അതിജീവന പാതയില്‍ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടല്‍: മന്ത്രി എം.ബി രാജേഷ്; മുണ്ടക്കൈ ചൂരല്‍മല ഉപജീവന സംരംഭങ്ങള്‍ക്ക് ധനസഹായ വിതരണം ചെയ്തു

കല്‍പ്പറ്റ: ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ സമാനതകളില്ലാത്ത ഇടപെടലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യാ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നല്‍കുന്ന ഉപജീവന സംരംഭങ്ങളുടെ ധനസഹായം വിതരണം ചെയ്ത് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ ദുരന്തബാധിതരെ അതിവേഗം തിരികെ പിടിക്കുകയാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതരെ ഉപജീവന പ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 357 കുടുംബങ്ങള്‍ക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്. ഫേസ് 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റര്‍െ്രെപസുകള്‍) ആവശ്യപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും സഹായം വിതരണം ചെയ്യും.
234 കുടുംബങ്ങള്‍ക്കാണ് ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്.
3.61 കോടി രൂപ സി.എം.ഡി.ആര്‍എഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുള്‍പ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ കുടുംബങ്ങള്‍ക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ കുടുംബശ്രീയും ജില്ലാഭരണകൂടവും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൈക്രോപ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി. ദുരിതബാധിതരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സര്‍ക്കാര്‍, സര്‍ക്കാരിതര ഫണ്ടുകള്‍ ഉപയോഗിച്ച് പദ്ധതി ഫലപ്രദമായി പുരോഗമിക്കുകയാണ്.
കുടുംബശ്രീ പ്രത്യാശ പദ്ധതിയില്‍ 95 പേര്‍ക്ക് 98 ലക്ഷം രൂപയും, സിക്ക് എം.ഇ പുനരുജ്ജീവന പദ്ധതിയില്‍ 6 പേര്‍ക്ക് 6 ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതിയില്‍ 21 പേര്‍ക്ക് 28 ലക്ഷം രൂപയും ആര്‍.കെ.ഇ.ഡി.പി പദ്ധതിയില്‍ 27 പേര്‍ക്ക് 3.3 ലക്ഷം രൂപയുടെ പലിശരഹിത വായ്പയായി നല്‍കി. മുണ്ടക്കൈയിലെ 27 പേര്‍ ബെയിലി ബാഗ് നിര്‍മ്മാണത്തിലൂടെയും 19 പേര്‍ ബെയിലി കുട നിര്‍മ്മാണത്തിലൂടെയും ഉപജീവനമാര്‍ഗം കണ്ടെത്തി. കുടുംബശ്രീയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് വിദഗ്ധ പരിശീലനവും വിപണന സാധ്യതയും ഒരുക്കിയ സംരംഭങ്ങള്‍ ദുരന്തബാധിതര്‍ക്ക് സ്ഥിരവരുമാനവും ആത്മവിശ്വാസവും നല്‍കി. ബെയിലി ബ്രാന്‍ഡ് മുണ്ടക്കൈയുടെ അതിജീവനത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ മേളകളിലും പ്രാദേശിക വിപണിയിലും ശക്തമായ സാന്നിധ്യമായി വളരുകയും ഓണ്‍ലൈന്‍ വിപണി സാധ്യതകള്‍ക്കായും ഒരുങ്ങുകയാണ്.
മൈക്രോപ്ലാനില്‍ തൊഴിലന്വേഷകരുടെ പുനരധിവാസം പ്രധാന ഘടകമായി ഉള്‍പ്പെടുത്തി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്നു തൊഴില്‍മേളകളും പ്രാദേശിക മേളകളും സംഘടിപ്പിച്ചു. 73 പേര്‍ വൈദഗ്ധ്യനൈപുണി പരിശീലനം പൂര്‍ത്തിയാക്കി, 161 പേരുടെ പരിശീലനം പുരോഗമിക്കുന്നുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ 21 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. ദുരന്തബാധിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ദുരന്തബാധിത കുടുംബങ്ങളില്‍ നിന്നുള്ള 16 പേരെ മെന്റര്‍മാരായി നിയമിച്ചു. ഒരു വര്‍ഷത്തേക്ക് ഇവരുടെ സേവനങ്ങള്‍ക്ക് കുടുംബശ്രീ മുഖേന 27 ലക്ഷം രൂപ ഇവരുടെ കുടുംബങ്ങളിലേക്ക് എത്തിച്ചു.
മൈക്രോപ്ലാനില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ മൃഗസംരക്ഷണ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി സമര്‍പ്പിച്ച പ്രോപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് 90 ലക്ഷം രൂപ അനുവദിച്ചു. 74 അര്‍ഹമായ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ആരോഗ്യ ആവശ്യങ്ങള്‍ സൗജന്യമായി നിറവേറ്റാന്‍ ആരോഗ്യ വകുപ്പ് ഇടപെടല്‍ നടത്തുന്നു. 238 ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഇതിനകം സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു. 852 കുടുംബങ്ങള്‍ക്ക് 6 മാസത്തോളം 1000 രൂപയുടെ ഭക്ഷണ കൂപ്പണ്‍ ലഭ്യമാക്കി. ജില്ലാഭരണകുടം നല്‍കുന്ന കൂപ്പണുകള്‍ അര്‍ഹമായ കരങ്ങളില്‍ എത്തിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള ഇടപെടലുകളും മൈക്രോപ്ലാനിന്റെ അടിസ്ഥാനത്തില്‍ നടത്തി.
കെ.എസ്.ഡി.എം.എ 250 ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ ഇതിനോടകം 235 കുട്ടികള്‍ക്ക് ലാപ്‌ടോപ് ലഭ്യമാക്കി. 26 കുട്ടികളുടെ ട്യൂഷന്‍ ഫീസും 142 കുട്ടികള്‍ക്ക് പഠനോപകരണങ്ങളും 200ലധികം കുട്ടികള്‍ക്കായി യാത്രാസൗകര്യങ്ങളും ലഭ്യമാക്കി.
മൈക്രോപ്ലാനിന് പുറമേ കുടുംബശ്രീ 42 അയല്‍കൂട്ടങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, 3 വാര്‍ഡുകള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട്, 21 പേര്‍ക്ക് മൃഗസംരക്ഷണ പലിശരഹിത വായ്പ എന്നിവ നല്‍കി.
കുടുംബങ്ങള്‍ക്കാവശ്യമായ കൗണ്‍സിലിങ് സപ്പോര്‍ട്ട് കുടുംബശ്രീ സ്‌നേഹിത മുഖേന നല്‍കുന്നുണ്ട്.
ടി സിദ്ദീഖ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത്, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി നാസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം സലീന, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കെ.കെ അമീന്‍, വി.കെ റജീന, മേപ്പാടി സി.സി.എസ് ചെയര്‍പേഴ്‌സണ്‍ ബിനി പ്രഭാകരന്‍, ടി. ഹംസ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍