ഡി ഹണ്ട്: 8354 പേരെ ഇതുവരെ പരിശോധിച്ചു

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഫെബ്രുവരി 22ന് തുടങ്ങിയ പോലീസിന്റെ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട 8354 പേരെ ഇതുവരെ പരിശോധിച്ചു. 543 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 561 പേരെ പിടികൂടുകയും ചെയ്തു. ഇവരില്‍ നിന്നായി 141.077 ഗ്രാം എം.ഡി.എം.എയും, 22.504 കിലോ ഗ്രാം കഞ്ചാവും, 473 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. കൂടാതെ മറ്റു ലഹരി ഉല്‍പ്പന്നങ്ങളായ മെത്താഫിറ്റാമിന്‍, ഹാഷിഷ് ഓയില്‍, ചരസ്, കഞ്ചാവ് മിട്ടായി എന്നിവയടക്കമുള്ളവ 60.20 ഗ്രാം പിടിച്ചെടുത്തു. ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ശനിയാഴ്ച കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരില്‍ നിന്ന് 18.9 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം ലഹരി വിരുദ്ധ സ്ക്വാഡും വിവിധ സ്റ്റേഷനുകളും സംയോജിച്ചു നടത്തിയ ഓപ്പറേഷനിലാണ് വലിയ അളവിലുള്ള ലഹരിമരുന്നുകള്‍ പിടികൂടാനും ലഹരി കടത്തുകാരെ പിടികൂടാനും സാധിച്ചത്. ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ വയനാട് പോലീസിന്റെ കര്‍ശന നടപടികള്‍ തുടരും. ജില്ലാതിര്‍ത്തികളിലും ജില്ലയിലെല്ലായിടത്തും കര്‍ശന പരിശോധനകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍