വയനാട്ടില്‍ എയിംസ് അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അനുവദിക്കണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താന്‍ എയിംസ് അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് വയനാട്ടില്‍ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിലെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ ഉള്‍പ്പടെ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ആവശ്യം ഉന്നയിച്ചത്. ഗോത്ര വര്‍ഗ്ഗ മേഖലയില്‍ സിക്കിള്‍ സെല്‍ അനീമിയ വളരെ കൂടുതലാണ്. നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യമൊരുക്കിയാണ് ഇവരെ ചികിത്സിക്കുന്നത്. മാറുന്ന ഭക്ഷണരീതികളും, പുകയിലയുടെ അമിത ഉപയോഗവും കാന്‍സര്‍ പോലെയുള്ള മാരക രോഗവും കൂടുന്ന സാഹചര്യമുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും അവരുടെ മാനസിക ആരോഗ്യസ്ഥിതിയില്‍ ആശങ്കാജനകമായ സാഹചര്യമുണ്ടാക്കുന്നുണ്ട്. വനമേഖലകളില്‍ താമസിക്കുന്നവര്‍ നേരിടുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ ഉണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങളും അവ നേരിടാനുള്ള ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രിയങ്ക കത്തില്‍ ചൂണ്ടികാണിക്കുന്നു. ആദിവാസികള്‍ക്കിടയില്‍ ഉണ്ടാവുന്ന അനീമിയ ശിശുമരണ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നുവെന്നും നവജാത ശിശുക്കളുടെ ഭാരക്കുറവിനു കാരണമാവുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ്, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തതയുണ്ട്. നൂറു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മാത്രമേ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്താന്‍ സാധിക്കുകയുള്ളു. ഈ മേഖലകളില്‍ ആംബുലന്‍സുകളും അപര്യാപ്തമാണെന്ന് പ്രിയങ്ക കത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ െ്രെടബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ആദിവാസി സങ്കേതങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെങ്കിലും അതും അപര്യാപ്തമാണ്. അത് കൊണ്ട് കൂട്ടായ പ്രവര്‍ത്തനം ഈ മേഖലയില്‍ ആവശ്യമാണെന്ന് പ്രിയങ്ക കത്തില്‍ ആവശ്യപ്പെട്ടു.
മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ സൗകര്യങ്ങള്‍ തദ്ദേശീയര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന നിലയില്‍ വര്‍ദ്ധിപ്പിക്കണമെന്നും, വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചത് പോലെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയരായവര്‍ക്ക് ആദിവാസി മേഖലയില്‍ പരിചരണം ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. പുകയിലയുടെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം കുറയ്ക്കുന്നതിനായി ആരോഗ്യ ക്യാമ്പുകളുടെ എണ്ണവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുകയും കൗണ്‍സലിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. സിക്കിള്‍ സെല്‍ അനീമിയ പോലെയുള്ള രോഗങ്ങളും ക്യാന്‍സറും, പ്രത്യേകിച്ച് വായിലുള്ള ക്യാന്‍സര്‍, നേരത്തെ നിര്‍ണ്ണയിക്കുന്നതിന് ആരോഗ്യ ക്യാംപുകള്‍ സംഘടിപ്പിക്കുകയും പോഷകാഹാരകുറവ് പരിഹരിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികളും വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. ഫണ്ടുകളുടെ അപര്യാപ്തത മൂലം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിനായി ജനനി സുരക്ഷാ പദ്ധതിയുടെ അവലോകനം അടിയന്തിരമായി നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പുരുഷന്മാര്ക്കിടയില് അനീമിയ പോലെയുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അനീമിയ മുക്ത ഭാരതം സ്കീം അയണ്‍ ഫോളിക് ആസിഡ് മരുന്നുങ്കല്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഈ മരുന്നുകളുടെ ചവര്‍പ്പ് രുചി മൂലം അവര്‍ അത് കഴിക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യമുണ്ട്. ഇത് കണക്കിലെടുത്ത് കുട്ടികളെ മരുന്ന് കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നിലയില്‍ കാന്ഡീസുകള് പോലെയുള്ള ഗുളികകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍