ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോര്‍ജ്

വൈത്തിരി: ജില്ലയിലെ ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് 8.5 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ലെവല്‍ 3 ട്രോമ കെയര്‍ സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധനകാര്യ കമ്മീഷന്‍ ഫണ്ടില്‍ നിന്നും 55.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന മേപ്പാടി കടൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും പൊഴുതന പാറക്കുന്ന് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മൂന്ന് നിലകളിലായാണ് ലെവല്‍ 3 ട്രോമ കെയര്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. താഴത്തെ നിലയില്‍ അഞ്ച് കിടക്കകളോടെ ട്രയാജ് ഏരിയ, മൈനര്‍ പ്രൊസീജിയര്‍ റൂം, റെസുസിറ്റേഷന്‍ മുറി, ഒന്നാം നിലയില്‍ അഞ്ച് കിടക്കകളോടെ ഒബ്‌സര്‍വേഷന്‍ റൂം, ബേണ്‍സ് റൂം, രണ്ടാമത്തെ നിലയില്‍ രണ്ട് ഓപ്പറേഷന്‍ തിയേറ്റര്‍, മൂന്ന് കിടക്കകളോടു കൂടിയ ഐ.സി.യു, രണ്ടു കിടക്കകളോടെ എച്ച്.ഡി.യു എന്നിവയും കെട്ടിടത്തില്‍ ഉണ്ടാവും.
ആരോഗ്യ രംഗത്തെ വികസനം ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് ആശുപത്രിയില്‍
നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മെറ്റേണിറ്റി ബ്ലോക്ക് നിര്‍മ്മാണം, ഒ.പി.ഡി നവീകരണം, പീഡിയാട്രിക് ഐ.സി.യു, 8.5 കെ.വി.എ ജനറേറ്റര്‍, പി.പി യൂണിറ്റ് നവീകരണം, ലോണ്‍ട്രി മെഷീന്‍, ലാബ് നവീകരണം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നവീകരണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയില്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് വിജയകരമായി നടത്തിയത്. താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍, ലിഗമെന്റ് സ്‌പോര്‍ട്‌സ് ഇഞ്ചുറി ശസ്ത്രക്രിയകള്‍ എന്നിവയും നടത്തി. ആശുപത്രിയില്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറി യൂണിറ്റ്, മോഡേണ്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പുതിയ മോര്‍ച്ചറി എന്നിവയും സജ്ജമാവുകയാണ്. ആശുപത്രി രോഗീ സൗഹൃദമാക്കുന്നതിന്റെ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്.
ക്യാഷ്വാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിനുള്ള വിശദ പദ്ധതിരേഖ തയാറാക്കി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള മെഡിക്കല്‍ വാര്‍ഡുകള്‍, മെഡിക്കല്‍ ഐസിയു, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള സൈക്യാട്രിക് വാര്‍ഡുകള്‍ അടങ്ങുന്ന മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിര്‍മാണം, പുതിയ ഡയാലിസിസ് യൂണിറ്റ് നിര്‍മാണം, ഐ.പി ബ്ലോക്ക് ശാക്തീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു.
സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണ്.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതായും മന്ത്രി അറിയിച്ചു. എന്‍.എച്ച്.എം ഫണ്ടില്‍ നിന്ന് 32.70 ലക്ഷം രൂപ വിനിയോഗിച്ച് പീഡിയാട്രിക് ഐ.സി.യു നിര്‍മ്മാണം പൂര്‍ത്തിയാക്കി. 89.70 ലക്ഷം രൂപ ചെലവില്‍ ഒ.പി.ഡി ട്രാന്‍സ്ഫര്‍മേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. അഞ്ച് ലക്ഷം രൂപ ചെലവില്‍ ആശുപത്രിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. എന്‍.എച്ച്.എം ഫണ്ടില്‍ നിന്ന് 1.5 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഭരണാനുമതി ലഭിച്ചു. കോവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി 1.23 കോടി ചെലവില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ സിസ്റ്റം പൂര്‍ത്തിയാക്കി.
ബ്ലഡ് ബാങ്ക് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. കിഫ്ബി ഫണ്ടില്‍ നിന്ന് 9.65 കോടി രൂപ വിനിയോഗിച്ചുള്ള ക്യാഷ്വാലിറ്റി വികസനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭിച്ചു. 23.75 കോടി രൂപ ചെലവില്‍ 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്. ഒ.പി.ഡി ബ്ലോക്ക് ശാക്തീകരിക്കുന്നതിന് എന്‍.എച്ച്.എം ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ ഡി.പി.ആര്‍ അന്തിമഘട്ടത്തിലാന്നെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും വലിയ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. എം.എല്‍.എ ടി. സിദീഖ്, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ബഷീര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജഷീര്‍ പള്ളിവയല്‍, ബി ആയിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാകുമാരി, വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം ജിനിഷ, ടാറ്റ സസ്‌റ്റൈനബിലിറ്റി ഗ്രൂപ്പ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് പ്രതിനിധി സുമേദ് പാട്ടീല്‍, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനന്‍, ടാറ്റ സസ്‌റ്റൈനബിലിറ്റി ഗ്രൂപ്പ് സോഷ്യല്‍ സര്‍വീസസ് ക്ലസ്റ്റര്‍ ഹെഡ് ശ്രീരംഗ് ധാവലെ, ടാറ്റ എല്‍ക്‌സി സി.എസ്.ആര്‍ മേധാവി ശരത് നായര്‍, ജനപ്രതിനിധികള്‍, വൈത്തിരി താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍