രക്ഷാപ്രവര്‍ത്തനം; ഓര്‍മ്മയില്‍ സിപ്പ്ലൈന്‍ നിര്‍മ്മിച്ച നിര്‍ണായക മുഹൂര്‍ത്തമെന്ന് എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്റന്റ്

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തവേളയിലെ രക്ഷാപ്രവര്‍ത്തനം ഓര്‍ത്തെടുക്കുകയാണ് എന്‍ഡിആര്‍എഫ് നാലാം ബറ്റാലിയന് ഡെപ്യൂട്ടി കമാന്റന്റ് കെ കപില്‍)
വയനാട് കളക്ടറേറ്റിലെ ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ചു 2024 ജൂലൈ 30 ന് പുലര്‍ച്ചെ ദുരന്തമുഖത്ത് എത്തുമ്പോള്‍ ആ ഭാഗത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. മീനങ്ങാടി ബേസ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ട എന്‍ഡിആര്‍എഫിന്റെ 4ഡി ബറ്റാലിയന് ആണ് ദുരന്തമുഖത്ത് ആദ്യമെത്തിയ രക്ഷപ്രവര്‍ത്തന സംഘം. ഞങ്ങള്‍ എത്തിയപ്പോള്‍ വെള്ളരിമല ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ ഭാഗത്ത് മണ്ണും മലയും പാറക്കെട്ടുകളും ഒന്നായി ഇടിഞ്ഞുവന്ന സ്ഥിതിയായിരുന്നു. കടപുഴകി എത്തിയ വന്‍ മരങ്ങളും മുട്ടറ്റം ചളിയും. ഞൊടിയിടയില്‍ തന്നെ കൃത്യമായ ആസൂത്രണത്തോടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്താന്‍ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ്, വീടിന്റെ മേല്‍ക്കൂരയില്‍ അഭയം പ്രാപിച്ചവരെയൊക്കെ രക്ഷപ്പെടുത്തി.
ചൂരല്‍മലയില്‍ എത്തിയപ്പോള്‍ അവിടെ പാലം തന്നെ തകര്‍ന്നു പോയിരിക്കുന്നു. അങ്ങോട്ടേക്കുള്ള ബന്ധം പൂര്‍ണ്ണമായും അറ്റു. ഒറ്റപ്പെട്ടുപോയ നിലയില്‍ 250 പേര് അവിടെ കുടുങ്ങി കിടപ്പുണ്ട്. അതില്‍ ഗുരുതരമായി പരിക്കേറ്റവരും മരണപ്പെട്ടവരും ഉണ്ട്.
അങ്ങോട്ടേക്ക് എത്തിപ്പെടാന്‍ കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്ലൈന്‍ നിര്‍മിക്കുകയാണ് ഞങ്ങള്‍ ആദ്യം ചെയ്തത്. അത് ആദ്യ ഘട്ടത്തിലെ
രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായി. ഈ സിപ്പ്ലൈന്‍ വഴിയാണ് ഗുരുതരമായി പരിക്കേറ്റവരെ ഇക്കരെ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടര്‍ച്ചയായുള്ള കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും ഇരുട്ടും വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇതേ സിപ്പ്ലൈന്‍ വഴിയാണ് മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണവും മരുന്നും ആരോഗ്യ സംഘത്തെയും എത്തിച്ചത്. ഇന്ന് ഓര്‍ക്കുമ്പോള്‍ ആ സിപ്പ്ലൈന്‍ പ്രതീക്ഷയുടെ
നേര്‍രേഖയായി മാറിയതായി തിരിച്ചറിയുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ ബംഗ്ലൂരു ആസ്ഥാനത്ത് നിന്നുള്ള 10എച്ച്, കോഴിക്കോട് നിന്നുള്ള 4കെ, ബംഗ്ലൂരുവില്‍ നിന്ന് തന്നെയുള്ള 4എന്‍ ബറ്റാലിയനുകളും എത്തിച്ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മലപ്പുറത്ത് നിന്നുള്ള 4ജെ ബറ്റാലിയന് നിലമ്പൂരില്‍ ചാലിയാറിന്റെ തീരത്താണ് തെരച്ചിലില്‍ ഏര്‍പ്പെട്ടത്.
ആഗസ്റ്റ് 5 ന് തെരച്ചില്‍ നടത്തുന്നതിനിടയില്‍ കാണാതായ 15 സന്നദ്ധ പ്രവര്‍ത്തകരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയതും എന്‍ഡിആര്‍എഫ് സംഘമായിരുന്നു. എത്തിപ്പെടാന്‍ അതീവ ദുഷ്കരവും ചെങ്കുത്തായതും അത്യന്തം അപകട സാധ്യതയുള്ളതുമായ സ്ഥലത്തായിരുന്നു ഇവര്‍ കുടുങ്ങിപ്പോയത്.
മുണ്ടക്കൈചൂരല്‍മല പ്രദേശത്ത് നിന്ന് ആകെ 14 പേരെ രക്ഷപ്പെടുത്താനും 261 പേരെ അപകട സാഹചര്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കാനും 102 മൃതദേഹങ്ങള്‍ കണ്ടെടുക്കാനും എന്‍ഡിആര്‍എഫിന് സാധിച്ചു.
എന്‍ഡിആര്‍എഫ് കമാന്റെന്റ് അഖിലേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ചടുലമായി നടത്തിയത്.
ആര്‍മി, ടെറിട്ടോറിയല്‍ ആര്‍മി, കണ്ണൂരില്‍ നിന്നുള്ള ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സ്, എംഇജി, കേരള പോലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് എന്നീ വിവിധ വിഭാഗങ്ങളെ മികച്ച രീതിയില്‍ ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത്.
ക്യാപ്ഷന്‍: എന്‍ഡിആര്‍എഫ് സംഘം മുണ്ടക്കൈചൂരല്‍മല ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍