ജിയോയുടെ 'റീചാര്‍ജ് കൊള്ള'യ്‌ക്കെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തം; പുതിയ ആക്ടിവേഷനുകള്‍ നിര്‍ത്തിവെച്ച് റീട്ടെയിലര്‍മാര്‍
കല്‍പ്പറ്റ: സാധാരണക്കാരായ വരിക്കാരെ ഉയര്‍ന്ന നിരക്കിലുള്ള പ്ലാനുകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം മാറ്റുന്ന ജിയോയുടെ നടപടിക്കെതിരെ വയനാട് ജില്ലയില്‍ പുതിയ ആക്ടിവേഷനുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (MPRAK). കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജുകള്‍ ചെയ്യുന്ന കടയുടമകളുടെ ഐഡികള്‍ കമ്പനി ബ്ലോക്ക് ചെയ്യുന്നതായും ഇതില്‍ പ്രതിഷേധിച്ച് വരിക്കാരെ കൂട്ടത്തോടെ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അസോസിയേഷന്‍ നേതാക്കള്‍ പറയുന്നു.
നിലവില്‍ ജിയോയുടെ പുതിയ കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറിയുമായ സുല്‍ഫിക്കര്‍ വൈത്തിരി പറഞ്ഞു. ഇതിന് പുറമെ നിലവിലുള്ള ജിയോ വരിക്കാരെ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളും (MNP) റീട്ടെയിലര്‍മാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 149, 199 രൂപയുടെ പ്ലാനുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരെ നിര്‍ബന്ധപൂര്‍വ്വം 349 രൂപയുടെ പ്ലാനിലേക്ക് മാറ്റുന്നത് വഴി ജനങ്ങളെ കമ്പനി ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
349 രൂപയില്‍ കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജുകള്‍ ചെയ്താല്‍ അടുത്ത സെക്കന്‍ഡില്‍ റീട്ടെയിലര്‍മാരുടെ സര്‍വര്‍ ഐഡി കമ്പനി ബ്ലോക്ക് ചെയ്യുന്നതായി റീട്ടെയിലര്‍ ഇസ്മായില്‍ ചൂണ്ടിക്കാട്ടി. വയനാട് ജില്ലയില്‍ മാത്രം 37 ഷോപ്പുകള്‍ ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. ഇനി മേലില്‍ കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജുകള്‍ ചെയ്യില്ലെന്ന് മാപ്പപേക്ഷ എഴുതി നല്‍കിയാല്‍ മാത്രമേ ഐഡികള്‍ ഓപ്പണ്‍ ചെയ്തു നല്‍കൂ എന്ന നിബന്ധനയാണ് കമ്പനി മുന്നോട്ടുവെക്കുന്നതെന്നും ഇസ്മായില്‍ വെളിപ്പെടുത്തി.
ടാര്‍ഗറ്റ് തികയ്ക്കാനായി വീടുകള്‍ കയറി സൗജന്യ സിം നല്‍കുന്ന ജീവനക്കാര്‍ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി സുല്‍ഫിക്കര്‍ വൈത്തിരി ആരോപിച്ചു. ആക്ടിവേഷന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഒരേ ആധാര്‍ ഉപയോഗിച്ച് ഒന്നിലധികം സിമ്മുകള്‍ എടുപ്പിക്കുകയും, ഇവ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് കൈമാറി പണമുണ്ടാക്കുന്ന സാമൂഹിക വിപത്ത് നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റ് കമ്പനികള്‍ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ വരിക്കാര്‍ക്ക് അവസരം നല്‍കുമ്പോള്‍ ജിയോ അത് നിഷേധിക്കുകയാണെന്ന് പ്രദീപ് മേപ്പാടി പറയുന്നു. ഈ വിഷയത്തില്‍ ട്രായ്ക്ക് (TRAI) പരാതി നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം. ഡാറ്റ ആവശ്യമില്ലാത്ത വരിക്കാര്‍ക്കായി വോയ്‌സ്, എസ്എംഎസ് മാത്രമുള്ള സ്‌പെഷ്യല്‍ പ്ലാനുകള്‍ കമ്പനികള്‍ നിര്‍ബന്ധമായും നല്‍കണമെന്ന ട്രായിയുടെ പുതിയ നിര്‍ദ്ദേശം വരിക്കാര്‍ക്ക് ഗുണകരമാകുമെന്ന് അസോസിയേഷന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. വരിക്കാരോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി ജിയോയുടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
