്ന കലവറയില്ലാത്ത പിന്തുണ കൊണ്ട് മാത്രമാണ്. സംഘത്തിലുള്ള കര്‍ഷകരുടെ വിശ്വാസമാണ് പാല്‍ മികവിന്റെ കൈമുതല്‍. ജയന്‍ പി. പി. പ്രസിഡണ്ടും മാത്യു കെ. ബി. സെക്രട്ടറിയുമായ ഒമ്പതംഗ ഭരണസമിതിയാണ് നിലവില്‍ മീനങ്ങാടി സംഘത്തെ മികവോടെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
