ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവം: എല്ലാ നടപടിക്രമങ്ങളും പാലിച്ച് നടത്തിയ ഇടപെടല്‍ തെറ്റായി വ്യാഖ്യാനിച്ചു: വൈല്‍ഡ്ലൈഫ് വാര്ഡന്
തോല്‍പ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളില്‍ നിന്നും ആദിവാസി കുടുംബങ്ങള്‍ താമസിച്ചു വന്നിരുന്ന കുടിലുകള്‍ പൊളിച്ച സംഭവത്തില്‍ വ്യാപകമായി തെറ്റായ വ്യാഖ്യാനങ്ങള്‍ വന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & വൈല്‍ഡ്ലൈഫ് വാര്ഡന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലക്ഷ്മി, ഇന്ദിര, മീനാക്ഷി എന്നിവരുടെ മൂന്ന് കുടുംബങ്ങള്‍ താല്കാലികമായി കുടിലുകള്‍ കെട്ടി ഇക്കഴിഞ്ഞ 2024 ജൂലൈ മാസം മുതല്‍ താമസിച്ചു വരികയായിരുന്നുവെന്നും സ്വന്തം വീടിന്റെ പണി പൂര്‍ത്തിയാവാത്തതും, അത് വരെ താമസിച്ചു പോന്നിരുന്ന ബന്ധു വീടുകളില്‍ ഉണ്ടായ സ്ഥലപരിമിതി, അസ്വാരസ്യങ്ങള്‍ എന്നീ കാരണങ്ങള്‍ കൊണ്ടുമാണ് ഈ മൂന്ന് കുടുംബങ്ങള്‍ വനത്തിനുള്ളില്‍ കുടില്‍ കെട്ടി താമസം ആരംഭിച്ചതെന്നും വനം വകുപ്പ് പറഞ്ഞു. വന്യജീവി സങ്കേതമായതിനാലും,ഈ മേഖലയില്‍ വന്യജീവികളുടെ സ്ഥിരം സാന്നിധ്യംമൂലമുള്ള അപകടസാധ്യതയും, കുടുംബങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി ഈകുടുംബങ്ങളോട് ആദ്യം താമസിച്ചിരുന്ന ബേഗൂര്‍ കൊള്ളിമൂലയിലുള്ള സ്വന്തം ഊരിലേക്ക് മാറി താമസിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ചു നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ കുടുംബങ്ങളുമായി വനം വകുപ് നടത്തിയ ചര്‍ച്ചകളുടെ ഫലമായി, ഇക്കഴിഞ്ഞ നവംബര്‍ 23 ന്, സ്വന്തം ഊരില്‍ താത്കാലിക കുടിലുകള്‍ വനംവകുപ്പ് തന്നെ നിര്‍മിച്ചു നല്‍കാം എന്ന ഉറപ്പിന്മേല് 3 കുടുംബങ്ങളും ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. ഇതിനെ തുടര്‍ന്ന് നവംബര്‍ 24 ന് ലക്ഷ്മിയും കുടുംബവും സ്വന്തം വീട്ടിലേക്കും, ഇന്ദിരയും കുടുംബവും ഭര്‍ത്താവ് അനീഷിന്റെ സഹോദരി ശാന്തയുടെ വീട്ടിലേക്കും മീനാക്ഷി തന്റെ ബന്ധു
കമലയുടെ വീട്ടിലേക്കും താല്‍ക്കാലികമായി താമസം മാറുകയുണ്ടായി. നവംബര്‍ 24 ഞായറാഴ്ച രാവിലെ, മേല്പറഞ്ഞ കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ തന്നെയാണ് പരസ്പര ധാരണ പ്രകാരം വനം വകുപ്പ് കുടിലുകള്‍ പൊളിച്ചു നീക്കിയത്.
പിറ്റേന്ന് നവംബര്‍ 25 തിങ്കളാഴ്ച തന്നെ വനം വകുപ്പ് സ്റ്റാഫ് ഈ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള താല്കാലിക കുടിലുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, അന്നേ ദിവസം ഉച്ചയോടെ ഈ മാറ്റിപ്പാര്പ്പിക്കലിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തോല്‍പ്പെട്ടി റേഞ്ച് ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചതിനാല്‍ കുടിലുകളുടെ നിര്‍മാണം
താത്കാലികമായി നിര്‍ത്തി വെയ്ക്കുകയാണുണ്ടായതെന്നും വനം വകുപ്പ് വ്യക്തമാക്കി.
തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍, വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഈ കുടുംബങ്ങള്‍ക്ക് താത്കാലിക കുടിലുകള്‍ കെട്ടി കൊടുക്കുവാനും, അത് പൂര്‍ത്തിയാവുന്നു വരെ ഈ മൂന്ന് കുടുംബങ്ങളെയും വനംവകുപ്പിന് തന്നെ കീഴിലുള്ള തോല്‍പ്പെട്ടി ഡോര്‍മിറ്ററിയില്‍ താമസിപ്പിക്കുവാനും, കുടിലുകള്‍ പൂര്ത്തിയാവുന്നത്വരെ ഈ കുടുംബങ്ങളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കാനും ധാരണയായി. മേല്പറഞ്ഞ ആദിവാസി കുടുംബങ്ങളില്‍, ലക്ഷ്മി എന്നവര്‍ തനിക്ക് താത്കാലിക കുടില്‍ വേണ്ടെന്നും, പകരം, പണി പൂര്‍ത്തിയാവാതെ കിടക്കുന്ന സ്വന്തം വീടിനു മൂന്ന് വാതിലും, അടുക്കളക്കായി താല്കാലിക ഷെഡ്ഡും നിര്‍മ്മിച്ചു നല്കിയാല് സ്ഥിരമായി ആ വീട്ടിലേക്ക് താമസം മാറിക്കൊള്ളാം എന്ന്
അറിയിച്ചതിനെ തുടര്‍ന്ന് ലക്ഷ്മിയുടെ വീട്ടിലേക്ക് വനം വകുപ്പ് വാതിലുകളും, അടുക്കള ഷെഡ്ഡും നിര്‍മിച്ചു
നല്‍കിയിട്ടുണ്ട്. മറ്റു രണ്ട് കുടുംബങ്ങള്‍ക്ക് ധാരണപ്രകാരം രണ്ട് താല്കാലിക കുടിലുകള്‍ വനം വകുപ്പ് തന്നെ നവംബര്‍ 26 ചൊവ്വ വൈകുന്നേരത്തിനുള്ളില്‍ നിര്‍മ്മിച്ചു നല്കുകയുണ്ടായി. ഇന്ദിര, മീനാക്ഷി എന്നിവര്‍ ഈ പുതിയ കുടിലുകള്‍ വിവിധ
രാഷ്ടീയ പ്രതിനിധികളോടൊപ്പം സന്ദര്‍ശിച്ചു ബോധ്യപ്പെട്ട് താമസം ആരംഭിച്ചിട്ടുണ്ട്. വനം വന്യജീവി വകുപ്പ് മേല്‍ കാര്യത്തില്‍ കൊടുത്ത ഉറപ്പുകളെല്ലാം പാലിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപെട്ടു തുടക്കം മുതല്‍ തോല്‍പ്പെട്ടി റേഞ്ചിലെ സ്റ്റാഫ് മുഴുവനും മേല്പറഞ്ഞ ആദിവാസി കുടുംബങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയും മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചും ആണ്പ്രവര്ത്തിച്ചിട്ടുള്ളത് എങ്കിലും ചില തെറ്റിധാരണകള്‍ മൂലം വിഷയം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ & വൈല്‍ഡ്ലൈഫ് വാര്ഡന് പ്രസ്താവിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍