പത്മശ്രീ ചെറുവയല് രാമന്റെ നിര്യാണത്തില് സിപിഐ അനുശോചിച്ചു
കല്പ്പറ്റ: കേരളത്തിന്റെ തനതായ നാടന് നെല്വിത്തിനങ്ങള് കാലത്തിന്റെ മറവിലേക്ക് മാഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുകയും, ജീവിതാവസാനം വരെ കൃഷിക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും, പാടശേഖരത്തെ മാതൃതുല്യമായി കാണുകയും ചെയ്ത പത്മശ്രീ ചെറുവയല് രാമന്റെ നിര്യാണത്തില് സിപിഐ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വയനാടിന്റെ കാര്ഷിക സംസ്കാരത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ജീവിക്കുന്ന പ്രതീകമായിരുന്നു ചെറുവയല് രാമന്. കമ്മനയിലെ ചെറിയ പാടത്ത് അമ്പതിലധികം അപൂര്വ്വ നാടന് നെല്ലിനങ്ങള് സംരക്ഷിച്ച്, കോര്പ്പറേറ്റ് കൃഷിക്കും രാസകൃഷിക്കും മുന്നില് പരമ്പരാഗത കൃഷിയുടെ മഹത്വം അദ്ദേഹം അടയാളപ്പെടുത്തി. ലാഭത്തിനപ്പുറം വരുംതലമുറയ്ക്ക് വേണ്ടി വിത്ത് കാത്തുവെക്കുക എന്ന ഉദാത്തമായ കാഴ്ചപ്പാട് കേരളത്തിലെ മുഴുവന് കര്ഷകര്ക്കും പ്രചോദനമാണ്. അദ്ദേഹത്തിന്റെ വേര്പാട് കേരളത്തിന്റെ കാര്ഷിക മേഖലയ്ക്കും, പ്രത്യേകിച്ച് വയനാട് ജില്ലയ്ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. കുടുംബാംഗങ്ങളുടെയും കര്ഷക സമൂഹത്തിന്റെയും ദുഃഖത്തില് പങ്കുചേരുന്നതായും കമ്മിറ്റി അറിയിച്ചു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
