ഗോളടിച്ച് പഠിക്കാം മാലിന്യ സംസ്‌കരണം; വയനാട് ജില്ലയില്‍ വേറിട്ട ക്യാമ്പയിന് തുടക്കം
കല്‍പ്പറ്റ: ഫുട്‌ബോള്‍ ആവേശത്തിനൊപ്പം മാലിന്യ സംസ്‌കരണത്തിന് കൈകോര്‍ക്കുന്ന വേറിട്ട മാതൃകയുമായി ജില്ലാ ശുചിത്വ മിഷന്‍. ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നാലായി തരംതിരിക്കാന്‍ കുട്ടികളെയും പൊതുജനങ്ങളെയും ബോധവത്ക്കരിക്കുന്നതിന് ശുചിത്വമിഷന്‍ ആവിഷ്‌കരിച്ച നല്ല നാല് വര്‍ത്തമാനം ക്യാമ്പയിന്റെ ഭാഗമായാണ് ബിന്‍ വിന്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചത്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി സംസ്ഥാന സബ് ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ അര്‍പ്പിത സാറ ബിജു ഉദ്ഘാടനം ചെയ്തു.
ഗോളടിക്കുന്നതിലൂടെ മാലിന്യ സംസ്‌കരണത്തിന്റെ പാഠങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുകയാണ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം. ജൈവ, അജൈവ, സാനിറ്ററി, സ്‌പെഷ്യല്‍ കെയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള മാലിന്യങ്ങള്‍ സൂചിപ്പിക്കുന്ന നാല് വ്യത്യസ്ത നിറങ്ങളിലുള്ള ഗോള്‍ പോസ്റ്റുകളാണ് മത്സരത്തിനായി ഒരുക്കിയത്. കൃത്യമായ പോസ്റ്റുകളിലേക്ക് ഗോളടിച്ച് വിജയിക്കുന്നതിലൂടെ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ക്യാമ്പയിനിലൂടെ സാധിക്കും. പരിപാടിയില്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വി.യു ജോബി, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എസ് ശ്രീനിഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വേറിട്ട ചലഞ്ച് കുട്ടികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
