വിദേശവനിതയുടെ മൃതദേഹം ആംബുലന്‍സില്‍ സൂക്ഷിച്ച സംഭവം: ബിജെപിക്ക് പുറമെ പരാതിയുമായി ഐ എന്‍ടിയുസി, പോരാട്ടം സംഘടനകള്‍ രംഗത്ത്; അടിസ്ഥാനരഹിതമെന്ന് ആംബുലന്‍സ് ഉടമ
മാനന്തവാടി: പാല്‍വെളിച്ചം ആയുര്‍വേദ യോഗവില്ലയില്‍ ചികിത്സയിലിരിക്കെ മരിച്ച വിദേശ വനിതയുടെ മൃതദേഹം സ്വകാര്യ ആംബുലന്‍സില്‍ സൂക്ഷിച്ച സംഭവത്തില്‍ വിവാദങ്ങള്‍ തുടരുന്നു കാമറൂണ്‍ സ്വദേശിനിയായ മോഗിം ക്യാപ്ച്യു ഇപോസ് കോങ് അലയന്‍സി (48)ന്റെ മൃതദേഹം ഒരാഴ്ചയോളം ഫ്രണ്ട്‌സ് ആംബുലന്‍സ് ഉടമ സ്റ്റാനി ആംബുലന്‍സില്‍ സൂക്ഷിച്ചതാണ് വിവാദമായത്. ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡിലാണ് ഫ്രീസറിലാക്കി മൃതദേഹം സൂക്ഷിച്ചതെന്നും ഈ സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ. ശരത്കുമാര്‍, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി സി. അഖില്‍ പ്രേം എന്നിവരാണ് ആദ്യം മാനന്തവാടി എ.എസ്.പിക്കു പരാതി നല്‍കിയത്. തുടര്‍ന്ന് രാജ്യത്തെ നിയമ സംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചു കൊണ്ട് സമാന്തരമോര്‍ച്ചറി സംവിധാനം ഒരുക്കി മൃതദേഹം അവിടേക്ക് മാറ്റി സൂക്ഷിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി എം.പി ശശികുമാറും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ ഈ അനധികൃത മോര്‍ച്ചറി പൂട്ടാനും, മോര്‍ച്ചറി നിലനില്‍ക്കുന്ന സ്ഥലം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് പൊതു സ്ഥലം കയ്യേറിയതാണോ അല്ലയോ എന്നതും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോലാലും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പോലീസ് എന്‍.ഒ.സി അടക്കമുള്ള എല്ലാ നിയമ നടപടിക്രമങ്ങളും പൂര്‍ണമായി പാലിച്ചുകൊണ്ടാണ് മൃതദേഹം സൂക്ഷിച്ചതെന്നും, ബന്ധുക്കള്‍ക്ക് പോലുമില്ലാത്ത പരാതി ചില രാഷട്രീയ കക്ഷികള്‍ ഉന്നയിക്കുന്നത് വ്യക്തി വിരോധം മൂലമാണെന്നും സ്റ്റാനി പറഞ്ഞു.
കഴിഞ്ഞ 20-ന് രാവിലെയാണ് വനിത മരിച്ചത്. ഡോക്ടര്‍ അനുവദിച്ച മരണ സര്‍ട്ടിഫിക്കറ്റ് പ്രകാരം തിരുനെല്ലി പോലീസ് നല്‍കിയ എന്‍.ഒ.സിയെ തുടര്‍ന്ന് മൃതദേഹം വിട്ടു നല്‍കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നു എംബാം ചെയ്താണ് മൃതദേഹം കാമറൂണിലേക്ക് കൊണ്ടുപോയത്.
20 മുതല്‍ 26 വരെ മൃതദേഹം സ്വകാര്യ ആംബുലന്‍സില്‍ സൂക്ഷിച്ചെന്നാണ് ബി ജെ പിയുടെ പരാതിയിലുള്ളത്. ഇതിന്റെ മറവില്‍ അവയവക്കച്ചവടം ഉള്‍പ്പെടെ നടന്നതായി സംശയമുണ്ടെന്നാണ് യുവമോര്‍ച്ചയുടേയും ബി.ജെ.പിയുടേയും പരാതി. കൂടാതെ ഒരു ആയുര്‍വേദ ഡോക്ടര്‍ മാത്രം സാക്ഷ്യപ്പെടുത്തിയ മരണം എങ്ങനെയാണ് നിയമപരമായി നിലനില്‍ക്കുകയെന്നും, പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികളൊന്നും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ബി ജെ പി ചോദിക്കുന്നു. ഇത്തരം രീതികള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ബി ജെ പി പറയുന്നു.
രക്തബന്ധത്തില്‍ പെട്ടവരുടെ മൃതദേഹം പോലും സ്വന്തം വീട്ടില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അനുവാദം വേണമെന്നിരിക്കെ യാതൊരു അനുമതിയും ഇല്ലാതെ രാജ്യത്തെ നിയമ സംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചു കൊണ്ട് സമാന്തരമോര്‍ച്ചറി സംവിധാനം ഒരുക്കി മൃതദേഹം അവിടേക്ക് മാറ്റുകയും മൃതദേഹം മാനന്തവാടി ഗവണ്‍മെന്റ്റ് മെഡിക്കല്‍ കോളേജ് മോര്‍ചെറിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് ആയുര്‍വേദ യോഗവില്ലയിലെ മാനേജ്മെന്റിനേയും ബന്ധുകളേയും ആംബുലന്‍സ് ഉടമ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി ഐ എന്‍ ടി യു സി കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മുന്‍പും ഈ രീതിയില്‍ പല തവണ ഇതേ നിയമലംഘനം നടത്തിയതായി അറിഞ്ഞതായും, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വിഷയത്തിലെ ദുരൂഹതയകറ്റണമെന്നും പരാതിയില്‍ പറയുന്നു.
ഒഴക്കോടി പിലാശേരി വയലിലെ അനധികൃത മോര്‍ച്ചറി അടച്ച് പൂട്ടണം എന്ന് 'പോരാട്ടം'സംഘടന ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മോര്‍ച്ചറി സൗകര്യം നിലനില്‍ക്കെ ഒരു വിദേശ വനിതയുടെ മൃതശരീരം ദിവസങ്ങളോളം സ്വകാര്യ വ്യക്തിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചത് നിയമ വിരുദ്ധമാണ്. മൃതദേഹങ്ങള്‍ക്ക് ലഭിക്കേണ്ട പരിരക്ഷയും മാന്യതയും തകര്‍ക്കുന്ന സംഭവമാണ് ഇവിടെ നടന്നതെന്നും ആമ്പുലന്‍സ് ഡ്രൈവറിന്റെ അധീനതയില്‍ ഉള്ള കെട്ടിടം ഫ്രീസറുകള്‍ സൂക്ഷിക്കുന്നതിനും മറ്റുമായാണ് ഉപയോഗിച്ചു വരുന്നതെന്നും, സമീപവാസിയായ സ്ത്രീയുടെ മൃതദേഹം മുന്‍പും ഇവിടെ സൂക്ഷിച്ച അനുഭവം ഉണ്ടെന്നും പോരാട്ടം പറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തും മരണമടയുന്നവരുടെ ബോഡികള്‍ സൂക്ഷിക്കുന്നതിനും എത്തിച്ചു നല്‍കുന്നതിനുമുള്ള കാര്യത്തില്‍ ഇടപെട്ട് ബന്ധുക്കളുടെ കയ്യില്‍ നിന്നും വന്‍ തുക കൊള്ളയടിക്കുന്ന സംഘമാണോ ഇതിന് പന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആമ്പുലന്‍സുകള്‍ അതിര്‍ത്തികള്‍ അടക്കം കടന്ന് സഞ്ചരിക്കുന്നതിനാല്‍ കള്ളക്കടത്തിനടക്കം ഉപയോഗപ്പെടുത്താമെന്ന് ആക്ഷേപമുണ്ടെന്നും ആമ്പുലന്‍സുകളെ നിരീക്ഷിക്കാന്‍ അതിനകത്ത് സര്‍ക്കാര്‍ നിയന്ത്രിത സിസിടിവി സംവിധാനം ഉണ്ടായിരുന്നെങ്കില്‍ വിദേശ വനിതക്ക് സംഭവിച്ചതും ഇത്തരം ആക്ഷേപങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പോരാട്ടം പറഞ്ഞു..
എന്നാല്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മൃതദേഹം സൂക്ഷിച്ചതെന്നു ആയുര്‍വേദയോഗ വില്ല അധികൃതരും, ആംബുലന്‍സ് സര്‍വ്വീസ് ഉടമ സ്റ്റാനിയും പറഞ്ഞു. മെഡിക്കല്‍ വിസയില്‍ രണ്ടുമാസം മുമ്പ് സഹോദരിക്കൊപ്പമാണ് വനിത ചികിത്സയ്ക്കെത്തിയത്. ജനറേറ്റര്‍ സൗകര്യമില്ലാത്തതിനാലാണ് വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിക്കാന്‍ സാധിക്കാഞ്ഞത്. അവിടെ ബന്ധപ്പെട്ടപ്പോള്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ മൃതദേഹം സൂക്ഷിക്കാന്‍ സാധിക്കൂ എന്നാണ് അറിയിച്ചത്. കൂടാതെ മേപ്പാടി വിംസില്‍ അന്വേഷിച്ചപ്പോള്‍ വിദേശ വനിതയുടെ മരണമായതിനാല്‍ മൃതദേഹം സൂക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ട് പറഞ്ഞ്. അതിനാലാണ് ബന്ധുക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പോലീസ് എന്‍ ഒ സി യടക്കമുള്ള സകല രേഖകളും സഹിതം മൃതദേഹം സൂക്ഷിക്കാന്‍ സ്വകാര്യ ഫ്രീസര്‍ റൂം ഉപയോഗിച്ചതെന്ന് സ്റ്റാനി പറഞ്ഞു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കയറ്റി വിടേണ്ട മൃതദേഹം എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വരാന്‍ വൈകിയതിനാലാണ് നീണ്ട് പോയത്. എംബസിയുടെ പേപ്പര്‍ വന്നയുടന്‍ തന്നെ
വനിതയുടെ സഹോദരിയെത്തി
മൃതദേഹത്തിന് യാതൊരു കേടുപാടും ഇല്ലെന്ന് ബോധ്യപ്പെട്ട് കോഴിക്കോട് കോളേജിലേക്ക് എംബാമിനായി കൊണ്ടുപോവുകയും നടപടികള്‍ പൂര്‍ത്തീകരിച്ച് അവരുടെ സ്വദേശത്തിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഇവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത പരാതി ചില രാഷ്ട്രീയ കക്ഷികള്‍ ഉന്നയിക്കുന്നത് വ്യക്തി വൈരാഗ്യം തീര്‍ക്കുവാന്‍ വേണ്ടിയാണെന്നാണ് സ്റ്റാനി പറയുന്നത്.
എന്തായാലും സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളുടേയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ സംശയ നിവാരണം നടത്തി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍