മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉടന്‍ പൊളിക്കും
മാനന്തവാടി: മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനമായി. കടമുറികള്‍ ഏപ്രില്‍ 30 തിന് മുമ്പ് പൂര്‍ണ്ണമായും ഒഴിയാന്‍ നിര്‍ദേശം നല്‍കി നഗരസഭ. ജില്ലാദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാനും വയനാട് ജില്ലാ കലക്ടറുമായ ആര്‍ മേഘശ്രീയുടെ
ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.2025 ആഗസ്‌റ് 14 ന് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ജില്ലാദുരന്ത നിവാരണഅതോരിറ്റി നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു . എന്നാല്‍ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ വീണ്ടും നിയമപരമായ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ആണ് നഗരസഭ അടിയന്തിര യോഗം ഇന്ന് വിളിച്ചു ചേര്‍ത്തത് .യോഗത്തില്‍ എടുത്ത തീരുമാന പ്രകാരംമാനന്തവാടി നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കി. കെട്ടിടത്തിനുള്ളിലെ കടമുറികളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ ഈ മാസം 30-ാം തീയതിക്കകം പൂര്‍ണ്ണമായും ഒഴിഞ്ഞുകൊടുക്കണമെന്ന് യോഗത്തിന് ശേഷം നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. 14 മാസം മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ലെന്നും വാടക സ്വീകരിച്ചിരുന്നില്ലെന്നും നഗരസഭ ചെയര്‍മാന്‍ വ്യക്തമാക്കി.
കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കുന്നതോടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി ബസ് സര്‍വീസുകള്‍ക്കായി നഗരസഭ ബദല്‍ സംവിധാനം ഒരുക്കുമെന്നും ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റിന്‍ പറഞ്ഞു.
യോഗത്തില്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി വി ജോര്‍ജ്, പി വി എസ് മൂസ, കൗണ്‍സിലര്‍മാരായ സി കുഞ്ഞബ്ദുള്ള, വിയു ജോയ് ,പി കെ ഹംസ , ജോണി, സജ്‌ന ടീച്ചര്‍ ,മുന്‍സിപ്പല്‍ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
