വിദേശ പഴവര്ഗ കൃഷി കാര്ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
കല്പ്പറ്റ: വിദേശ പഴവര്ഗ കൃഷി (എക്സോട്ടിക് ഫ്രൂട്ട്സ്) നൂതന കാര്ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കുമെന്നും കാര്ഷിക മേഖലയെ ഉയര്ത്തിക്കൊണ്ടുവരാന് സഹായകരമാകുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സംസ്ഥാന കൃഷിവകുപ്പ്, കേര, വയനാട് ഹില്സ് ഫാം പ്രൊഡ്യൂസര് കമ്പനി സംയുക്തമായി കളക്ടറേറ്റ് എ.പി.ജെ ഹാളില് സംഘടിപ്പിച്ച വിദേശ പഴവര്ഗ്ഗ കൃഷി വികസന ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിലെ അമൂല്യമായ കാര്ഷിക വിളകള്, പഴങ്ങള് തദ്ദേശീയമായി കൃഷി ചെയ്ത് വിജയിച്ച നിരവധി കര്ഷകരുണ്ട്. സംസ്ഥാനത്ത് ഇത്തരം ഫലങ്ങള് കൃഷി ചെയ്ത് ഗുണനിലവാരവും ഉപയോഗ യോഗ്യതയും വര്ദ്ധിപ്പിച്ച് അന്താരാഷ്ട്ര വിപണികളില് സ്ഥാനം നേടിയെടുക്കാന് നമുക്ക് കഴിയുമെന്നും അതിനായി കൃത്യമായ പ്രവര്ത്തനരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മറ്റു കാര്ഷിക വിളകളോടൊപ്പം വിദേശ പഴവര്ഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കാന് വിവിധ ക്ലസ്റ്ററുകളും കര്ഷക ഉത്പാദക സംഘടനകളും കമ്പനികളുമായി മുന്നോട്ട് പോകണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. കര്ഷകര്ക്ക് കൃത്യമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കാന് വിദഗ്ധ കമ്മിറ്റി രൂപികരിച്ച് ആവശ്യമായ സാമ്പത്തിക സഹായം, അനുബന്ധ സൗകര്യങ്ങള് ഉറപ്പാക്കും. കാര്ഷിക വിളകളില് കാണപ്പെടുന്ന രോഗകീട നിയന്ത്രണങ്ങള്തടയാന് സംവിധാനങ്ങള് ഒരുക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില് എല്ലാ സജ്ജീകരണങ്ങളുള്ള പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ കാര്ഷിക മേഖലയിലേക്ക് ഇടവിളകള്, മറ്റ് കൃഷികള് പരിചയപ്പെടുത്തും. കൃഷി ചെയ്യുന്നത് ലാഭകരമല്ലാത്തതിനാല് ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റുകളില് കൃഷി ചെയ്യാനുള്ള പുതിയ സമീപനം സര്ക്കാര് സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തിലായിരിക്കുന്ന എസ്റ്റേറ്റുകള് ലാഭകരമാക്കി മാറ്റും. പരിപാലിക്കപ്പെടാത്ത എസ്റ്റേറ്റുകളാണ് വന്യമൃഗങ്ങളുടെ വിശ്രമകേന്ദ്രങ്ങളായി മാറുന്നത്, ഇത്തരം സന്ദര്ഭങ്ങള് ഒഴിവാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ നടീല് വസ്തുക്കള് വികസിപ്പിച്ചെടുക്കുക സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില് ആറ് മാസത്തിനകം കയറ്റുമതിക്കാരെ കേരളത്തില് എത്തിച്ച് എക്സ്പോര്ട്ടേഴ്സ് മീറ്റ് സംഘടിപ്പിച്ച് കര്ഷകരുമായി ബി ടു ബി കൂടിക്കാഴ്ച്ചയും ധാരണാപത്രം ഒപ്പുവെക്കലും ഉള്പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എ.പി.ജെ ഹാളില് നടന്ന പരിപാടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷയായി. കൃഷി വകുപ്പ് അഡീഷണല് ഡയറക്ടര് എ. സുരേന്ദ്രന്, പ്രിന്സിപ്പല് കൃഷി ഓഫീസര് ബി.ജി സീമ, ഡബ്ല്യു.എച്ച്.എഫ്.പി.സി.എല്. ചെയര്മാന് എം.ആര് സുനില്കുമാര്, കേര ടെക്നിക്കല് ഓഫീസര് എം.എസ്. പ്രമോദ് എന്നിവര് സംസാരിച്ചു.
കൃഷി സാധ്യതകള് ചര്ച്ച ചെയ്ത് യോഗം
കൃഷിവകുപ്പ്, കേര, വയനാട് ഹില്സ് ഫാം പ്രൊഡ്യൂസര് കമ്പനിയും സംയുക്തമായി വിദേശ പഴവര്ഗ്ഗ കൃഷി വികസനവുമായി ബന്ധപ്പെട്ട നടത്തിയ ആശയരൂപീകരണ യോഗം ശ്രദ്ധേയമായി. വിദേശ പഴവര്ഗ കൃഷി, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, വിതരണ ശൃംഖല, വിപണന സാധ്യതകള് എന്നിവയില് ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചര്ച്ച. വിദേശ പഴവര്ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോള വിപണിയില് കൂടുതല് അവസരങ്ങള് കണ്ടെത്തി കര്ഷകരുടെ വരുമാനം വര്ധിപ്പിക്കാനുള്ള സാധ്യതകള് പരിപാടിയില് ചര്ച്ച ചെയ്തു. കാപ്പി, കുരുമുളക് എന്നിവയ്ക്കൊപ്പം വിദേശ പഴവര്ഗങ്ങള് ഇടവിളയായി കൃഷി ചെയ്യല്, വിദേശ പഴവര്ഗ വ്യാപാരത്തിന് ആഗോള വിപണിയില് ഇടം നേടല് ഉള്പ്പെടെ വിവിധ വിഷയങ്ങളില് പ്രമുഖര് ക്ലാസുകള് നയിച്ചു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഡ്രാഗണ് ഫ്രൂട്ട്, അവക്കാഡോ, പാഷന് ഫ്രൂട്ട്, റാംബുട്ടാന്, മാങ്കോസ്റ്റിന്, സ്ട്രോബെറി തുടങ്ങിയ വിദേശ പഴവര്ഗങ്ങളുടെ കൃഷി വ്യാപിപ്പിക്കാനുള്ള സാധ്യതകളും തിരഞ്ഞെടുത്ത പഴവര്ഗങ്ങളുടെ സംഭരണ കാലാവധി വര്ധിപ്പിക്കാനുള്ള നൂതന സാങ്കേതിക വിദ്യകള്, ജൈവകീടനാശിനി പ്രയോഗം എന്നിവ യോഗം ചര്ച്ച ചെയ്തു. ഡോ. ജി കരുണാകരന്, ഡോ. പ്രസന്ന വാസു, എം.എസ് പ്രമോദ്, വിനോദ് കുമാര്, ഡോ. കെ എസ് മുരളി, റൂബി ജാനെറ്റ് ജോണ്, ഡോ. വി.കെ സജീഷ്, ഡോ.രാമാനന്ദ് ഗാര്ഗ്, എം.സി സജി, ഡോ. രാധാകൃഷ്ണന്, ജെയ്മി സജി തുടങ്ങിയവര് ക്ലസുകള്ക്ക് നേതൃത്വം നല്കി. കൃഷി അഡിഷണല് ഡയറക്ടര്മാര്, പ്രിന്സിപ്പല് കൃഷി ഓഫീസര്മാര്, സംസ്ഥാന ഹോര്ട്ടിക്കള്ച്ചര് മിഷന് പ്രതിനിധികള്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്മാര്, അസിസ്റ്റന്റ് ഡയറക്ടര്, കൃഷി ഓഫീസര്മാര്, ജനപ്രതിനിധികള്, കര്ഷകര് എന്നിവര് പങ്കെടുത്തു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
