സല്യൂട്ട് ജെയിംസ് സാര്‍..!

മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ ജെയിംസിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് സിനിമ തിരക്കഥയെ വെല്ലുന്ന ജീവിത അനുഭവങ്ങളാണ്. ലക്‌നൗവില്‍ മകളുടെ പഠനാവശ്യത്തിനായി പോയ ജെയിംസ് മടക്കയാത്രയില്‍ ലക്‌നവില്‍ എത്തിയപ്പോള്‍ സംഭവിച്ച സഹയാത്രികന്റെ മരണമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറക്കാത്ത ഏടായി മാറിയത്. മകളോടൊപ്പം അഡ്മിഷനായി വന്ന കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയുടെ പിതാവാണ് ട്രെയിനില്‍വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. കേവലം മണിക്കൂറുകല്‍ മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തും മൃതദേഹം കേരളത്തിലെത്തിക്കാനുമായി ജെയിംസ് സഞ്ചരിച്ച വഴികള്‍ അവിശ്വസനീയമാണ്. അതുകൊണ്ട് തന്നെ ഇന്ന് ഓരോ മലയാളികളുടേയും അഭിമാനമായി മാറിയിരിക്കുകയാണ് ഒഴക്കോടി സ്വദേശിയായ ഈ പോലീസ് ഉദ്യോഗസ്ഥന്‍.
'ഞാന്‍ 23.06.2018 തീയ്യതി ഗ്വാളിയറില്‍ വെച്ച് ജീവിതത്തില്‍ വളരെ വേദനാജനകമായ ഒരു സംഭവത്തിന് സാക്ഷി ആകുകയും, തുടര്‍ന്ന് ആ കുടുംബത്തിന്റെ വേദനയില്‍ എന്നാല്‍ ആവുംവിധം ലഘൂകരിക്കുന്നതിന് ശ്രമിച്ചപ്പോള്‍ എന്നെ നേരിട്ട് സഹായിച്ച ഉത്തരേന്ത്യന്‍ മലയാളി ചേട്ടന്മാര്‍ക്കും,ഗ്വാളിയോര്‍ ബിഷപ്പ് അടക്കമുള്ള അച്ഛന്‍ മാര്‍ക്കും സിസ്‌റ്റേഴ്‌സിനും ,എല്ലാസഹായവുമായി വിളിച്ചും ആളെ അയച്ചു എന്നെയും ആകുടുംബത്തെയും സഹായിച്ച കേരളത്തിലെ പലതട്ടുകളിലുള്ള ജനപ്രതിനിധികള്‍ക്കും ഈസമയം വരെ ഞങ്ങളെ കൂടെ നിന്ന് സഹായിച്ച പ്രവീണിനും ഒരായിരം നന്ദികള്‍ അര്‍പ്പിക്കുന്നു,ഞാന്‍ ഇപ്പോള്‍ എന്റെ മോളുടെ പ്രായമുള്ള ഒരു കുഞ്ഞിന്റെ കൈപിടിച്ചു അവളുടെ പപ്പയുട ജീവനറ്റ ശരീരം കാര്‌ഗോയില്‍ ഏല്‍പ്പിച്ച ശേഷം ന്യൂഡല്‍ഹി വിമനത്തവളത്തില്‍ പുറപ്പെടാന്‍ കാത്തിരിക്കുക ആണ്. എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..'
ഇതായിരുന്നു ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ജെയിംസ് പാത്തിക്കുന്നേലെന്ന പോലീസ് ഉദ്യോഗസ്ഥന്‍ രണ്ട് ദിവസം മുമ്പ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ശ്രദ്ധിച്ചവരില്‍ പലരും യഥാര്‍ത്ഥ സംഭവത്തിന്റെ തീവ്രതെയകുറിച്ച് ബോധവാനായിരുന്നില്ല. അതിനിടയില്‍ ഡെല്‍ഹി മലയാളിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അനില്‍ തയ്യില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി എഫ് ബിയില്‍ പോസ്റ്റിട്ടതോടെയാണ് ജെയിംസെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ മനുഷ്യത്വത്തെകുറിച്ച് വ്യക്തത വരുന്നത്.
അനിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് :
നന്മയുടെ നിറകുടം : കേരളാ പോലീസ് എഎസ്‌ഐ ജയിംസ് പി എസ്.
ലക്‌നൗവില്‍ സ്ഥിതി ചെയ്യുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തന്റെ മകള്‍ ഐശ്വര്യയുടെ പ്രവേശനത്തിനു പോയതായിരുന്നു കണ്ണൂര്‍, കരുവഞ്ചാല്‍ സ്വദേശി ബാബു അബ്രഹാം (47 വയസ്സ്). അവിടെ തന്നെ തന്റെ മകളുടെ പ്രവേശ കാര്യത്തിനു വന്ന വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ, ജയിംസിനെ പരിചയപ്പെട്ടത് തികച്ചും യാദ്രുഛികം. ലക്‌നൗവില്‍ നിന്നും തിരികെ ഡല്‍ ഹിയില്‍ എത്തിയ ഇവര്‍ ശനിയാഴ്ച രാവിലെ ഡല്‍ ഹിയില്‍ നിന്നും പുറപ്പെട്ട മംഗള എക്‌സ്‌പ്രെസ്സില്‍ നാട്ടിലേക്ക് തിരിക്കുന്നു. യാത്രാ മധ്യേ ഗ്വാളിയര്‍ സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തിയ ഉടന്‍ അസ്വസ്ഥനായ ബാബു ട്രയിനിന്റെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണ് മരിച്ചു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മകള്‍ പറഞ്ഞതനുസരിച്ച് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയച്ചതിനെ തുടര്‍ന്ന് മുന്‍ മന്ത്രിയും, എം പിയുമായിരുന്ന ശ്രീ കെ സുധാകരന്‍ ഇടപെട്ട് ജില്ലാ കളക്ടര്‍ വഴി സ്‌റ്റേഷന്‍ മാസറ്ററെ ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു. ഗ്വാളിയറിലെ മലയാളി സമാജം പ്രവര്‍ത്തകരും, ഇന്‍ഡോര്‍ രൂപതയിലെ കണ്ണൂര്‍ സ്വദേശി വൈദികന്‍ ഫാ: ജോളിയും ഇടപെട്ട് പെണ്‍കുട്ടിയുടെ സുരക്ഷക്കും വ്യവസ്ഥയുണ്ടാക്കി. ഇതിനിടെ സ്വന്തം മകളെ ട്രയിനില്‍ തനിച്ച് തുടര്‍ യാത്രക്ക് പ്രേരിപ്പിച്ച് ജയിംസ് തന്നിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വത്തിലേക്ക് തിരിയുന്നു. ഉത്തരവാദിത്വം എന്നതിലുപരി മനുഷ്യത്വം എന്നു പറയുന്നതാവും കൂടുതല്‍ ശരി. ശ്രീ കെ സുധാകരന്‍, പ്രതിപക്ഷനേതാവിനെ ബന്ധപ്പെട്ട് ഗ്വാളിയറിലെ മുതിര്‍ന്ന നേതാക്കളും സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന് ഇങ്ക്വ്സ്റ്റ്, എംബാം എന്നിവക്കുള്ള സൗകര്യം ചെയ്തു കൊടുത്തു. ഇന്നലെ ഉച്ചക്ക് ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ഗ്വാളിയറില്‍ നിന്നും തിരിക്കുന്നു. ഒപ്പം ബാബുവിന്റെ മകളും ജയിംസും. യാത്രാ മധ്‌ഹ്യേ ആംബുലന്‍സ് കേടായി, വേറെ ആംബുലന്‍സ് തരപ്പെടുത്തി. ആംബുലന്‍സിന്റെ മുഴുവന്‍ ചിലവുകളും വഹിച്ചത് ശ്രീ രമേശ് ചെന്നിത്തലയുടെ സുഹ്രുത്ത് കൂടിയായ ഗ്വാളിയറിലെ കോണ്‍ഗ്രസ്സ് നേതാവ്. ഇതിനിടെ ശ്രീ കെ സുധാകരന്റെ നിര്‍ദ്ദേശാനുസരണം ഞാനും എന്റെ സുഹ്രുത്തുക്കളായ ബിജു മോനിപ്പള്ളില്‍, അജയ് അനന്ത കുമാര്‍ എന്നിവരോടൊന്നിച്ച് ഡല്‍ ഹി വിമാനത്താവളത്തിലെ കാര്‍ഗ്ഗോ സെക്ഷനില്‍ എത്തി ആംബുലന്‍സിനെ കാത്തിരുന്നു. രാത്രി ഒന്‍പതു മണിയോടെ എത്തിയ ആംബുലന്‍സില്‍ നിന്നും മൃതദേഹം സീകരിച്ച് പുലര്‍ച്ചെ അഞ്ചു മണിക്കുള്ള കൊച്ചി വിമാനത്തില്‍ അയക്കാനുള്ള എല്ലാ രേഖകളും തയ്യാറാക്കി നല്‍കി. ഇതിനു സഹായിച്ച എയര്‍ ഇന്‍ഡ്യാ കാര്‍ഗോ മാനേജര്‍ ശ്രീ രാജഗോപാല്‍ എന്നയാളൊടും നന്ദി അറിയിക്കുന്നു. മൃതദേഹം കോണ്ടുപോകുന്നതിനുള്ള തുക ഞങള്‍ കൊടുക്കാമെന്ന് പറഞ്ഞപ്പോഴും അത് നിരസിച്ച് ജയിംസ് സ്വന്തം കയില്‍ നിന്നും പണമടച്ചു. തുടര്‍ന്ന് ഫാ ജോളി ബാബുവിന്റെ മകള്‍ക്കും ജയിംസിനുമുള്ള ഡല്‍ ഹി കൊച്ചി ടിക്കറ്റുക്കള്‍ ഏര്‍പ്പാടാക്കി. ഇതിനിട ഞങ്ങളെ സഹായിക്കാനെത്തിയ മാര്‍ക്കറ്റിംഗ് ഫെഡ് മാനേജര്‍ ശ്രീ മണിയെയും നന്ദിയോടെ ഓര്‍ക്കുന്നു. ഹിന്ദി ഭാഷ അറിയാത്തതിനാല്‍ ജയിംസിനെ സഹായിക്കാന്‍ ട്രയിനില്‍ നിന്നും യാത്ര മുടക്കി ആംബുലന്‍സിനൊപ്പം ഡല്‍ ഹിയിലേക്ക് വന്ന പേരറിയാത്ത തിരുവനന്തപുരം സ്വദേശി ആര്‍മ്മി ജവാനെയും നന്ദിയോടെ സ്മരിക്കുന്നു. എല്ലാ നടപടികളും പൂര്‍ത്തിയാക്കി രാത്രി പന്ത്രണ്ടു മണിക്ക് ജയിംസിനേയും ബാബുവിന്റെ മകള്‍ ഐശ്വര്യയെയും ന്യൂഡല്‍ ഹി വിമാനത്താവളത്തിനുള്ളില്‍ എത്തിച്ച് യാത്ര പറയുംബോള്‍ മനസ്സ് പറഞ്ഞു; മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല. ജയിംസിനേപ്പോലെയും ആ ജവാനെപ്പോലെയുമുള്ള മാലാഖമാര്‍ ഇനിയും നമ്മുടെ ഇടയിലുണ്ട്.
ഈ പോസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പലകാര്യങ്ങളും ജെയിംസ് ഓപ്പണ്‍ ന്യൂസറോട് പങ്കുവെച്ചിരുന്നു. സ്വന്തം മകളെ യാത്ര തുടരാന്‍ അനുവദിച്ച ശേഷം മറ്റൊരു 'മകള്‍ക്കു' വേണ്ടി ഓടിപ്പാഞ്ഞതും, അവളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളും..അതിനിടയില്‍ മൃതദേഹം കേരളത്തിലേക്കെത്തിക്കാനുള്ള നടപടി ക്രമങ്ങളും, ഭാഷയുടെ പ്രശ്‌നവും, എല്ലാവരെയും ബന്ധപ്പെടാനായി ആകെയുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ചാര്‍ജ്ജ് തീര്‍ന്ന അവസ്ഥയും, മൃതദേഹവുമായി പോകുന്ന വഴി ആംബുലന്‍സ് കേടായതും, പിന്നീട് വേറെ ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിയതും, അവിടെ വെച്ച് വിമാനം മാറേണ്ടി വന്നതും...അങ്ങനെയങ്ങനെ നിരവധി കടുത്ത പരിക്ഷണങ്ങള്‍ക്ക് ശേഷം...ഇന്ന് തലപ്പുഴയിലെ വീട്ടിലെത്തി വിശ്രമിക്കുന്നത് വരെയുള്ള കാര്യങ്ങള്‍...
ശരിയാണ് സര്‍..കേരളം അങ്ങയെ നമിക്കുന്നു..പോലീസെന്നാല്‍ പുച്ഛത്തോടെ തള്ളുന്ന ചിലര്‍ക്കെങ്കിലും കാക്കിക്കുള്ളിലെ നന്മ കാണിച്ചുകൊടുത്തതിന്..അതിലുപരി, ആരുമല്ലാത്ത ഒരാളുടെ കുടുംബത്തിന് നിര്‍ണ്ണായക സമയത്ത് നെടുന്തൂണാകാന്‍ സാധിച്ചതിന്....സല്യൂട്ട്..!
റിപ്പോര്‍ട്ട് സജയന്‍ കെഎസ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍