ഒത്തുതീര്‍പ്പു കേസ്സുകളിലെ പ്രതികള്‍ക്ക് സാമൂഹ്യ സേവനം നിര്‍ബന്ധമാക്കാന്‍ അഭിഭാഷകര്‍

മാനന്തവാടിയില്‍ ഇന്നലെ ഒത്തുതീര്‍പ്പാക്കിയ ഒരു കേസ്സിലെ പ്രതികള്‍ക്ക് നാല് ദിവസം ജില്ലാശുപത്രി ശുചിമുറികള്‍ വൃത്തിയാക്കണം
പല കുറ്റകൃത്യങ്ങളിലേയും പ്രതികള്‍ കേസിനൊടുവില്‍ വാദികളുമായി ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പരാതികള്‍ ഒത്തുതീര്‍പ്പാക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. എന്നാല്‍ ഇനി മാനന്തവാടിയില്‍ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനോടൊപ്പം കുറ്റാരോപിതര്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനംകൂടി അഭിഭാഷകര്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞദിവസം സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഞ്ച് കുറ്റാരോപിതര്‍ക്ക്് കോടതി പരിസരം ശുചീകരിക്കാനും, ജില്ലാശുപത്രി ശുചിമുറി വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. പണമുണ്ടെങ്കില്‍ ഏത് കേസുകളും ഒത്തുതീര്‍പ്പാക്കി തടിയൂരാമെന്ന ചിലരുടെ തന്ത്രമാണ് ഇതോടെ അവസാനിക്കുക
കേസുകള്‍ പലതും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്ന രീതി പണ്ടേയുള്ളതാണ്. പല ക്രിമിനല്‍ കേസുകളും ഇത്തരത്തില്‍ ഒത്തുതീര്‍പ്പായി പോകാറുള്ളത് സാധാരണമാണ്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ പ്രാധാന്യം പണത്തിന് തന്നെയാണ്. അതുകൊണ്ടുതന്നെ പണമുണ്ടെങ്കില്‍ എന്ത് കുറ്റകൃത്യവും നടത്താമെന്ന ചിലരുടെ ധാരണകള്‍ക്കാണ് മാനന്തവാടിയിലെ അഭിഭാഷകര്‍ അറുതിവരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം ഇന്നലെ ഒത്തുതീര്‍പ്പാക്കല്‍ ചര്‍ച്ചകള്‍ നടത്തിയ ഒരു കേസ്സിലെ കുറ്റാരോപിതര്‍ക്ക് കോടതി പരിസരം ശുചീകരിക്കാനും, ജില്ലാശുപത്രിയിലെ ശുചിമുറികള്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. സെപ്ഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടക്കലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം കുറ്റാരോപിതര്‍ക്ക് മുന്നില്‍ വെച്ചത്. നിര്‍ദ്ദേശം പാലിച്ചാല്‍ മാത്രമേ കേസ് പൂര്‍ണ്ണമായും ഒത്തുതീര്‍പ്പാക്കൂ എന്നതാണ് വസ്തുത. അതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരായ അഞ്ച് പേര്‍ ഇന്നലെ മാനന്തവാടി കോടതി പരിസരം വൃത്തിയാക്കി. താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നോഡല്‍ ഓഫീസര്‍ ദിനേശന്റെ മേല്‍നോട്ടത്തിലാണ് ശുചീകരണം നടത്തിയത്. ഈ കുറ്റാരോപിതരായ വ്യക്തികള്‍ തന്നെ ഇന്നും വരുന്ന രണ്ട് ദിവസങ്ങള്‍ കൂടിയും ജില്ലാശുപത്രിയിലെ ശുചിമുറികള്‍ വൃത്തിയാക്കണം.മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം അക്കാര്യത്തില്‍ ഉറപ്പാക്കും. വാദിയായ വ്യക്തിക്കും സ്വതാല്‍പര്യ പ്രകാരം സാമൂഹ്യസേവനത്തില്‍ പങ്കാളികളാകാമെന്നും അഭിഭാഷകര്‍ പറഞ്ഞു. പ്രസ്തുത കേസ്സിലെ വാദിയായ യുവാവ് ജില്ലാശുപത്രിയിലേക്ക് രണ്ട് വീല്‍ചെയര്‍ സംഭാവന ചെയ്തുകൊണ്ടാണ് തന്റെ സഹകരണം ഉറപ്പ് വരുത്തിയത്. ഈ പ്രവൃത്തികളെല്ലാം പൂര്‍ത്തായാക്കുന്ന മുറയ്ക്ക് കേസ് അടുത്തയാഴ്ചയോടെ പൂര്‍ണ്ണമായും ഒത്തുതീര്‍പ്പാകുമെന്നും അഭിഭാഷകര്‍ ഓപ്പണ്‍ ന്യൂസറെ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍