ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഇന്ന് ആരംഭിക്കുമെന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ പ്രസ്താവന: നാട്ടുകാരെ പച്ചയ്ക്ക് പറ്റിച്ചതായി കെ റഫീഖ്
കല്‍പ്പറ്റ: ഡിസംബര്‍ 28 ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ച കല്‍പ്പറ്റ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ധീഖിനെതിരെ സി പി ഐ എം ജില്ലാ സെക്രട്ടറി കെ.റഫീഖ് രംഗത്ത്. കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞ ആ ഡിസം. 28 ഇന്നാണെന്നും, എവിടെയാണ് കോണ്‍ഗ്രസ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. വീട് നിര്‍മ്മാണത്തിനായി സ്ഥലമെങ്കിലും കോണ്‍ഗ്രസ് കണ്ടെത്തിയോ എന്നും, കണ്ടെത്തിയെങ്കില്‍ എവിടെയാണ് സ്ഥലമെന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാണിക്കാന്‍ തയ്യാറുണ്ടോയെന്നും റഫീഖ് ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ തെരെഞ്ഞെടുപ്പ് സമയം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഡിസംബറില്‍ വീട് നിര്‍മ്മാണമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതെന്നും, ജനങ്ങളെ പച്ചയ്ക്ക് പറ്റിക്കുകയയാണ് ടി സിദ്ധീഖും കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
സ്ഥലത്തിനുള്ള പണം നല്‍കിയെന്നും ലീഗലമായ ഫോര്‍മാലിറ്റീസ് ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചുവെന്നും ഡിസംബര്‍ മാസത്തില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമായിരുന്നു ഡിസംബര്‍ 10 ന് സിദ്ദിഖ് എം എല്‍ എ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ്സ് പൊതു ജനങ്ങളില്‍ നിന്നും ശേഖരിച്ച പണത്തിന്റെ കണക്കുകളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്തതിലും വീടുകളുടെ നിര്‍മ്മാണം ആരംഭിക്കാത്തതും സംബന്ധിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഈ വിഷയം വലിയ ചര്‍ച്ചയായി ഉയരുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ടി സിദ്ധിഖ് ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങളോട് ഡിസംബര്‍ 28ന് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയതെന്നും റഫീഖ് പറയുന്നു.
ദുരന്ത ബാധിതര്‍ക്ക് വീട് വെയ്ക്കാനായി ജനങ്ങളില്‍ നിന്ന് പിരിച്ച പണം എത്രയുണ്ടെന്ന കണക്കും ആ പണം എവിടെയാണുള്ളത് എന്നതെങ്കിലും പുറത്ത് വിടാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്നും ചോദിച്ചു കൊണ്ടാണ് കെ റഫീഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
