അതിജീവനത്തിന്റെ ഒരാണ്ട്; ദുരന്തം നാള്‍വഴികളിലൂടെ

മേപ്പാടി: ദുരന്തം വാ പിളര്‍ന്ന മുണ്ടക്കൈചൂരല്‍മല ഉരുള്‍ പൊട്ടല്‍ സംഭവിച്ചിട്ട് ഒരു വര്‍ഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വര്‍ഷം തികയുകയാണ്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടംഅട്ടമലമുണ്ടക്കൈചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തുകയും തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
അപകടമേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം ദുസ്സഹമായിരുന്നു സഞ്ചാരപാത. പ്രതിസന്ധികള്‍ തരണം ചെയ്ത് പുലര്‍ച്ചെ 3.10 ഓടെ സേനാ വിഭാഗം അപകട സ്ഥലതെത്തി. പുലര്‍ച്ചെ 4.55 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമത്താല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നു. നേരം പുലര്‍ന്നപ്പോള്‍ കൂറ്റന്‍ പാറകള്‍ നിറഞ്ഞ് ആര്‍ത്തലച്ച് ഗതിമാറി ഒഴുകുന്ന പുന്നപ്പുഴയും, ഒറ്റ മനസ്സോടെ ആളുകള്‍ കഴിഞ്ഞ ഒരു പ്രദേശം നാമാവശേഷമാക്കാന്‍ ഉള്‍ക്കാടുകളില്‍ നിന്നും ഒഴുകിയെത്തിയ വടവൃക്ഷങ്ങളും, കലങ്ങിയ ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഉരുളും ഇരുളും അതിജീവിച്ച് നിസഹായരായി പലയിടങ്ങളില്‍ വിറങ്ങലിച്ച് നിന്നവരുടെ രക്ഷക്കായി പ്രകൃതിയോട് പടവെട്ടാനുറച്ച് നിമിഷങ്ങളാണ് പിന്നീട് ദുരന്തമുഖത്ത് നടന്നത്.
ലഭ്യമാവുന്ന മുഴുവന്‍ സംവിധാനങ്ങളും രക്ഷാദൗത്യത്തിനായി ദുരന്ത മേഖലയിലേക്ക് എത്തിക്കുകയായിരുന്നു സര്‍ക്കാര്‍. വിവിധ മേഖലകളില്‍ നിന്നുള്ള സേനാ വിഭാഗങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വിവിധ ജില്ലകളില്‍ നിന്നും എത്തിയവര്‍ എന്നിവരുടെ കൂട്ടായുള്ള രക്ഷാപ്രവര്‍ത്തനമാണ് മേഖലയില്‍ നടന്നത്. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ 8 കിലോ മീറ്ററില്‍ 8600 സ്വ. മീറ്റര്‍ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. അപകടത്തില്‍ 298 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണപ്പെട്ടവരില്‍ 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 32 പേരെ കാണാതായി. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ പരിക്കേറ്റവര്‍ 35 പേരാണ്.
രാജ്യം കണ്ട മാതൃകാ രക്ഷാദൗത്യം
കൂരിരുട്ടില്‍ ഒഴുകിയെത്തിയ ദുരന്താവശിഷ്ടങ്ങളില്‍ നിന്നും പാതിജീവനുമായി ഓടി രക്ഷപ്പെട്ടവരെ സുരക്ഷിതമാക്കാന്‍ ദുരന്ത ഭൂമിയില്‍ നടത്തിയ രക്ഷാദൗത്യം രാജ്യത്തിന് മാതൃകയായി. കേന്ദ്രസംസ്ഥാന സേനാ വിഭാഗത്തില്‍ നിന്നായി 1809 പേരാണ് ദുരന്തമുഖത്തെത്തിയത്. ചൂരല്‍മല മുണ്ടക്കൈ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ രക്ഷാദൗത്യത്തിന് പ്രതിസന്ധി ഏറെയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറില്‍ ഫയര്‍ഫോഴ്‌സ്, പോലീസ്, എന്‍ഡിആര്‍എഫ് ടീമുകളും നാട്ടുകാരും സംയുക്തമായി താത്ക്കാലിക സംവിധാനമെന്ന നിലയില്‍ കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്‌ലൈന്‍ നിര്‍മ്മിച്ചത് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായി.
സിപ്പ്‌ലൈന്‍ മുഖേനയാണ് ഗുരുതരമായി പരിക്കേറ്റവരെ മറുകരയില്‍ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തി. ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടര്‍ച്ചയായുള്ള കനത്ത മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, ഇരുട്ട് എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചു.
ഇതേ സിപ്പ്‌ലൈന്‍ മുഖേന മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണം, മരുന്ന്, ആരോഗ്യ സംഘത്തെയും എത്തിച്ചു. കൂടാതെ ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗവും ഉപയോഗപ്പെടുത്തി. മുണ്ടക്കൈഅട്ടമല പുഞ്ചിരിമട്ടം പ്രദേശത്തെ ആളുകളെ അതിവേഗം ചൂരല്‍മലയിലേക്ക് എത്തിക്കാന്‍ ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിച്ച ഉരുക്കുപാലം (ബെയ്‌ലി പാലം) രക്ഷാദൗത്യത്തിന്റെ നാഴിക കല്ലായി. ജൂലൈ 31 ന് നിര്‍മ്മാണം ആരംഭിച്ച പാലം ഓഗസ്റ്റ് ഒന്നിന് വൈകിട്ടോടെ 36 മണിക്കൂറിലെ കഠിന ശ്രമത്താലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആര്‍മിയുടെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലെ 250 സൈനികരാണ് ബെയ്‌ലി പാലം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.
ബെയ്‌ലി പൂര്‍ത്തിയായത്തോടെ വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ അതിവേഗം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്‍ഡിആര്‍എഫിന്റെ 126, മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ് (എംഇജി) 154, പ്രതിരോധ സുരക്ഷാ സേന (ഡിഎസ്സി) 187, നാവിക സേനയുടെ രണ്ടു ടീമുകളിലായി 137, ഫയര്‍ഫോഴ്‌സ് 360, കേരള പോലീസ് 1286, എംഎംഇ പാങ്ങോട് ബ്രിഗേഡ് 89, എസ്ഡിആര്‍എഫ് സേനകളില്‍ നിന്നും 60, ഹൈ ആള്‍ട്ടിട്ട്യൂഡ് ടീം 14, കോസ്റ്റ് ഗാര്‍ഡ് 26, ടെറിട്ടോറിയല്‍ ആര്‍മി 45, ടിഎന്‍ഡിആര്‍എഫ് 21, ഫോറസ്റ്റ്, തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കഡാവര്‍ ഉള്‍പ്പെടെയുള്ള കെ 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ 9 ഡോഗ് സ്‌ക്വാഡുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത മേഖലയിലെത്തി.
ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിലെ മായ, മര്‍ഫി എന്നീ നായകള്‍, ദുരന്താവശിഷ്ടങ്ങള്‍ എത്തിയ നിലമ്പൂരില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തി. സെര്‍ച്ച് ആന്‍ഡ് റസ്‌ക്യു, എക്‌സ്‌പ്ലോഷര്‍, ട്രാക്കര്‍, നര്‍ക്കോട്ടിക്ക്, കടാവര്‍ തുടങ്ങിയ ട്രേഡുകളിലെ പോലീസ് നായകളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു.
ജെസിബി, ക്രെയിന്‍, ഹിറ്റാച്ചി, ഓഫ് റോഡ് വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജ്ജീവമായിരുന്നു. ദുരന്ത പ്രദേശത്ത് ജനകീയ തിരച്ചിലിന് രണ്ടായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്.
ദുരന്തബാധിതര്‍ക്ക് തണലൊരുക്കാന്‍
എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തു
മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ബ്ലോക്ക് 19, റീ സര്‍വ്വെ നമ്പര്‍ 88 ലെ 64.4705 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി 43.77 കോടി രൂപ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ അക്കൗണ്ടില്‍ കെട്ടിവെച്ചാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ആദ്യം കെട്ടിവെച്ചു. എന്നാല്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അധിക നഷ്ടപരിഹാര തുകയായ 17.77 കോടി രൂപ കൂടി കോടതിയില്‍ കെട്ടിവെച്ചു. അതിജീവിതര്‍ക്ക് സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 11 ന് എല്‍സ്റ്റണിലെ ഭൂമി സ്വന്തമാക്കി. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ടൗണ്‍ഷിപ്പില്‍ 410 വീടുകള്‍ ഒരുങ്ങും; മാതൃകാ വീട് പൂര്‍ത്തിയാവുന്നു
എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്‌നമാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ തയ്യാറാവുന്ന പുനരധിവാസ ടൗണ്‍ഷിപ്പ്. അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. മാര്‍ച്ച് 27 ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കലിട്ടു.
അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളില്‍ ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 എന്നിങ്ങനെ വീടുകളാണുള്ളത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്‌റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുന്നുണ്ട്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവ നിര്‍മ്മിക്കും. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധനവാക്‌സിനേഷന്‍ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും. മാര്‍ച്ച് 27 ന് തറക്കല്ലിട്ടതിന് ശേഷം അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ ടൗണ്‍ഷിപ്പില്‍ മാതൃകാ വീട് പൂര്‍ത്തിയാവുകയാണ്.
അടിയന്തര ധനസഹായമായി 13.21 കോടി
ദുരന്തത്തില്‍ മരണപ്പെട്ട 298 പേരില്‍ 220 പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്ന് ആറ് ലക്ഷം വീതം 13.21 കോടി (132190000) രൂപ വിതരണം ചെയ്തു. അടിയന്തര മരണാനന്തര ധനസഹായമായി 1036 കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം 1.03 (10360000) കോടി രൂപ നല്‍കി.
ജീവനോപാധിയായി 10.09 കോടി
അതിജീവിതര്‍ക്ക് താത്ക്കാലിക ജീവനോപാധിയായി സംസ്ഥാന സര്‍ക്കാര്‍ 11087 ഗുണഭോക്താക്കള്‍ക്ക് ആറ് ഘട്ടങ്ങളിലായി നല്‍കിയത് 10.09 (100998000) കോടി രൂപയാണ്. ദുരന്തം നടന്ന ഒരാഴ്ചയ്ക്കകം ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 10 പേര്‍ക്ക് 5,54,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായ 27 പേര്‍ക്ക് 17,82,000 രൂപയും അടിയന്തര സഹായമായി നല്‍കി. അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് ഒരു കുടുംബത്തിലെ മുതിര്‍ന്ന രണ്ടു വ്യക്തികള്‍ക്ക് ദിവസം 300 രൂപ പ്രകാരം 18000 രൂപ വീതം നല്‍കുന്നുണ്ട്.
അതിജീവിതര്‍ക്ക് താത്ക്കാലിക സംവിധാനമൊരുക്കി സര്‍ക്കാര്‍
ദുരന്തബാധിത മേഖലയിലെ അതിജീവിതര്‍ക്ക് താത്ക്കാലികമായി സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍, സ്വകാര്യ വ്യക്തികളുടെ വീടുകള്‍ എന്നിവ വാടകയ്ക്ക് കണ്ടെത്തി നല്‍കി. താത്ക്കാലിക പുനരധിവാസ സംവിധാനത്തിന്റെ ഭാഗമായി 2024 ഓഗസ്റ്റ് മുതല്‍ 2025 ജൂണ്‍ വരെ വാടക ഇനത്തില്‍ 4.3 കോടി (43414200) രൂപ നല്‍കി. 795 കുടുംബങ്ങള്‍ക്ക് താത്ക്കാലിക പുനരധിവാസം ഒരുക്കി.
ജില്ലയിലെ 60 ഓളം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ താത്ക്കാലിക പുനരധിവാസത്തിന് വിട്ടു നല്‍കി.
ആദ്യഘട്ടത്തില്‍ 728 കുടുംബങ്ങളിലെ 2569 പേര്‍ ക്യാമ്പുകളില്‍
ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ രക്ഷപ്പെട്ടവരെ ആദ്യഘട്ടത്തില്‍ താത്ക്കാലിക ക്യാമ്പുകളിലേക്കാണ് മാറ്റി താമസിപ്പിച്ചത്. ജില്ലയില്‍ 17 ക്യാമ്പുകളാണ് ആരംഭിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 728 കുടുംബങ്ങളിലെ 2569 പേരെ മാറ്റി താമസിപ്പിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, വെള്ളം, വസ്ത്രം, പച്ചക്കറികള്‍, തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള വിവിധ വസ്തുക്കള്‍ സന്നദ്ധ പ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍, സംഘടനകള്‍, ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവര്‍ നാനാ ഭാഗങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിച്ചു നല്‍കി. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ. സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യുപി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംക്കൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ ഗവ. ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, മേപ്പാടി ജിഎല്‍പി സ്‌കൂള്‍, റിപ്പണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (പുതിയ കെട്ടിടം), അരപ്പറ്റ സിഎംഎസ് ഹൈസ്‌കൂള്‍, ചുണ്ടേല്‍ ആര്‍സിഎല്‍പി സ്‌കൂള്‍, കല്‍പ്പറ്റ എസ്ഡിഎംഎല്‍പി സ്‌കൂള്‍, കല്‍പ്പറ്റ ഡിപോള്‍ സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂഎംഒ കോളജ് എന്നിവിടങ്ങളിലായാണ് 17 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്.
1,62,543 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം
ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണിലൂടെ സംസ്ഥാന ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ 1,62,543 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കി. മുണ്ടക്കൈചൂരല്‍മല ദുരന്ത മേഖലയില്‍ സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേനയായിരുന്നു ഭക്ഷണ വിതരണം ചെയ്തത്. ദിവസേന മൂന്ന് നേരങ്ങളിലായി 6000 മുതല്‍ 13,000 ത്തോളം ഭക്ഷണ പൊതികളാണ് ദുരിതാശ്വാസ മേഖലയില്‍ വിതരണം ചെയ്തത്. രക്ഷാ പ്രവര്‍ത്തകര്‍, സൈന്യം, സന്നദ്ധ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൃത്യതയോടെ ഭക്ഷണം എത്തിച്ചത് കമ്മ്യൂണിറ്റി കിച്ചണിലൂടെയാണ്.
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം സേവന രേഖകള്‍ ലഭ്യമാക്കി
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടമായ രേഖകള്‍ വീണ്ടെടുത്ത് നല്‍കാന്‍ സാധിച്ചു. റേഷന്‍ കാര്‍ഡുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. ക്യാമ്പുകളില്‍ നിന്നും രേഖകള്‍ നഷ്ടമായവരില്‍ നിന്നും കൃത്യമായി വിവരശേഖരണം നടത്തി നഷ്ടപ്പെട്ട രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാം വകുപ്പുകളും പങ്കെടുത്താണ് അതിജീവിതര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്. 878 പേര്‍ക്ക് സ്‌പെഷല്‍ ക്യാമ്പ് നടത്തി 1690 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
റേഷന്‍, ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്, െ്രെഡവിംഗ് ലൈസന്‍സ്, ഇ ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ്, ജനനമരണവിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ കാര്‍ഡ്, പെന്‍ഷന്‍ മസ്റ്ററിങ്, യുഡിഐഡി, വിദ്യാഭ്യാസ രേഖകള്‍ ഉള്‍പ്പടെയുള്ള പ്രാഥമിക രേഖകളാണ് ഘട്ടംഘട്ടമായി വിതരണം ചെയ്തത്.
ദുരന്തമേഖലയിലെ ശുചീകരണത്തിന് ടീം കേരള
ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധസേവന സേനയായ ടീം കേരള. ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ ചെക്ക് ഡാം, മേപ്പാടി പ്രദേശങ്ങളിലാണ് ടീം കേരള വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തിയത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 50 അംഗങ്ങളാണ് ദുരന്ത മേഖലയിലെത്തി ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്. ജൂലൈ 30 മുതല്‍ ജില്ലയിലുള്ള ടീം കേരള വളണ്ടിയര്‍മാര്‍ ദുരന്തസ്ഥലതെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണ വിതരണം, മാലിന്യം നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കിയത് ടീം അംഗങ്ങള്‍. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സന്നദ്ധ സേനയാണ് ടീം കേരള.
34 ദിവസങ്ങള്‍ക്കുള്ളില്‍ ഉയിര്‍പ്പിന്റെ കരുത്തോടെ തുടര്‍പഠനം
അക്ഷരം പകര്‍ന്ന വിദ്യാലയം ഉരുള്‍ തകര്‍ത്തപ്പോഴും കൂട്ടുകാരുടെ ജീവന്‍ ദുരന്തം പറിച്ചെടുത്തപ്പോഴും പകച്ച കുരുന്നുകള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഉയിര്‍പ്പിന്റെ കരുത്താര്‍ന്ന ചുവടുകളോടെ സര്‍ക്കാര്‍ സജ്ജമാക്കിയ പുതിയ സ്‌കൂളിലേക്ക് എത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ദുരന്തം പിന്നിട്ട് 34 ദിവസത്തിനകം മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി പഞ്ചായത്തിലെ എപിജെ ഹാളിലുമായി ക്ലാസ് സജ്ജീകരിച്ചു. വെള്ളാര്‍മല വിഎച്ച്എച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേപ്പാടി സ്‌കൂളിലും മുണ്ടക്കൈ ജിഎല്‍പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് എപിജെ ഹാളിലുമാണ് ക്ലാസ് ഒരുക്കിയത്. മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികളും വെളളാര്‍മല സ്‌കൂളിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ സ്‌കൂളില്‍ തുടര്‍പഠനം നടത്തുന്നത്. കുട്ടികളുടെ അധ്യാപകരെയും നിലവിലെ സ്‌കൂളുകളിലേക്ക് എത്തിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ പാഠ പുസ്തകങ്ങള്‍, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ അതിവേഗം ക്രമീകരിക്കുകയായിരുന്നു.
ദുരന്തത്തിന്റെ ആഴക്കയത്തില്‍ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയ കുട്ടികള്‍ക്ക് പുതിയ ലോകമാണ് ഇവിടെ ഒരുക്കിയത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ 32 വിദ്യാര്‍ത്ഥികളുടെ ജീവന്‍ പൊലിഞ്ഞു. 17 കുട്ടികളെ കാണതായി. 316 കുട്ടികളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്.
മാതാപിതാക്കളെയും കൂട്ടുകാരെയും ബന്ധുക്കളെയും ദുരന്തം കവര്‍ന്നത് പലരുടെയും മനസിന് താങ്ങാന്‍ കഴിഞ്ഞില്ല. ഇവര്‍ക്കായി വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് ഉറപ്പാക്കി. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധിക സൗകര്യത്തിനായി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ 12 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു നല്‍കി. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ പത്താംക്ലാസ് പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് മുന്നേറുകയാണ്.
കാണാതായ 32 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി
ദുരന്തത്തില്‍ കാണാതായ 32 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാറിന്റെ പ്രത്യേക പരിഗണനയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. കണ്ടെത്താനാവാത്തവരെ സര്‍ക്കാര്‍ ഔദ്യോഗികമായി മരിച്ചവരായി അംഗീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മരണ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിക്കി. കണ്ടെത്താത്തവരുടെ കുടുംബങ്ങള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എസ്എച്ച്ഒ, വെള്ളരിമല വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി ശേഖരിച്ച വിവരങ്ങള്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കുകയും ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് മേപ്പാടി എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി മരണം രേഖപ്പെടുത്തുകയുമായിരുന്നു.
ദുരന്തമേഖലയിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം
അനുവദിക്കാന്‍ കത്ത്
ദുരന്ത മേഖലയിലെ നോ ഗോ സോണില്‍ ഉള്‍പ്പെട്ട വാണിജ്യസ്ഥാപനങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്ത് നല്‍കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡിലെ വിവിധ പ്രദേശത്തുള്ള 75 ലധികം വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. നോ ഗോ സോണില്‍ ഉള്‍പ്പെട്ടവരില്‍ പുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക തായ്യാറാക്കുകയും ഒന്നില്‍ കൂടുതല്‍ വീടുകളുള്ളവര്‍ക്ക് അധിക വീടിനുള്ള നാശനഷ്ടത്തിന് ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗോ സോണിലെ വീടുകള്‍ക്കും നാശനഷ്ടത്തിന് ധനസഹായം അനുവദിച്ചു. നോ ഗോ സോണില്‍പ്പെട്ട ഉള്‍പ്പെട്ട വാണിജ്യകെട്ടിടങ്ങള്‍ക്ക് ധനസഹായം ലഭിക്കണമെന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം സര്‍ക്കാരിനെ അറിയിച്ചത്.
വെള്ളരിമല വില്ലേജിലെ ചൂരല്‍മല ടൗണ്‍ പൂര്‍ണ്ണമായും നോ ഗോ സോണ്‍ പ്രദേശത്ത് ഉള്‍പ്പെടുന്നതാണ്. നോ ഗോ സോണിലൂടെ മാത്രം പ്രവേശനമുള്ള സ്ഥലമാണ് മുണ്ടക്കൈ പ്രദേശം. ചൂരല്‍മലമുണ്ടക്കൈ ടൗണുകളില്‍ നിരവധി വാണിജ്യകെട്ടിടങ്ങളാണ് തകര്‍ന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
avub2z