അനുകൂല തെളിവുകള്‍ പരിഗണിച്ചില്ല; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും: എം. ഗീതാനന്ദന്‍
കല്‍പ്പറ്റ: മുത്തങ്ങ സമരത്തിനിടെ പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവും കേസിലെ ഒന്നാം പ്രതിയുമായ എം. ഗീതാനന്ദന്‍. തങ്ങള്‍ നാലുപേരെയും ഈ കേസില്‍ ശിക്ഷിക്കേണ്ടതില്ലായിരുന്നുവെന്ന് പ്രതികരിച്ച അദ്ദേഹം, കേസില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാകാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
ദൃക്‌സാക്ഷിയെന്ന് പറയപ്പെടുന്ന ഒരൊറ്റ പോലീസുകാരന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് കോടതി ഇപ്പോള്‍ വിധിയുണ്ടാക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് അനുകൂലമായി നിലനിന്നിരുന്ന മറ്റ് പ്രധാന മൊഴികളോ തെളിവുകളോ കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
സമര കാലഘട്ടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നാലുപേരും പല കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. നിലവില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഒരാളായ അനില്‍കുമാറിന് അന്നത്തെ പോലീസിന്റെ വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.
പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദനടക്കം 35 പേരെ വെറുതെവിട്ടെങ്കിലും, അബ്ദുല്‍ സലാം എന്ന പോലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഗീതാനന്ദന്‍, രമേശന്‍, അനില്‍കുമാര്‍, ബിനു എന്നിവര്‍ കുറ്റക്കാരാണെന്ന് വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ടി. എം. റഷീദാണ് ഹാജരായത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
