ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതി; പോലീസുകാരനെതിരെ കേസ്; പോലീസുകാരന്റെ പരാതിയില്‍ ഭാര്യാപിതാവിനെതിരെയും കേസ്
മാനന്തവാടി: ഭാര്യാപിതാവിനെ മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. കമ്മനയിലെ ഐക്കരക്കുടി റെജി ജേക്കബിനാണ് (55) പരിക്കേറ്റത്. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കല്‍പ്പറ്റ കണ്ട്രോള് റൂമിലെ പോലീസുകാരനായ അഭിജിത്ത് പോളിനെതിരെയാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച കമ്മന താബോര്‍ പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. അഭിജിത്തിന്റെ വിവാഹമോചന കേസ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കോടതി ഉത്തരവ് പ്രകാരം കുട്ടിയെ കൈമാറുന്നതിനായി എത്തിയപ്പോള്‍ സമയ നിഷ്ട പാലിച്ചില്ലെന്നാരോപിച്ചാണ് റെജിക്ക് മര്‍ദനമേറ്റതെന്നാണ് പരാതി.അതേസമയം, അഭിജിത്ത് പോളിന്റെ പരാതിയില്‍ റെജിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതി ഉത്തരവിനെ പോലും വില കല്‍പ്പിക്കാതെയും, മകളെ കൈമാറാന്‍ കൂട്ടാക്കാതെ തന്നെ വിളിച്ചു വരുത്തി അസഭ്യം പറഞ്ഞ് മര്‍ദിച്ചതായാണ് അഭിജിത്തിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പോലീസ് മേധാവിക്ക് മാനന്തവാടി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
