അനര്‍ഹമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചടയ്ക്കണം; കണിയാമ്പറ്റയില്‍ ദമ്പതികള്‍ക്ക് നോട്ടീസ്
വയനാട്: അനര്‍ഹമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ തുകയായ 3,76,800 രൂപ 18 ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കാന്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നിര്‍ദേശം നല്‍കി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു ജേക്കബിന്റെ മാതാപിതാക്കളായ അരിമുള സ്വദേശികളായ ചാക്കോ കരിക്കാട്ട്, ഭാര്യ ജയമ്മ ചാക്കോ എന്നിവര്‍ക്കാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്.ഇരുവരും 1,88,400 രൂപ വീതം പെന്‍ഷന്‍ ഇനത്തില്‍ അനര്‍ഹമായി കൈപ്പറ്റിയെന്നാണ് പരാതി. 2015 ഏപ്രില്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി.
കല്‍പ്പറ്റയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി ജൂലൈ ആറിന് പഞ്ചായത്തിന് കൈമാറുകയായിരുന്നു. ബിനു ജേക്കബ് വാര്‍ഡ് മെമ്പറായും പിന്നീട് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മാതാപിതാക്കള്‍ പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് പരാതിയിലെ ആരോപണം.
ഒക്ടോബര്‍ പത്തിന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍, വിശദീകരണം നല്‍കാന്‍ അവസരം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നോട്ടീസ് നല്‍കിയത്. ജൂലൈ 24ന് നടന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും എത്തിയിരുന്നില്ല.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം തുക കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലുള്ള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം.
അനര്‍ഹരായ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്ത തുക തിരിച്ചുപിടിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് നടപടി. പെന്‍ഷന്‍ തുക 2,000 രൂപയായി ഉയര്‍ത്തുന്നതിന് മുമ്പ് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1,600 രൂപയായിരുന്നു ലഭിച്ചിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
