ആധാര് പുതുക്കലിന് പ്രത്യേക ക്യാമ്പുകള് നടത്തും: വയനാട് ജില്ലാ കളക്ടര്
കല്പ്പറ്റ: കുട്ടികളുടെ നിര്ബന്ധിത ആധാര് പുതുക്കല്, ഗോത്രമേഖലയില് ആധാര് കാര്ഡ് ലഭ്യമാക്കല് ഉള്പ്പെടെയുള്ള സേവനങ്ങള് ഉറപ്പാക്കുന്നതിന് വയനാട് ജില്ലയില് പ്രത്യേക ക്യാമ്പുകള് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര് വി. ചെല്സാസിനി പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് ജില്ലാതല ആധാര് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്.
സ്കൂളുകള്, അങ്കണവാടികള്, ഉന്നതികള് കേന്ദ്രീകരിച്ച് പ്രത്യേക ആധാര് ക്യാമ്പുകള് സംഘടിപ്പിച്ച് എല്ലാവര്ക്കും ആധാര് കാര്ഡുകള് ഉറപ്പാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ആധാര് പുതുക്കലിന് രക്ഷിതാക്കള് ക്യാമ്പുകള് ഉപയോഗപ്പെടുത്തണമെന്ന് കളക്ടര് അഭ്യര്ത്ഥിച്ചു. ക്യാമ്പുകളില് പങ്കെടുക്കാന് സാധിക്കാത്തവര്ക്ക് അക്ഷയ കേന്ദ്രങ്ങള് സന്ദര്ശിച്ചും നടപടികള് പൂര്ത്തിയാക്കാം.
നിര്ബന്ധിത അപ്ഡേഷന് ചെയ്യേണ്ട പ്രായപരിധി കഴിഞ്ഞ കുട്ടികള്ക്ക് ഭാവിയില് ഔദ്യോഗിക ആവശ്യങ്ങള്ക്കും സേവനങ്ങള്ക്കും തടസ്സങ്ങള് ഉണ്ടാകാതിരിക്കാന് എത്രയും പെട്ടെന്ന് ബയോമെട്രിക് അപ്ഡേഷനുകള് പൂര്ത്തിയാക്കണം. ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള് ലഭ്യമാക്കാന് കളക്ടറേറ്റിന് എതിര്വശം ആധാര് സേവാ കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളില് പ്രവര്ത്തനമാരംഭിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥര് യോഗത്തില് അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 1947 എന്ന ടോള് ഫ്രീ നമ്പറിലും ബന്ധപ്പെടാം.
യുഐഡിഎഐ അസിസ്റ്റന്റ് മാനേജര് പി.എ ആസിഫ്, കെഎസ്ഐടിഎം ഡിപിഎം എസ് നിവേദ്, ഉദ്യോഗസ്ഥര് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
