മാനന്തവാടി നഗരമതിലുകളില്‍ കാനനഭംഗി വിരിയുന്നു; 'ആനത്താരകള്‍ക്കായി' വര്‍ണ്ണചിത്രങ്ങള്‍
മാനന്തവാടി: നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും വന്യതയുടെയും പ്രകൃതിഭംഗിയുടെയും കുളിര്‍മയേകുന്ന കാഴ്ചകളുമായി മാനന്തവാടി ഒരുങ്ങുന്നു. മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ പോലീസ് സ്‌റ്റേഷന്‍ വരെയുള്ള വനംവകുപ്പിന്റെ സംരക്ഷണ മതിലിലാണ് മനോഹരമായ കാനനചിത്രങ്ങള്‍ തെളിയുന്നത്. വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ മതില്‍ചിത്രങ്ങള്‍ ഒരുക്കുന്നത്.ജലാശയത്തില്‍ നീരാടുന്ന കാട്ടുകൊമ്പന്‍, മരത്തില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പ്, പച്ചപ്പില്‍ തീറ്റതേടുന്ന ആനയും കുട്ടിയും തുടങ്ങി വനത്തിന്റെ സ്വാഭാവികത വിളിച്ചോതുന്ന നിരവധി ചിത്രങ്ങളാണ് മതിലില്‍ ഇടംപിടിക്കുന്നത്.'ആനത്താരകള്‍ തുറന്നു കൊടുക്കുക' എന്ന സുപ്രധാന സന്ദേശമാണ് ഈ ചിത്രങ്ങളിലൂടെ മുന്നോട്ടുവെക്കുന്നത്.
വന്യജീവികളുടെ ആവാസവ്യവസ്ഥ തടസ്സപ്പെടുന്നതും ആനത്താരകള്‍ കൊട്ടിയടക്കപ്പെടുന്നതും വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങാന്‍ കാരണമാകുന്നു എന്ന ഗൗരവകരമായ വിഷയം ചര്‍ച്ച ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള പരസ്യകലാ സ്ഥാപനത്തിലെ കലാകാരന്മാരായ റെജി, സുധീഷ്, ബിന്ദുമോള്‍, സുനില്‍ കുമാര്‍ എന്നിവരാണ് ഈ വര്‍ണ്ണ വിസ്മയത്തിന് പിന്നില്‍. ഏപ്രില്‍ ആദ്യ വാരം ആരംഭിച്ച ചിത്രരചന ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
'വര്‍ഷങ്ങള്‍ക്ക് മുമ്പും വയനാടിന്റെ തനിമയാര്‍ന്ന ചിത്രങ്ങള്‍ ഈ മതിലുകളില്‍ ഉണ്ടായിരുന്നു. കാലപ്പഴക്കത്താല്‍ അവ മാഞ്ഞുപോയ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ പുതിയ ഉദ്യമം.'ചിത്രരചന പൂര്‍ത്തിയാകുന്നതോടെ മാനന്തവാടി നഗരത്തിന് ഇത് പുതിയൊരു മുഖച്ഛായ നല്‍കുമെന്നുറപ്പാണ്. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വന്യജീവി സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കാനും ഈ കാനനകാഴ്ചകള്‍ സഹായിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
