ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

കണിയാമ്പറ്റ: സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക നയങ്ങള്‍ രൂപീകരിക്കുകയാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. സാക്ഷരത മിഷന്റെ ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സിന്റെ (സ്മാര്‍ട്ട്) സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും തൊഴില്‍ നേടുന്നതിനാവശ്യമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും മാനേജ്‌മെന്റ് പരിശീലനവുമാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ നയത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കുന്ന സ്ഥാപനമാണ് സാക്ഷരത മിഷന്‍ എന്നും പൊതു വിദ്യാലയങ്ങളില്‍ അവധി ദിവസങ്ങളില്‍ നടപ്പാക്കുന്ന നിശബ്ദ വിപ്ലവമായി മാറിയിരിക്കുകയാണ് തുല്യത പഠനമെന്നും സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന പറഞ്ഞു. തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന 'സ്മാര്‍ട്ട്' പദ്ധതിയില്‍ ആദ്യ പഠിതാവായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത രജിസ്റ്റര്‍ ചെയ്തു.ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട് ജില്ലയിലാണ്. പത്താംതരം ജയവും17 വയസുമാണ് യോഗ്യത. പ്രായപരിധിയില്ല. തുല്യത പഠിതാക്കളുടെ തൊഴില്‍ പരിശീലന ആവശ്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി രൂപകല്പന ചെയ്തത്.ഒരു ബാച്ചില്‍ 100 പേരാണ് ഉണ്ടാവുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ച ഒന്ന് വരെ ഒരു ബാച്ചും, ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ അടുത്ത ബാച്ചുമായിട്ടാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ബാച്ചുകളുണ്ടാകും.കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ മില്ല്മുക്ക് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ക്ലാസ്സ് നടക്കും. ഭാവിയില്‍ പഠിതാക്കളുടെ ആവശ്യം അനുസരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സബ് സെന്റര്‍ ആരംഭിക്കും. പഠിതാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിനും പ്ലേസ്‌മെന്റിനും സൗകര്യമുണ്ട്. 6500 രൂപയാണ് കോഴ്‌സ് ഫീസ്. സാക്ഷരത പഠിതാക്കള്‍ക്ക് 5000 രൂപയാണ് ഫീസ്. പ്രവേശന സമയത്ത് കോഴ്‌സ് ഫീസിന്റെ പകുതി അടച്ച് പ്രവേശനം നേടാം. ശേഷിക്കുന്ന തുക ക്ലാസുകള്‍ ആരംഭിച്ച് മൂന്ന് മാസത്തിനകം അടയ്ക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസില്ല. സെപ്റ്റംബര്‍ 30 വരെ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം.
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകാരം നേടിയിരിക്കുന്ന സ്മാര്‍ട്ട് കോഴ്‌സ് സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി സാധ്യതകള്‍ ഒരുക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി തുക ഉപയോഗിച്ച് പഠിതാക്കള്‍ക്ക് പഠന സഹായം നല്‍കാം.
കണിയാമ്പറ്റ മില്ല്മുക്കിലെ ജില്ലാപഞ്ചായത്ത് തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി കൃഷ്ണന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സന്ധ്യ ലിഷു, സീനത്ത് തന്‍വീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, അംഗങ്ങളായ കെ ബി നസീമ, ബിന്ദു ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സംസ്ഥാന സാക്ഷരത മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജോ പി ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, കണ്ണൂര്‍ ജില്ലാ സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, ജില്ലാ സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എം കെ സ്വയ നാസര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍