സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഭിനവ് സ്വന്തം പോള്‍വള്‍ട്ടില്‍ മത്സരിക്കും

കല്‍പ്പറ്റ: വയനാട് ജില്ലാ കായിക മേളയില്‍ മുള ഉപയോഗിച്ച് പോള്‍വള്‍ട്ട് മത്സരത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വന്തം പോള്‍വള്‍ട്ടില്‍ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ അഭിനവിന് പോള്‍വള്‍ട്ട് വാങ്ങി നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. കായിക താരത്തിന് ആധുനിക രീതിയിലുള്ള ഉപകരണം അടിയന്തരമായി വാങ്ങി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ പോള്‍വള്‍ട്ട് മത്സരത്തിലാണ് മാനന്തവാടി ഗവ വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. സ്‌കൂള്‍ പരിസരത്ത് നിന്നും വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്ററില്‍ ഉയര്‍ന്ന് ചാടിയാണ് അഭിനവ് സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടിയത്. 2024ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പോള്‍വള്‍ട്ട് മത്സരത്തില്‍ 2. 20 മീറ്റര്‍ ഉയരത്തില്‍ ചാടിയ അഭിനവ് നാലാം സ്ഥാനത്തിന് അര്‍ഹനായിരുന്നു.
ജില്ലയിലെ മറ്റു സ്‌കൂളുകളിലെ കായിക ഉപകരണം ഉപയോഗിച്ചാണ് അഭിനവ് മുന്‍വര്‍ഷ മത്സരത്തില്‍ പങ്കെടുത്തത്. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണി ഉഷ ദമ്പതികളുടെ ഇളയ മകനാണ് അഭിനവ്. ഒക്ടോബര്‍ 23 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന കായിക മേളയില്‍ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. കായികധ്യാപകന്‍ മൊതക്കര സ്വദേശി കെ.വി സജിയാണ് അഭിനവിന് പരിശീലനം നല്‍കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍