റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
അഞ്ചുകുന്ന്: സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. അഞ്ചുകുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആകുമ്പോള്‍ വില്ലേജുകളും സ്മാര്‍ട്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പട്ടയവിതരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 1666 വില്ലേജ് ഓഫീസുകളില്‍ 1000 ലധികം ഓഫീസുകള്‍ ഇതിനകം സ്മാര്‍ട്ട് സംവിധാനങ്ങളിലേക്ക് മാറുകയും ബാക്കിയുള്ളവ മാറ്റുന്നതിനായി തയ്യാറെടുക്കുകയുമാണ്. 622 പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മിച്ചു. 407 വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതും 263 സ്മാര്‍ട്ട് കെട്ടിടങ്ങളുടെ പ്രവര്‍ത്തനം നടന്നു പുരോഗമിക്കുകയാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വിവിധ ജില്ലകളിലായി നിര്‍മാണം പൂര്‍ത്തിയായ 27 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുസേവനങ്ങള്‍ അതിവേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷത വഹിച്ചു സംസാരിച്ചു. മാനന്തവാടി താലൂക്കില്‍ മാത്രം അയ്യായിരത്തോളം ആളുകള്‍ക്ക് ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതായും അവശേഷിക്കുന്നവര്‍ക്ക് ഘട്ടംഘട്ടമായി നല്‍കി വരുന്നതായും മന്ത്രി പറഞ്ഞു. ജില്ലയില്‍ 20ലധികം വില്ലേജ് ഓഫീസുകള്‍ ഇതിനോടകം സ്മാര്‍ട്ട് സംവിധാനങ്ങളോടെ നവീകരിച്ചതായും, സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെയാണ് സര്‍ക്കാര്‍ മുന്‍നിര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു. മാറുന്ന ലോക സാഹചര്യങ്ങളില്‍ വയനാടിനും അതിവേഗ വികസനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി തുരങ്കപാത യാഥാര്‍ത്ഥ്യമായാല്‍ വയനാടിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നും വ്യക്തമാക്കി. റെയില്‍വേ, ഹെലിപാഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഭാവിയില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, ജില്ലാ പഞ്ചായത്ത് അംഗം വി മുഫീദ തെസ്‌നി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത, ജമീല ഷറഫുദീന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, എ. ഡി. എം കെ. എസ് അനില്‍ കുമാര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ സാജിത്ത്, ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
