ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ തീരുമാനമായി
പുല്‍പ്പള്ളി: അമരക്കുനിയിലെ ജനവാസ മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി ഭീതിപരത്തുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനമായി. വെള്ളിയാഴ്ച നാട്ടുകാരുടെ നേതൃത്വത്തില്‍ ചെതലത്ത് റെയ്ഞ്ച് ഓഫീസറെ ഓഫീസില്‍ മണിക്കൂറുകളോളം ഉപരോധിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ ഉന്നതതലത്തില്‍ നിന്നും അടിയന്തിര നടപടിയുണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പ്രദേശത്തെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്. കടുവയുടെ മുന്നിലകപ്പെട്ട പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കടുവയിറങ്ങിയ ആദ്യ ദിവസംതന്നെ വനംവകുപ്പ് ഒരു കൂട് സ്ഥാപിച്ചിരുന്നു. രണ്ടാമത്തെ ആടിനെ കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ രണ്ടാമത്തെ കൂടും സ്ഥാപിച്ചു. എന്നാല്‍ കടുവ കൂട്ടിലാവാതായതോടെയാണ്, പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ചെതലത്ത് റെയ്ഞ്ച് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിടാതെ പിരിഞ്ഞുപോകില്ലെന്നായിരുന്നു നാട്ടുകാരുടെ തീരുമാനം. സമരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നേതാക്കള്‍ റെയ്ഞ്ച് ഓഫീസറുമായി ചര്‍ച്ച നടത്തിയെങ്കിലും തങ്ങള്‍ക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മയക്കുവെടി വയ്ക്കുന്നതിനുള്ള ഉത്തരവിടേണ്ടത് പി.സി.സി.എഫ്. തലത്തിലുള്ള ഉദ്യോഗസ്ഥരാണെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നേതാക്കള്‍ സൗത്ത് വയനാട് ഡി.എഫ്.ഒ. ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ആദ്യഘട്ടത്തില്‍ തീരുമാനമായില്ല. ഉപരോധ സമരം മണിക്കൂറുകള്‍ നീണ്ടതോടെ നാട്ടുകാരും വലിയ പ്രതിഷേധമുയര്‍ത്തി. പോലീസ് വലയം ഭേദിച്ച് റെയ്ഞ്ച് ഓഫീസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് വനം മന്ത്രിയുടെ ഓഫീസുമായും ഒ.ആര്‍. കേളു മന്ത്രി ഉള്‍പ്പെടെയുള്ളവരെ സമര നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ച ശേഷമാണ്, കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിടാമെന്ന് ഉന്നതവനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയത്. ഇതോടെയാണ് നാട്ടുകാര്‍ സമരം അവസാനിപ്പത്. രാവിലെ പത്തിന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് നാട്ടുകാര്‍
പങ്കെടുത്തു. ഉച്ചയ്ക്ക ഒരു മണിയോടെയാണ് സമരം അവസാനിച്ചത്. ഗ്രാമപ്പഞ്ചായത്തംഗം ഇ.എം. ആശ ഉദ്ഘാടനം ചെയ്തു. പി.ആര്‍. രാജീവ് അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, ബെന്നി കുറുമ്പാലക്കാട്ട്, യു.എന്‍. കുശന്‍, എന്‍.യു. ഇമ്മാനുവല്‍, ടി.കെ. ശിവന്‍, വില്‍സണ്‍ നെടുങ്കൊമ്പില്‍, ടി.ജെ. ചാക്കോച്ചന്‍, ബൈജു നമ്പിക്കൊല്ലി, പി.എ. മുഹമ്മദ്, ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ: ജനകീയ സമിതി പ്രവര്‍ത്തകര്‍ റെയ്ഞ്ച് ഓഫിസറെ ഉപരോധിച്ചപ്പോള്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍