ഭാവി വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്ത് നെന്മേനി പഞ്ചായത്ത് വികസന സദസ്സ്

നെന്മേനി: നാടിന് അഭിമാനമായി മാറിയ വികസന പദ്ധതികള്‍ക്കൊപ്പം വരുംകാലത്തേക്കുള്ള നാടിന്റ ആവശ്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത് നെന്മേനി പഞ്ചായത്തിലെ വികസന സദസ്. കോളിയാടി പാരിഷ് ഹാളില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ താഴേത്തട്ടിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും സേവനം ഉറപ്പാക്കുന്നതിനൊപ്പം വികസന സദസിലൂടെ അവരുടെ അഭിപ്രായങ്ങള്‍ ആരായുക കൂടിയാണെന്ന് സി. അസൈനാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭാഷോത്സവം മികച്ച മാതൃകയായി വികസന സദസ് വിലയിരുത്തി. പഞ്ചായത്തിന് ലഭ്യമായ ഫണ്ടില്‍ നിന്ന് ഉത്പാദന മേഖലയില്‍ 6.73 കോടി രൂപയും സേവന മേഖലയില്‍ 38.43 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 14.68 കോടി രൂപയുമാണ് വകയിരുത്തിയത്. പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് രോഗികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 81 ലക്ഷം രൂപയും, അതിദരിദ്രരുടെ ഉന്നമനത്തിനായി 13 ലക്ഷം രൂപയും ചെലവഴിച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 11.40 കോടി രൂപയും പൊതുകെട്ടിടങ്ങളുടെ നവീകരണങ്ങള്‍ക്കായി 3.06 കോടിയും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പഞ്ചായത്ത് ചെലവഴിച്ചു.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി 98 കുടുംബങ്ങളെയാണ് പഞ്ചായത്തില്‍ കണ്ടെത്തിയത്. ഇവരില്‍ 67 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കി. ലൈഫ് ഭവന പദ്ധതിയില്‍ 472 വീടുകള്‍ അനുവദിക്കുകയും. 230 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയിലെ 4873 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി. കെ സ്മാര്‍ട്ട് മുഖേന ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനാവശ്യങ്ങള്‍ക്കായി ലഭിച്ച 49949 അപേക്ഷകളില്‍ 48018 എണ്ണവും തീര്‍പ്പാക്കി.
ജില്ലയില്‍ ഏറ്റവുമധികം അങ്കണവാടികള്‍ ഉള്ള ഗ്രാമ പഞ്ചായത്താണ് നെന്മേനി. നിരവധി അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചു നല്‍കുകയും എല്ലാ അങ്കണവാടികള്‍ക്കും പഞ്ചായത്ത് സ്വന്തമായി സ്ഥലം നല്‍കുകയും ചെയ്തു. പഞ്ചായത്ത് പരിധിയില്‍ കര്‍ഷക സംഘത്തിന് സാമ്പത്തിക സഹായമെത്തിക്കുന്നതിലൂടെ നെന്മേനി കുത്തരി എന്ന ബ്രാന്‍ഡില്‍ അരി വിപണിയിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് വികസന സദസില്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വികസന പദ്ധതികളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും വികസന സദസില്‍ നടന്നു. അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം പുതിയ അങ്കണവാടികള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു. താളൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ടായി. ബഡ്‌സ് സ്‌കൂളിന് അനുവദിച്ച ബസ് ലഭ്യമാക്കുന്നതിനും ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും ലഭിച്ചു.
ചുള്ളിയോട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കുക, ചുള്ളിയോട് ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്‌റ്റോറിലെ സൗകര്യങ്ങളും സേവനങ്ങളും വര്‍ധിപ്പിക്കുക, ലൈഫ് ഭവന പദ്ധതിയില്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുക, ഗ്രാമീണ റോഡ് വികസനം, ജലജീവന്‍ പദ്ധതി പൂര്‍ത്തീകരണം, താളൂര്‍ ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങും പ്രതിനിധികള്‍ ഉന്നയിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍ അധ്യക്ഷനായ പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ സത്താര്‍, നെന്മേനി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി കൃഷ്ണന്‍കുട്ടി, യാശോദ ബാലകൃഷ്ണന്‍, സുജ ജെയിംസ്, അനിത കല്ലൂര്‍, സൈസൂനത്ത്, സ്വപ്!ന രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, അസിസ്റ്റന്റ് സെക്രട്ടറി കെ. ജിപ്‌സണ്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രമോട്ടര്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍