സാക്ഷരതയിലൂടെ പുതിയ ഉയരങ്ങളിലേക്ക്; ജില്ലയില്‍ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നിരക്ഷരരെ സാക്ഷരരാക്കാന്‍ ലക്ഷ്യമിട്ട് ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്‍ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 230 ക്ലാസുകള്‍ക്ക് ലോക സാക്ഷരതാ ദിനത്തില്‍ തുടക്കം കുറിച്ചു. സന്നദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ നല്‍കുക.തുല്യതയ്‌ക്കൊപ്പം തൊഴിലും പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അര്‍ഹരായ മൂന്ന് പേര്‍ക്ക് വീതം സ്മാര്‍ട്ട് കോഴ്‌സിലേക്ക് സൗജന്യമായി പ്രവേശനം നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ക്കും. പഠനസൗകര്യത്തിനായി മാനന്തവാടി, പനമരം, കല്‍പ്പറ്റ മേഖലകളില്‍ സ്മാര്‍ട്ട് സബ്‌സെന്റുകളും ആരംഭിക്കാനും പദ്ധതിയുണ്ട്. ജില്ലാപഞ്ചായത്ത് തുല്യത പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്ക് വേണ്ടി ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച ആരംഭിച്ച ഡിഗ്രി ക്ലാസുകളിലേക്ക് ഈ വര്‍ഷം 138 പേര്‍ക്ക് അഡ്മിഷന്‍ നല്‍കും. പ്ലസ് വണ്‍, പ്ലസ് ടു തുല്യതാ ക്ലാസുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ബൈജു, അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എ. കെ സുനില, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.അഫ്‌സല്‍, സാക്ഷരത മിഷന്‍ ഓഫീസ് സ്റ്റാഫ് പി. വി. ജാഫര്‍, പ്രേരക് മാരായ എ. മുരളീധരന്‍, എം.കൊച്ചുറാണി, പി. എം ഇന്ദിര എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
