ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങള്‍ക്കായി കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാന്‍ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കല്‍, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത ബാധിതര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സര്‍ക്കാറും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കി വരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകള്‍ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തില്‍ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തില്‍ കൂടിയാലോചിച്ച് ഉപജീവന മാര്‍ഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് ഡോപ്‌ളര്‍ റഡാര്‍ ഡിസംബറോടെ പ്രവര്‍ത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയില്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന ദുരന്തങ്ങള്‍ ഫലപ്രദമായി തടയാനുള്ള മാസ്റ്റര്‍ പ്ലാനുമായി ജില്ലാഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയില്‍ അധ്യക്ഷനായ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍ കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ജാസര്‍ പാലക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ശിഹാബ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, എ.ഡി.എം.സി കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ പി ഹുദൈഫ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
