വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
കല്‍പ്പറ്റ: വയനാട് ജില്ലയിലെ അനധികൃത സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും. ഓപ്പറേഷന്‍ സ്‌കാന്‍ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിലൂടെ ജില്ലയിലുടനീളം പരിശോധനകള്‍ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. തദ്ദേശസ്വയംഭരണ വകുപ്പ്, സംസ്ഥാന ഐ.ടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ അക്ഷയ കേന്ദ്രങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അക്ഷയ കേന്ദ്രമെന്ന വ്യാജേന ഇതര സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ അക്ഷയക്ക് സമാനമായ പേര്, കളര്‍ കോഡ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. മറ്റ് സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ അക്ഷയക്ക് സമാനമായ പേരും കളര്‍ കോഡും എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരുവുകള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച ലൈസന്‍സ് പ്രകാരമല്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ കണ്ടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന കര്‍ശന നടപടി സ്വീകരിക്കാനാണ് ഓപ്പറേഷന്‍ സ്‌കാന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിനല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗവ സിറ്റിസണ്‍ കോള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 155300/0471 2335523. ഓപ്പറേഷന്‍ സ്‌കാനിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. സബ് കളക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം കെ അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, കേരള സംസ്ഥാന ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് നിവേദ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
