കാലവര്‍ഷം കലിതുള്ളി പ്രളയത്തില്‍ മുങ്ങി വയനാട് ; ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍
കല്‍പ്പറ്റ:മഴക്കുറവിന്റെ കണക്കുതീര്‍ത്ത് കലിതുള്ളി പെയ്ത മഴയില്‍ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ പ്രളയത്തില്‍ മുങ്ങി.മണ്ണിടിഞ്ഞും,മരങ്ങള്‍ വീണും ചുരം റോഡുകളെല്ലാം തടസപ്പെടുകയും ചെയ്തതോടെ വയനാട് അന്യജില്ലകളില്‍ നിന്ന് ഒറ്റപ്പെടുകയും ചെയ്തു. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. വീടുകള്‍ തകര്‍ന്നും വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയും വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചും മരങ്ങളൊടിഞ്ഞുവീണും കോടിയോളം രൂപയുടെ നാശനഷ്ടമാണ് ജില്ലയുണ്ടായത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും പാടശേഖരങ്ങളും വെളളത്തില്‍ മൂടി. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ അധികൃതര്‍ ഊണും ഉറക്കവുമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിലാണ്. പല സ്ഥലങ്ങളിലും റോഡുകള്‍ വെള്ളത്തിലായി.
കബനി നദിയുടെ ഭാഗമായ പനമരം പുഴ ഭീതിദമായ വിധം കരകവിഞ്ഞൊഴുകുകയാണ്.പനമരം കേണിച്ചിറ റോഡിലെ മാത്തൂര്‍ വയലില്‍ വെള്ളം കയറി.കോട്ടത്തറ, കുറുമണി ഭാഗങ്ങള്‍ വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെട്ടു. കരാപ്പുഴ ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ പനമരം പുഴയിലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിച്ചു. മാത്തൂര്‍വയല്‍ റോഡ് വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയേറി. വൈത്തിരി തളിപ്പുഴയിലെ അസീസിന്റെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു. വീടിനുള്ളില്‍ കുടുങ്ങിപോയ അസീസ്, ഭാര്യ ആയിഷ എന്നിവരെ രക്ഷപെടുത്തി. കുറ്റിയാടി റോഡില്‍ കുഞ്ഞോം എ.എല്‍.പി. സ്‌കൂളിനു സമീപം റോഡില്‍ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ബോയ്‌സ്ടൗണ്‍ പാല്‍ച്ചുരം റോഡില്‍ പാല്‍ച്ചുരം പള്ളിയുടെ മതില്‍ റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായി. പിന്നീട് ചെറിയ വാഹനങ്ങള്‍ കടന്നുപോന്നുവെങ്കിലും ഏതുസമയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാമെന്ന ഭീതിയില്‍ വാഹനഗതാഗതം പാടെ നിലക്കുകയായിരുന്നു. താമരശേരി ചുരത്തില്‍ ചിപ്പലിത്തോടിനു സമീപം 29ാം മൈലില്‍ ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. മഴവെള്ളപ്പാച്ചില്‍ കാരണം മണ്ണിടിച്ച് ചുരം റോഡിനടിയില്‍ ഗര്‍ത്തം രൂപപ്പെട്ട് അതിലൂടെയാണ് വെള്ളം താഴേക്ക് ഒഴുകുന്നത്. ചുരം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇതിലൂടെ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.ചെറിയ വാഹനങ്ങള്‍ ഇതിലൂടെ വന്നാല്‍ ഏതുസമയവും റോഡ് പൂര്‍ണമായും ഇടിയാം. കോഴിക്കോട് വയനാട് റോഡില്‍ കൊടുവള്ളി നെല്ലാങ്കണ്ടി, കൈതപ്പൊയില്‍, ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളിലെല്ലാം വെളളപ്പൊക്കമുണ്ടായി.
വയനാട്ടിലേക്കുള്ള മറ്റൊരു പ്രവേശന മാര്‍ഗമായ കുറ്റിയാടി പക്രന്തളംചുരംനിരവില്‍പുഴ റോഡിലും ഗതാഗതം തടസപ്പെട്ടു. ഈ റൂട്ടില്‍ ചീപ്പാട് ഭാഗത്ത് വെള്ളം കയറിയതിനാല്‍ വലിയ വാഹനങ്ങള്‍ മാത്രമാണ് ആദ്യം കടന്നുപോന്നത്. പിന്നീട് ഗതാഗതം പാടെ നിലച്ചു. പക്രന്തളം ചുരത്തില്‍ ഇടക്കിടക്ക് മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. കോഴിക്കോട് മേപ്പാടിഊട്ടി റോഡില്‍ കാപ്പംകൊല്ലി ലക്ഷം വീടിന് സമീപം വന്‍മരങ്ങള്‍ കടപുഴക്കിക്കൊണ്ട് മണ്ണിടിച്ചിലുണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം സ്തംഭിച്ചു. മണ്ണും മരങ്ങളും റോഡിലേക്കാണ് പതിച്ചത്.
റിസര്‍വോയറിലേക്ക് ക്രമാതീതമായി വെള്ളം കുതിച്ചെത്തിയതോടെ കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു. വെള്ളമുണ്ട വാളാരംകുന്നില്‍ മുന്‍ പഞ്ചായത്ത് അംഗം ചന്ദ്രന്റെ വീടിനു സമീപത്ത് ചെറിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. മുന്‍കരുതലായി ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചു. പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയില്‍ വെള്ളംകയറി. വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 25 ഓളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ചു. പിന്നീട് സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്ഥലത്തെത്തി ആദിവാസികളുമായി സംസാരിച്ചു. മൂന്നുമാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് സബ് കലക്ടര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറി. വര്‍ഷാവര്‍ഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനല്ലാതെ സ്ഥിരം അടിസ്ഥാനത്തില്‍ ഇവരുടെ പുനരധിവാസത്തിന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. കബനിനദിയില്‍ ജലനിരപ്പ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വേണ്ടി വന്നാല്‍ ബലപ്രയോഗത്തിലൂടെയാണെങ്കിലും പാളക്കൊല്ലി കോളനിക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ റവന്യൂ അധികൃതര്‍ പോലീസിന്റെ സഹായം തേടിയിരുന്നു. മുട്ടില്‍ നെന്‌മേനിയിലെ 40 ഓളം കുടുംബങ്ങളെയും അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കല്ലൂര്‍ കാക്കത്തോട് കോളനിയിലെ കുടുംബങ്ങളെ പോലീസും ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും ചേര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ബുധനാഴ്ച രാത്രി 10 മണിയോടെ തുടങ്ങി 15 മണിക്കൂറോളം തകര്‍ത്തു പെയ്ത മഴയില്‍ മുമ്പില്‍ വൈത്തിരി താലൂക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈത്തിരി താലൂക്കില്‍ പെയ്തത് 152 മില്ലീമീറ്റര്‍ (എം.എം.) മഴയാണ്. മാനന്തവാടിയില്‍ 109.2 ഉം ബത്തേരിയില്‍ 83.6 എം.എം. മഴയും ലഭിച്ചു. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ മഴക്ക് തെല്ല് ശമനമുണ്ടായപ്പോഴും ഒരു കാലത്ത് കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന വൈത്തിരി, ലക്കിടി ഭാഗങ്ങളില്‍ മഴ തകര്‍ത്തു പെയ്യുകയായിരുന്നു. 1998 മുതലുള്ള മഴകണക്കുകള്‍ പ്രകാരം ജൂണില്‍ വയനാട്ടില്‍ ലഭിക്കേണ്ട ശരാശരി മഴ 420 മുതല്‍ 430 എം.എം. വരെയാണ്. ഇപ്രാവശ്യം ജൂണ്‍ 14 ആയപ്പോഴേക്കും വയനാട്ടില്‍ മൊത്തത്തില്‍ 620.21 എം.എം. മഴയാണ് ലഭിച്ചത്. ജൂണ്‍ തീരാന്‍ ഇനിയും 15 ദിവസം ശേഷിക്കെ ഇത്തവണ റെക്കാഡ് മഴ വയനാട്ടില്‍ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതേ സമയം ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയേറുകയും ചെയ്തു. ഏകദേശം എട്ടുവര്‍ഷത്തിനുശേഷമുള്ള കനത്ത വെള്ളപ്പൊക്കകെടുതിയാണ് ഇത്തവണ വയനാട്ടിലുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കാലവര്‍ഷം തുലോംദുര്‍ബലമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മഴയുടെ ശക്തി കുറഞ്ഞതോടെയാണ് പ്രളയകെടുതി, പ്രകൃതി ദുരന്ത ഭീതികള്‍ക്ക് തെല്ല് അയവ് വന്നത്. 20ലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി 401 കുടുംബങ്ങളാണ് കഴിയുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms