ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു

വെള്ളമുണ്ട: ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അഭിപ്രായപ്പെട്ടു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിയ എരുവാഞ്ചേരി പൊതു ആസ്തികളുടെ കൈമാറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവ സന്തുലിതാവസ്ഥ നിലര്‍ത്താനുള്ള പദ്ധതിയാണ് നീര്‍ത്തട പദ്ധതി. മണ്ണും ജലവും സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വളര്‍ന്നു വരുന്ന തലമുറയ്ക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ജലവും മണ്ണും സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതു നിര്‍മ്മിത ആസ്തികളായ കോണ്‍ക്രീറ്റ് തടയണ, കോണ്‍ക്രീറ്റ് ഫാം, കുളങ്ങള്‍, കരിങ്കല്‍ കുളം എന്നിവ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 6, 8, 13, 14, 15, 16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന എരുവാഞ്ചേരി നീര്‍ത്തടത്തിന്റെ 562 ഹെക്ടര്‍ ഭൂമിയിലാണ് മണ്‍ കയ്യാല (29558 മീറ്റര്‍), മഴവെള്ള സംഭരണി (12 എണ്ണം), തീറ്റപുല്‍ നടീല്‍ (5000 മീറ്റര്‍), കിണര്‍ റീചാര്‍ജ് യൂണിറ്റ് (60 എണ്ണം), മണ്‍ കുളം (5 എണ്ണം) എന്നീ പ്രവൃത്തികള്‍ നടപ്പിലാക്കിയത്.
ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗത്തിലെ മുന്തിയ ഇനം തെങ്ങ്, പ്ലാവ്, മാവ് (5610 എണ്ണം), ഗ്രാഫ്റ്റ് തൈകള്‍ (1016 എണ്ണം) എന്നിവ ഗുണഭോക്താക്കളുടെ സ്ഥലങ്ങളില്‍ നട്ടു പരിപാലിച്ചു വരുന്നു. 2021 ല്‍ ആരംഭിച്ച പദ്ധതി 86.75 ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്.
ഈ പ്രവര്‍ത്തനങ്ങളിലൂടെ നീര്‍ത്തടത്തിലെ മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണ മാര്‍ഗ്ഗങ്ങളിലൂടെ വെള്ളം മണ്ണിലേക്ക് ഇറങ്ങുക വഴി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും വരള്‍ച്ചയുടെ ആഘാതം കുറയ്ക്കുന്നതിനും സാധിച്ചു. ജനിതക വൈവിധ്യം വര്‍ധിപ്പിക്കുന്നതിനും ജലസേചനത്തിന് പുതിയ ജലസ്രോതസ്സുകള്‍ സൃഷ്ടിക്കാനും
വിളകളുടെ ഉത്പ്പാദനം വര്‍ധിപ്പിക്കാനായതും പദ്ധതിയുടെ നേട്ടങ്ങളാണ്.
പദ്ധതി പ്രവൃത്തികളിലൂടെ 1340 ഗുണഭോക്താക്കള്‍ക് നേരിട്ട് പ്രയോജനം ലഭ്യമായി. മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം
13 അംഗ ഗുണഭോക്തൃ കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കിയത്.
പുലിക്കാട് ഗവ. എല്‍പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ പി കെ അമീന്‍, ബാലന്‍ വെള്ളരിമ്മല്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താര മനോഹരന്‍, മാനന്തവാടി മണ്ണുസംരക്ഷണ ഓഫീസര്‍ ഇ കെ അരുണ്‍, മാനന്തവാടി
മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡി ആനന്ദ ബോസ്, എരുവാഞ്ചേരി നീര്‍ത്തടം കണ്‍വീനര്‍ മുസ്തഫ മുലന്തേരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍