കളക്ടറേറ്റിലെ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

കല്‍പ്പറ്റ: വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. വൃത്തി2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്നും ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പി എസ് സജ്ഞയ്, പ്രോഗ്രാം ഓഫീസര്‍ കെ അനൂപ് എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. കളക്ടറേറ്റ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ ആവശ്യ പ്രകാരം ഡ്രീം സിവില്‍ സ്‌റ്റേഷന്‍ പദ്ധതിയില്‍ കളക്ടറേറ്റ് പരിസരത്തെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുക്കിയത്. സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ 13 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചതാണ് കല്‍പാര്‍ക്ക്. സംസ്ഥാനത്താദ്യമായി കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് തയ്യാറാക്കിയതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി കല്‍പാര്‍ക്ക് തയ്യാറാക്കിയത്. 2010 മുതല്‍ ജില്ലയിലെ കളക്ടര്‍മാര്‍ ഉപയോഗിച്ച ഔദ്യോഗിക അംബാസിഡര്‍ കാറില്‍ ചിത്രപ്പണികള്‍ ചെയ്ത് പാര്‍ക്കില്‍ സെല്‍ഫി പോയിന്റും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍