രണ്ടര പതിറ്റാണ്ട് നീണ്ട വനം വകുപ്പിലെ സേവനത്തിന് ശേഷം അബ്ദുള്‍ സമദ് ഇന്ന് പടിയിറങ്ങും.
പുല്‍പ്പള്ളി: രണ്ടര പതിറ്റാണ്ട് നീണ്ട വനം വകുപ്പിലെ സേവനത്തിന് ശേഷം അബ്ദുള്‍ സമദ് ഇന്ന് പടിയിറങ്ങും. ജീവന്‍ പണയം വെച്ചും ജോലി ചെയ്ത കാലത്തെ ഒരു പിടി ഓര്‍മകളുമായാണ് സമദിന്റെ പടിയിറക്കം.1998ല്‍ മുപ്പതാമത്തെ വയസ്സിലാണ് സമദ് വനംവകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കോഴിക്കോട് മാത്തോട്ടം സോഷ്യല്‍ ഫോറെസ്ട്രിയില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ആയായിരുന്നു തുടക്കം. പിന്നീട്
2004ല്‍ താമരശ്ശേരിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് വന്യ ജീവികളുമായുള്ള പോരാട്ടം തുടങ്ങിയത് . കാടിറങ്ങി വരുന്ന ആനകളായിരുന്നു അന്ന് പ്രധാന പ്രശ്നം. ഇത്ര പോലും സന്നാഹങ്ങള്‍ വനം വകുപ്പിന് ഇല്ലാത്ത ആ കാലത്തും മനുഷ്യന് ഭീഷണിയായി എത്തുന്ന ആനകളെ കാടുകയറ്റാന്‍ സമദിനും ടീമിനും സാധിച്ചു.
2008ല്‍ കാന്തല്ലൂരില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചതോടെ തൊഴില്‍ അന്തരീക്ഷം തന്നെ മാറി . ചന്ദനക്കൊള്ള പതിവായിരുന്ന ആ കാലത്ത് ചന്ദനമരം സംരക്ഷിക്കലും കൊള്ളക്കാരെ നേരിടലും അത്യന്തം ദുര്‍ഘടമായിരുന്നു. കൊള്ളക്കാരെ പിടി കൂടുന്നതിനിടെ പരിക്ക് പറ്റിയ അനുഭവവും സമദിനുണ്ടായി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുനെല്ലി പഞ്ചായത്ത് ഉള്‍പ്പെടുന്ന തിരുനെല്ലി സ്റ്റേഷനിലും പിന്നീട് ബെഗുര്‍ റേഞ്ച് ലും ജോലി ചെയ്തത് മറക്കാനാവാത്ത അനുഭവങ്ങള്‍ ആയിരുന്നു.
2012 ലാണ് സമദ് തിരുനെല്ലിയില്‍ എത്തുന്നത്.
ഈ കാലയളവില്‍ 6 പേര് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ ബേലൂര്‍ മഖ്‌നയുടേയും വാകേരിയിലെ നരഭോജി കടുവയെ പിടിക്കുന്നതിന്റെയും ഭാഗമാകാനും സമദിന് സാധിച്ചു.
ഏത് നിമിഷവും മരണത്തെ മുഖാമുഖം കണ്ടേക്കാവുന്ന ജോലിയായിരുന്നു തന്റേതെന്ന് സമദ് ഓര്‍ക്കുന്നു.
തിരുനെല്ലിയില്‍ ജോലി ചെയ്ത കാലത്ത് തോല്‍പ്പെട്ടി ഫോറസ്റ്റിനകത്ത് വെച്ച് ആനക്കൂട്ടത്തിന് നടുവില്‍ കുടുങ്ങിയ സമദും സംഘവും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വനപാലനത്തിനൊപ്പം എത്രയോ ആദിവാസി കുടുംബങ്ങള്‍ക്ക് പ്രയോജനമാകും വിധം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും കോളനികളില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും അദ്ദേഹത്തിനായി.വനം കൊള്ളയും കാട്ടിലെ കഞ്ചാവ് കൃഷിയുമായിരുന്നു ഒരു കാലത്ത് വനം വകുപ്പിന് വലിയ തലവേദനയെങ്കില്‍ ഇന്നത് വന്യ മൃഗ ശല്യവും മീഡിയാ മാനേജ്‌മെന്റുമാണെന്ന് സമദ് പറയുന്നു. മൂന്ന് കൊല്ലം കൊണ്ട് 10 കടുവകളെ കൂട് വെച്ച് പിടിച്ചു.എത്രയോ ആനകളെ കാടുകയറ്റി. മികച്ച സ്‌പോര്‍ട്ട്‌സ് മാന്‍ ആയ സമദ് സംസ്ഥാന വനം കായിക മേളകളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. കേരള ഫോറെസ്റ്റ് ഫുട്‌ബോള്‍ ടീം ആദ്യമായി അഖിലേന്ത്യാ ഫോറെസ്റ്റ് ഫുട്‌ബോള്‍ ചാമ്പ്യന്‍ന്മാര്‍ ആയപ്പോള്‍ സമദ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഗോള്‍ കീപ്പറും ആയിരുന്നു. ഔദ്യോഗിക ജോലി മടവൂരിലെ കള്ളിക്കൂട്ടം പുറയിലെ വീട്ടിലേക്ക് സമദ് എത്തും. വിരമിച്ചതിന് ശേഷം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് സമദ് പറയുന്നു.
സലീനയാണ് സമദിന്റെ ഭാര്യ' മക്കള്‍: ഫാത്തിമഷെറിന്‍, ഹന്ന ,റാനിയ നസ്രീന്‍ , ഹിബ നൂറിന്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍