ദുരന്ത പ്രദേശം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തെ വീണ്ടെടുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന ബജറ്റില്‍ 750 കോടി രൂപയാണ് മേഖലയുടെ പുനരധിവാസത്തിന് വകയിരുത്തിയിട്ടുള്ളത്. പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. റോഡുകള്‍, പാലം, അങ്കണവാടി, ഷെല്‍ട്ടര്‍ ഹോം, പൊതു ശ്മശാനം തുടങ്ങിയവ പുനര്‍നിര്‍മ്മിക്കും. പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങള്‍ നീക്കാന്‍ 195.55 കോടി, തൊഴില്‍മേളയിലൂടെ 60 പേര്‍ക്ക് തൊഴില്‍, സര്‍ക്കാര്‍ ക്വാട്ടേഴ്സുകള്‍, വാടക വീടുകള്‍ എന്നിവിടങ്ങളിലേക്ക് മാറിയവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിന് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍, ദുരന്തത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കായി 12000 വ്യക്തിഗത കൗണ്‍സലിങ്ങ് സെഷനുകള്‍, മുണ്ടക്കൈ, വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടന്നുവരുന്നത്.
മുണ്ടക്കൈചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തികള്‍ക്ക് 27.52 കോടി രൂപയുടെ അനുമതിയായി. 295 പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. 293 പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ 235 റോഡുകളുടെ കോണ്‍ക്രീറ്റ്, 31 െ്രെഡനേജ്, 18 കള്‍വര്‍ട്ട് പ്രവൃത്തികള്‍ക്കായി 18.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 154 റോഡുകളുടെ കോണ്‍ക്രീറ്റ്, 5 െ്രെഡനേജ് എന്നിവയില്‍ 127 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. നാല് അങ്കണവാടികള്‍, മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍, ഒരു പൊതു ശ്മശാനം എന്നിവയ്ക്ക് പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍പ്പെട്ട ചൂരല്‍മല, അട്ടമല ഭാഗങ്ങളില്‍ 232 പേര്‍ക്ക് തൊഴില്‍ നല്കി.
പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിച്ച 195.55 കോടി രൂപയുടെ പദ്ധതിയില്‍ അവശിഷ്ടങ്ങള്‍ നീക്കി നദിയുടെ ഒഴുക്ക് ശരിയായ ഗതിയിലാക്കുക, നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍ നിന്നും സംരക്ഷിക്കല്‍, നദീ തീരം സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയാറില്‍ അടിഞ്ഞത്. ഉരുള്‍പൊട്ടലില്‍ പുഴ ഗതി മാറി 8 കിലോമീറ്ററോളം ഒഴുകിയിരുന്നു. മണ്ണൊലിപ്പ് മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കല്‍, വാസസ്ഥലങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കല്‍, നദിയുടെ ഗതി മാറ്റം തടയാന്‍ സാങ്കേതിക പരിശോധനകള്‍, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തല്‍, നദീതടത്തില്‍ നിന്നും ഭൂമി വീണ്ടെടുക്കല്‍ എന്നിവയും ലക്ഷ്യമാക്കുന്നു. ജലസേചന വകുപ്പാണ് നിര്‍വഹണം നടത്തുക. അതിതീവ്ര ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സാസ്കി ഫണ്ടില്‍ നിന്നും 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ വിഭാഗം എന്നിവയില്‍ നിന്നും തുക വിനിയോഗിക്കും.
തൊഴില്‍ മേളയില്‍ 60 പേര്‍ക്ക് തൊഴില്‍
ദുരന്തമേഖലയിലെ ആളുകള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയിലൂടെ 60 പേര്‍ക്ക് തൊഴില്‍ നല്‍കാനായി. 21 തൊഴില്‍ദാതാക്കളും 300 ഓളം തൊഴിലന്വേഷകരുമാണ് മേളയില്‍ പങ്കെടുത്തത്.
താത്ക്കാലിക പുനരധിവാസം: നല്‍കിയത് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍
താത്ക്കാലിക പുനരധിവാസ സൗകര്യം നല്കിയ കുടുംബങ്ങള്‍ക്കായി നല്‍കിയത് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍. 400 കിറ്റുകള്‍ ഒന്നാം ഘട്ടത്തിലും 481 കിറ്റുകള്‍ രണ്ടാം ഘട്ടത്തിലുമായി സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലേക്ക് 69 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 16 ഗ്രാമപഞ്ചായത്ത് പരിധികളിലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധികളിലുമായി 891 കുടുംബങ്ങളെയും താമസിപ്പിച്ചു. ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ വാടക തുക ഇനത്തില്‍ 17,08,60,00 രൂപ വിതരണം ചെയ്തു.
മാനസികാഘാതം നേരിടാന്‍ കൗണ്‍സിലിങ്: 12000 വ്യക്തിഗത സെക്ഷനുകള്‍
ഉരുള്‍പൊട്ടലില്‍ ദുരന്തത്തിന്റെ ഭീകരതയില്‍ മനസ്സ് മരവിച്ചവര്‍ക്ക് സാമൂഹികമാനസിക പിന്തുണ ഉറപ്പാക്കാന്‍ ജില്ലാ മാനസിക ആരോഗ്യപദ്ധതിയുടെ നേതൃത്വത്തില്‍ സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ഇതുവരെ 12055ലധികം വ്യക്തിഗത കൗണ്‍സലിങ് സംഘടിപ്പിച്ചു. വീടുകളില്‍ നേരിട്ടെത്തി സാമൂഹിക മാനസിക പിന്തുണ ഉറപ്പിക്കുകയും അതില്‍ 5715 കൗണ്‍സിലിങ് സെഷന്‍സ് നല്‍കുകയും, ഇപ്പോഴും അത് തുടര്‍ന്നു വരികയും ചെയ്യുന്നു. കൂടാതെ ഇപ്പോഴും സൈക്യാട്രിസ്റ്റ് അടങ്ങിയ മൊബൈല്‍ സൈക്യാട്രി യൂണിറ്റ് വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുന്നുണ്ട്. 903 തവണ സൈക്യാട്രിക്ക് ചികിത്സ നല്‍കുകയും ചെയ്തുമാനസിക സംഘര്‍ഷം, മറ്റ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ടെലികൗണസിലിങ്ങിന്റെ ഭാഗമായി 267 പേര്‍ക്ക് കൗണ്‍സിലിംഗ് നല്കി. ടെലിമനസ് ടോള്‍ ഫ്രീനമ്പറായ 14416 നമ്പറില്‍ നിലവില്‍ ടെലി കണ്സള്ടേഷന് സൗകര്യം ലഭ്യമാണ്. കൂടാതെ ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സ് ആയ ആളുകള്‍ക്കും കൗണ്‍സിലിംഗ് സെഷന്‍സ് നല്‍കിയിട്ടുണ്ട്.
ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്മലമുണ്ടക്കൈ സ്കൂളുകള്‍
അപ്രതീക്ഷിത ഉരുള്‍ ദുരന്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്മലമുണ്ടക്കൈ സ്കൂളുകള്‍. അധ്യയന വര്‍ഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തിലാണ്. ദുരന്തം തകര്‍ത്ത സ്കൂളിന്റെ നേര്‍ത്ത ഓര്‍മകളാണ് വിദ്യാര്‍ത്ഥികളില്‍. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്കൂളിലെ 530 വിദ്യാര്‍ഥികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി സ്കൂളിലെ 81 കുട്ടികള്‍ക്കുമായി മേപ്പാടി ജി.എച്ച്.എസ്.എസ് സ്കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് പഠനസൗകര്യങ്ങള്‍ ഒരുക്കിയത്. 2024 സെപ്റ്റംബര്‍ രണ്ടിന് പുന:പ്രവേശനോത്സവം നടത്തി. സ്കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഡൈനിങ്ങ് ഹാളിനോട് ചേര്‍ന്ന് മൂന്ന് കോടി ചെലവില്‍ രണ്ട് നിലകളിലായി അത്യാധുനിക രീതിയില്‍ 8 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്കൂളില്‍ ഒരുക്കി. ദുരന്ത ബാധിത പ്രദേശത്തെ സ്കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 250 ലാപ്ടോപ്പുകള് നല്കാന് പ്രത്യേക പരിഗണന ഉറപ്പാക്കുന്നുണ്ട്. ചൂരല്‍മല സ്പെഷല്‍ സെല്‍, കുടുംബശ്രീ മിഷന്റെ മൈക്രോ പ്ലാനിലൂടെ ലഭിച്ച അപേക്ഷ പ്രകാരം മൂന്നുവര്‍ഷം വാറന്റിയുള്ള 42,810 രൂപ വിലയുള്ള 250 ലാപ്ടോപ്പുകള് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 1.7 കോടി രൂപ പദ്ധതിക്കായി വകയിരുത്തും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട 296 കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. 282 കുട്ടികള്‍ക്ക് ഹാന്‍വീവ്, എസ്.എസ്.കെ എന്നിവയുടെ സഹായത്തോടെ യൂണിഫോമുകള്‍ തയ്ച്ചു നല്കി. 668 പഠനോപകരണങ്ങള്‍, യാത്രാസൗകര്യം ആവശ്യമുള്ള 428 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍, 72 വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ കെ.എസ്.ആര്.ടി.സി ബസ്, ജീപ്പ്, ഓട്ടോ സൗകര്യങ്ങള്‍ ഉറപ്പാക്കി. മണിപ്പാല്‍ ഫൗണ്ടേഷന് വെള്ളാര്‍മല സ്കൂളിന് ബസുകളും അനുവദിച്ചു. സ്കൂളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ വിവിധ സംഘടനകള്‍ മുഖേന കണ്ടെത്തി. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്കൂളില്‍ 20 ബയോ ടോയ്ലെറ്റുകളും ജില്ലാ പഞ്ചായത്ത് സീഡിന്റെ സഹായത്തോടെ 8 യൂറിനലുകളും 2 ശുചിമുറികളും നിര്‍മ്മിച്ചു നല്കി.
കൃഷിനാശം: 15.26 ലക്ഷം വിതരണം ചെയ്തു
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 110 ഹെക്ടര്‍ കൃഷി ഭൂമിയും അതിലെ കാര്‍ഷിക വിളകളും ദുരന്തത്തില്‍ നഷ്ടമായി. 265 കര്‍ഷകര്‍ക്ക് നാശനഷ്ട ഇനത്തില്‍ 15,26,180 രൂപ വിതരണം ചെയ്തു. കാര്‍ഷിക വികസന വകുപ്പിന്റെ കണക്ക് പ്രകാരം 65.78 കോടി രൂപയുടെ നാശനഷ്ടമാണ് മേഖലയില്‍ സംഭവിച്ചത്. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ ധനസഹായത്തിനായി നല്കിയ അപേക്ഷകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്. 54,07,417 രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍