ലബനനിലെ പേജര്‍ സ്‌ഫോടനം: സാമ്പത്തിക ഇടപാടില്‍ അന്വേഷണം മലയാളിയിലേക്കും
മാനന്തവാടി: ലബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണം മലയാളിയിലേക്ക്. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി റിന്‍സണ്‍ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നത്. പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ ഇദ്ധേഹത്തിന്റെ കമ്പനി ഉള്‍പ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലബനനിലെ പേജര്‍ സ്‌ഫോടനങ്ങളില്‍ മലയാളി ഉള്‍പ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. റിന്‍സണ്‍ ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജറുകള്‍ക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടിയത്. എന്നാല്‍ റിന്‍സന്‍ കമ്പനി ഉടമയല്ലെന്നും, ജീവനക്കാരന്‍ മാത്രമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയില്‍ നോര്‍വെയില്‍ പോയ റിന്‍സനെ കുറിച്ച് ഏവര്‍ക്കും നല്ല മതിപ്പാണെന്നും ഇതുവരെ മറ്റ് പരാതികളൊന്നും റിന്‍സനെതിരെ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
സ്‌ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പുറത്ത് വരുന്നത്. റിന്‍സന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നതെന്നും സ്‌ഫോടനവുമായി റിന്‍സണ്‍ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നു.
തായ്വാന്‍ കമ്പനിയുടെ ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയന്‍ കമ്പനിയായ ബിഎസിക്ക് നല്‍കിയെന്നുമാണ് തായ്വാന്‍ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും നോര്‍വീജിയന്‍ കമ്പനിക്ക് ഉപ കരാര്‍ നല്‍കിയിരുന്നുവെന്നുമാണ് ഹംഗേറിയന്‍ കമ്പനി മറുപടി നല്‍കിയത്. അങ്ങനെയാണ് അന്വേഷണം നോര്‍വയിലേക്കും അവിടെ നിന്നും ബള്‍ഗേറിയന്‍ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്.
ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിന്‍സണ്‍ ജോസിന്റെ സ്ഥാപനങ്ങള്‍ വഴിയാണ്. നോര്‍വെയിലെ ഒസ്ലോയില്‍ താമസിക്കുന്ന റിന്‍സണ്‍ തന്റെ കമ്പനികള്‍ ബള്‍ഗേറിയയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും നോര്‍വേയിലെ ഡിഎന്‍ മീഡിയ എന്ന മറ്റൊരു കമ്പനിയില്‍ റിന്‍സണ്‍ ജോലി ചെയ്യുന്നുമുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
പണം കൈമാറ്റത്തിനുള്ള നിഴല്‍ കമ്പനിയായി റിന്‍സന്റെ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. പേജറുകള്‍ നിര്‍മ്മിച്ചതിലോ സ്‌ഫോടക വസതുക്കള്‍ ഇതില്‍ നിറച്ച ഇസ്രയേല്‍ നീക്കത്തിലോ റിന്‍സണ് പങ്കുള്ളതായി തല്ക്കാലം തെളിവില്ല. രണ്ടിലധികം കമ്പനികള്‍ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകള്‍ ആര് നിര്‍മ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്.
നോര്‍വേയും ബള്‍ഗേറിയയും റിന്‍സന്റെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. റിന്‍സണ്‍ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്‌ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്‌ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്‌ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ചാരകണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഹിസ്ബുല്ല അംഗങ്ങള്‍ ആശയവിനിമയത്തിനായി മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കി പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത്. എന്നാല്‍ അവയുടെ എല്ലാ സുരക്ഷാ പൂട്ടും പൊളിച്ച് എതിരാളികള്‍ സ്‌ഫോടന പരമ്പര അഴിച്ചുവിടുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍