അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു:മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം പുഷ്പമേള ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ജില്ലയില്‍ എത്തിച്ചേരുന്നത് ഇതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മനുഷ്യന്റെ മാനസിക ഘടനയില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ പൂക്കള്‍ക്ക് കഴിവുണ്ടെന്നും നട്ടുവളര്‍ത്തിയ പൂക്കളാല്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന പുഷ്പമേള രാജ്യത്തെ മറ്റ് പ്രധാന പുഷ്പമേളകളോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക ജില്ലയായ വയനാടിന് ഉത്തേജനം നല്‍കുന്ന പൂപ്പൊലിയില്‍ എല്ലാവരും ഏറ്റെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.
പുതുവത്സരത്തില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പൂപ്പൊലിയുടെ സംഘാടനം മികച്ച രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പമേള ജനുവരി 15 വരെ നീണ്ടുനില്‍ക്കും.
വര്‍ണ്ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാണ് മേളയുടെ മുഖ്യ സവിശേഷത. വിവിധ തീം ഗാര്‍ഡനുകള്‍, പുഷ്പാലങ്കാരങ്ങള്‍, കുട്ടികള്‍ക്കായുള്ള വിനോദ സൗകര്യങ്ങള്‍, കാര്‍ഷിക ശില്‍പശാലകള്‍, സെമിനാറുകള്‍, പ്രദര്‍ശന–വിപണന മേള, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുഷ്‌പോത്സവം ഒരുക്കിയിരിക്കുന്നത്.
പരിപാടിയില്‍ അമ്പലവയല്‍ കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ അവബോധന പ്രവര്‍ത്തി പരിചയ പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോഷക ഗുണമുള്ള സാലഡ് ബോക്‌സ് എന്ന പുതിയ ഉത്പന്നവും മന്ത്രി ഔദ്യോഗികമായി പുറത്തിറക്കി.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, എം.എല്‍.എ ടി സിദ്ദീഖ്, പത്മശ്രീ ചെറുവയല്‍ രാമന്‍,
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. സി കൃഷ്ണകുമാര്‍,
കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറും കാര്‍ഷികോത്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി അശോക്, കേരള കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ബിനു പി ബോണി, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. സി. കെ യാമിനി വര്‍മ്മ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
