സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടല്‍ക്കടവ് പാല്‍വെളിച്ചം ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായകുടല്‍ക്കടവ് പാല്‍വെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല സ്വപ്നമായ തുരങ്ക പാത നിര്‍മാണം ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണെന്നുംപാത പൂര്‍ത്തിയായാല്‍ വയനാടും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള അകലം കുറയുകയും അടുപ്പം കൂടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വയനാട് മെഡിക്കല്‍ കോളേജിന്റെ സ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാക്കാനാണ് പലരും ശ്രെമിക്കുന്നതെന്നും അത് നല്ല പ്രവണതയല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രധാന പ്രശ്‌നമാണ് മനുഷ്യ വന്യജീവി സംഘര്‍ഷം. ജനങ്ങള്‍ക്ക് സഹായകമാകുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക നയം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്ക് വേണ്ടി നയം രൂപീകരിച്ച് അവര്‍ക്കൊപ്പം സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്തു തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കിഫ്ബി നിര്‍ദ്ദേശ പ്രകാരം സാങ്കേതിക വിദഗ്ദരുടെ കമ്മിറ്റി രൂപീകരിച്ചാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയത്. വന്യമൃഗ സംഘര്‍ഷം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും എംഎല്‍എമാരുടേയും യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് ആദ്യഘട്ടത്തില്‍ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ പദ്ധതി നടപ്പിലാക്കിയത്.
മാനന്തവാടി നഗരസഭയിലെ 13, 14, 15 ഡിവിഷനുകളിലും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലുമായി 4.56 കിലോമീറ്റര്‍ ദൂരത്തിലാണ് ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് പദ്ധതി നടപ്പിലാക്കിയത്. വനംവകുപ്പ് നേരിട്ടല്ലാതെ അക്രഡിറ്റ് ഏജന്‍സിയായ കേരള പോലീസ് ഹൗസിങ് കോഓപ്പറേറ്റിവ് സൊസൈറ്റി മുഖേനയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പല തടസങ്ങളും തരണം ചെയ്ത് ജനപിന്തുണയോടെ പൂര്‍ത്തികരിക്കുകയായിരുന്നു. പദ്ധതി നടപ്പില്‍ വരുത്തുന്നതിന് മുമ്പ് കാര്‍ഷിക പ്രവൃത്തികള്‍ നിര്‍ത്തിവെച്ച പ്രദേശത്ത് 90 ശതമാനം പ്രവൃത്തി പൂര്‍ത്തികരിച്ചപ്പോള്‍ തന്നെ കര്‍ഷകര്‍ നെല്ല്, വാഴ തുടങ്ങിയ വിളകള്‍ ചെയ്തു തുടങ്ങി. ഈ ഭാഗത്ത് നിന്ന് മുന്‍കാലങ്ങളില്‍ ഏകദേശം 2 കോടിയിലധികം രൂപ നഷ്ടപരിഹാരമായി വനം വകുപ്പ് അപേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് 3.6 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നിര്‍വഹണം.
പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. അഞ്ജന്‍ കുമാര്‍, നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. സന്തോഷ് കുമാര്‍, ബേഗൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍