ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
കല്‍പ്പറ്റ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകളും സംയുമായി സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഓഗസ്റ്റ് 24 ന് തുടക്കമാവും. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 30 വരെ വിവിധ പരിപാടികള്‍ നടക്കും. വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓഗസ്റ്റ് 24 ന് രാവിലെ 11 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് നിര്‍വഹിക്കും. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, വിവിധ ടൂറിസം ഓര്‍ഗനൈസേഷനുകള്‍, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തദ്ദേശീയരുടെ സഹകരണത്തോടെ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
ഓഗസ്റ്റ് 23 ന് പൂക്കോട് തടാകം പരിസരത്ത് രാവിലെ ഏഴിന് ഓണം വിളംബര സൈക്കിള്‍ റൈഡും രാവിലെ എട്ടിന് ഓണം വിളംബര ബുള്ളറ്റ് റൈഡും നടക്കും. കുന്നമ്പറ്റ മിനിസ്‌റ്റേഡിയത്തില്‍ രാവിലെ 10 ന് ഓണം വിളംബര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കും.
ഓഗസ്റ്റ് 24 ന് രാവിലെ ഏഴിന് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് താലൂക്ക്തല പൂക്കള മത്സരവും രാവിലെ ഒന്‍പതിന് മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു.പി സ്‌കൂളില്‍ മാനന്തവാടി താലൂക്ക്തല പൂക്കളം മത്സരവും വടംവലിയും നടക്കും. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ ഒന്‍പതിന് മെഗാ തിരുവാതിരയും താലൂക്ക്തല പൂക്കള മത്സരവും നടക്കും. രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസ് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെ ഓണം വിളംബര സാംസ്‌കാരിക ഘോഷയാത്ര നടക്കും. രാവിലെ 11 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണര്‍വ് നാടന്‍ കലാസമിതി അവതരിപ്പിക്കുന്ന പകര്‍നാട്ടം അരങ്ങേറും. വൈകിട്ട് മൂന്നിന് താലൂക്ക്തല വടംവലി, അഞ്ചിന് മെഗാ മ്യൂസിക്കല്‍ ഇവന്റ് എന്നിവ നടക്കും.
ഓഗസ്റ്റ് 25 ന് രാവിലെ എട്ടിന് അമ്പലവയല്‍ ചീങ്ങേരി മലയില്‍ മാവേലിയോടൊപ്പം മലകയറ്റം പരിപാടി നടക്കും. രാവിലെ 11 ന് ഇരുളം ഗവ ഹൈസ്‌കൂളില്‍ 25000 ചതുരശ്ര മീറ്റര്‍ വിസ്ത്രിതില്‍ ഓണം മെഗാ പൂക്കളം തീര്‍ക്കും.
ഓഗസ്റ്റ് 28 ന് ജില്ലാ വടംവലി അസോസിയേഷന്റെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കും. ഓഗസ്റ്റ് 29 ന് രാവിലെ ഒന്‍പതിന് കര്‍ലാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് മത്സരവും ചുള്ളിയോട് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിന് ജില്ലാതല കൈകൊട്ടിക്കളി മത്സരം, മെഗാ തിരുവാതിരയും നടക്കും.
ഓഗസ്റ്റ് 29 ന് കുറുവാ ദ്വീപ് പരിസരത്ത് രാവിലെ 10 ന് ജില്ലാതല മഡ് ഫുട്‌ബോള്‍ മത്സരം നടക്കും. 12.30 ന് ഓണസദ്യയും ഉച്ചയ്ക്ക് രണ്ടിന് വിവിധ പ്രാദേശിക മത്സരങ്ങളും നടക്കും. വൈകിട്ട് അഞ്ചിന് മാനന്തവാടി താലൂക്ക്തല പരിപാടികളുടെ സമാപന ഉദ്ഘാടനം എം.എല്‍.എ ഉഷ വിജയന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനവും ഉണ്ടാവും.
ഓഗസ്റ്റ് 30 ന് അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ ഓണപരിപാടികളുടെ സമാപനം, സാംസ്‌കാരിക ഘോഷയാത്ര, ജില്ലാതല സമാപന ഉദ്ഘാടനം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
