വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്.

കല്‍പ്പറ്റ: കര്‍ശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിര്‍മ്മാണ സ്ഥലത്തെ മണ്ണ് മുതല്‍ കമ്പി, സിമന്റ്, മണല്‍ മുതലായ മുഴുവന്‍ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിര്‍മ്മാണ സ്ഥലത്തുതന്നെ പൂര്‍ണ്ണ സജ്ജമായ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വീടിന്റേയും മണ്ണ് പ്രത്യേകമായി പരിശോധിച്ചാണ് വീടിന്റെ അടിത്തറയുടേയും മറ്റും ഘടന തീരുമാനിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തില്‍ പ്ലിന്ത് ബീമും റൂഫ് ബീമും ഷിയര്‍ ഭിത്തികളും ചേര്‍ന്ന ഫ്രെയിംഡ് സ്ട്രക്ച്ചര്‍ ആയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മുകളിലേയ്ക്ക് കൂടുതല്‍ നിലകള്‍ പണിയാാന്‍ പാകത്തിലാണ് തറകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സിമന്റ്, മണല്‍, കമ്പി, സിമന്റ് കട്ടകള്‍, ടൈലുകള്‍, ഫാബ്രിക്കേഷന്‍ സാധനങ്ങള്‍, പൈപ്പുകള്‍ മുതലായവ കോണ്‍ ട്രാക്ടറുടെ ടെസ്റ്റിംഗ് കൂടാതെ സ്വതന്ത്രമായ മൂന്നാം കക്ഷിയുടെ ടെസ്റ്റിംഗ് (Independant Third Patry Testing) നടത്തി ഗുണമേന്മ സംശയലേശമന്യേ ഉറപ്പ് വരുത്തുന്നുണ്ട്.
നിര്‍മ്മാണത്തിലെ ഓരോഘട്ടത്തിലും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്നത്. പ്രൊജക്ട് കണ്‍സല്‍ട്ടന്റായ കിഫ്‌കോണ്‍ (KIIFCON) എഞ്ചിനീയര്‍മാരുടെ സാന്നിധ്യത്തിലാണ് ഓരോ ടെസ്റ്റുകളും നടത്തുന്നത്. കൃത്യത ഉറപ്പ് വരുത്തുന്നതിനായി ഓരോ ടെസ്റ്റിന്റെയും ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ 58 ഘട്ട പരിശോധനകള്‍ കടന്നാണ് ഓരോ വീടും പൂര്‍ത്തീയാക്കുന്നത്.
JSW, TATA, JINDAL കമ്പനികളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള കമ്പികളാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. സിമന്റ് ഡാല്‍മിയ കമ്പനിയുടേതും. കോണ്‍ക്രീറ്റിനു ഉപയോഗിക്കുന്ന മെറ്റല്‍, മണല്‍, സിമന്റ് എന്നിവയുടെ സവിശേഷതകള്‍ പരിശോധിച്ച് അതിനനുസരിച്ച് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ട്രയല്‍ കോണ്‍ക്രീറ്റ് മിക്‌സ് തയ്യാറാക്കി, പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കോണ്‍ക്രീറ്റിംഗിനു ഉപയോഗിക്കുന്നത്. ഓരോ കോണ്‍ക്രീറ്റ് മിശ്രിതവും തയ്യാറാക്കിയതിനുശേഷം നിശ്ച്ചിത സമയത്തിനകം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. സമയപരിധി കഴിഞ്ഞാല്‍ കോണ്‍ക്രീറ്റ് തിരികെ അയക്കും.
ഓരോ കോണ്‍ക്രീറ്റ് മിശ്രിതത്തിന്റേയും പ്രവര്‍ത്തന ക്ഷമത (Workabiltiy) സ്ലമ്പ് ടെസ്റ്റിലൂടെ (Slump test) ഉറപ്പ് വരുത്തിയ ശേഷമാണ് കോണ്‍ക്രീറ്റിനു ഉപയോഗിക്കുന്നത്. ഓരോ കോണ്‍ക്രീറ്റ് ലോഡില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഏഴാമത്തേയും, ഇരുപത്തിയെട്ടാമത്തേയും ദിവസങ്ങളില്‍ അവയുടെ ഉറപ്പ് ( Compressive strength) പരിശോധിക്കുന്നു. മാനദണ്ഡപ്രകാരമുള്ള ഉറപ്പ് ലഭിക്കുന്നില്ലെങ്കില്‍ പൊളിച്ച് പണിയണം. അതേ സമയം ഇതുവരെയുള്ള ടെസ്റ്റ് റിസള്‍ട്ടുകള്‍ പരിശോധിച്ചതില്‍, ആവശ്യമുള്ളതിന്റെ ഒന്നര മുതല്‍ രണ്ട് ഇരട്ടി വരെ ഉറപ്പ് കോണ്‍ക്രീറ്റിന് ഉള്ളതായി ബോധ്യപ്പെട്ടു.
IS456:2000 കോഡ് പ്രകാരമുള്ള ഗുണമേന്മാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ടൗണ്‍ഷിപ്പിലെ ഓരോ നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍