മാനന്തവാടി ക്ലബ്ബ്കുന്ന് റോഡിലെ യാത്രാദുരിതത്തിന് പരിഹാരം; ഫുട്പാത്ത് കയ്യേറിയുള്ള കച്ചവടവും, വിശ്രമകേന്ദ്രവും മാറ്റി
മാനന്തവാടി: മാനന്തവാടി ഗാന്ധി പാര്‍ക്ക് ക്ലബ്ബ് കുന്ന് റോഡ് പരിസരത്ത് യാത്രക്കാരും വാഹനങ്ങളും നേരിട്ടിരുന്ന രൂക്ഷമായ യാത്രാതടസ്സത്തിന് മാനന്തവാടി നഗരസഭയുടെ ഇടപെടലിലൂടെ പരിഹാരം. നടപ്പാത കൈയേറിയുള്ള വഴിയോരക്കച്ചവടവും ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രവും കാരണമായിരുന്നു പ്രദേശത്ത് ഏറെക്കാലമായി ഗതാഗതക്കുരുക്കും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നത്.പ്രശ്‌നപരിഹാരത്തിനായി നഗരസഭാധികൃതര്‍ ചുമട്ടുതൊഴിലാളികളും ബന്ധപ്പെട്ട മറ്റുള്ളവരുമായി ചര്‍ച്ച നടത്തുകയും, വിശ്രമകേന്ദ്രം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത മറ്റൊരു സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.
നഗരസഭയുടെ ഈ നടപടിയെ തൊഴിലാളികളും പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തു.യാത്രാതടസ്സം പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈ റോഡില്‍ പുതിയ വണ്‍വേ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗാന്ധി പാര്‍ക്ക് പരിസരത്തുനിന്നുവരുന്ന വാഹനങ്ങള്‍ ഈ റോഡിലൂടെ പ്രവേശിച്ച് തവിഞ്ഞാല്‍ റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ഗതാഗത ക്രമീകരണം. നഗരസഭ നടപ്പിലാക്കുന്ന പുതിയ നിയമങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് നഗരസഭ അധ്യക്ഷന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ക്ലബ്ബ്കുന്ന് റോഡിലെ ദീര്‍ഘകാലത്തെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും യാത്രക്കാരും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
