കോണ്‍ഗ്രസിലെ ഗ്രൂപ്പിസം; നിരപരാധി ജയിലിലായിട്ട് 16 ദിവസങ്ങള്‍;പ്രതികളെ വെറുതെ വിടരുതെന്ന് കുടുംബം; യഥാര്‍ത്ഥ പ്രതിയെ ഉടന്‍ പിടിക്കുമെന്ന് പോലീസ്

പുല്‍പ്പള്ളി: കാര്‍ പോര്‍ച്ചില്‍ മദ്യവും സ്‌ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പുല്‍പ്പള്ളി, മരക്കടവ്, കാനാട്ടുമലയില്‍ തങ്കച്ചന്‍(അഗസ്റ്റിന്‍) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇരയായ തങ്കച്ചന്റെ കുടുംബം പ്രതിഷേധവുമായി രംഗത്ത്.
രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതെന്ന് തെളിഞ്ഞ സ്ഥിതിക്ക് നെറികെട്ട രാഷട്രീയ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച വരെയെല്ലാം അറസ്റ്റ് ചെയ്യണമെന്ന് തങ്കച്ചന്റെ ഭാര്യ സിനിയും, മറ്റ് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു
തങ്കച്ചനെ കുടുക്കാന്‍ കര്‍ണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തന്‍വീട് പി.എസ്. പ്രസാദ് (41)നെ പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും മദ്യം കൊണ്ടു വെച്ചവരേയും, നേതൃത്വം നല്‍കിയവരേയും ഉടന്‍ പിടികൂടണമെന്നും കുടുംബം പറഞ്ഞു.
യഥാര്‍ത്ഥ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഗൂഡലോചനയില്‍കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
22.08.2025 തീയതിയാണ് തങ്കച്ചന്‍ അറസ്റ്റിലായത്. തങ്കച്ചന്‍ നിരപരാധിയാണെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു. പോലീസില്‍ വിവരം നല്‍കിയവരുടെ ഉള്‍പ്പെടെയുള്ള ഫോണ്‍ രേഖകളും മറ്റു തെളിവുകളും ശേഖരിച്ച് പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നതെന്നും അഗസ്റ്റിന്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ വെറുതെ വിടാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതായും പോലീസ് പറഞ്ഞു.
ബത്തേരി എം എല്‍ എ ഐസി ബാലകൃഷ്ണന്‍ പക്ഷവും, ഡിസിസി എന്‍ ഡി അപ്പച്ചന്‍ പക്ഷവും തമ്മിലുള്ള ഗ്രൂപ്പ് പോരിന്റെ ഇരയാണ് തങ്കച്ചനെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ മാസം മുള്ളന്‍കൊല്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ അപ്പച്ചനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായതിന്റെ തുടര്‍ച്ചയായാണ് തങ്കച്ചനെതിരെ ഒരു സംഘം രംഗത്ത് വരുന്നത്.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ ഒരു ദിവസമെങ്കിലും ജയിലിലടയ്ക്കുമെന്ന് നേതാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി തങ്കച്ചന്റെ ഭാര്യ സിനി പറഞ്ഞിരുന്നു. ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമുന്നയിച്ചതിന്റെ പേരിലാണ് അവര്‍ ഭീഷണിമുഴക്കിയതെന്നും അവര്‍ മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍