ലോക്‌സഭ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍; വനിതാ- യുവജന പങ്കാളിത്തം ഉറപ്പാക്കും
കല്‍പ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിന് വയനാട് ജില്ലയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലായി 576 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. കല്‍പ്പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
49 മാതൃകാപോളിങ് സ്റ്റേഷനുകള്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 49 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. എല്ലാ പോളിങ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 3 പോളിങ് സ്റ്റേഷനുകള്‍
ജില്ലയില്‍ സജ്ജീകരിക്കുന്ന 576 പോളിങ് സ്റ്റേഷനുകളില്‍ 3 ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്. മൂന്ന് മണ്ഡലങ്ങളിലും ഓരോ ബൂത്തുകള്‍ സജ്ജീകരിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യു.പി സ്‌കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്‌കൂള്‍, ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ് എന്നിവടങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകള്‍ ഉള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളായിരിക്കും.
രണ്ട് യൂത്ത് ഓറിയന്റഡ് പോളിങ് സ്റ്റേഷനുകള്‍
യുവ ഓഫീസര്‍മാര്‍ നിയന്ത്രിക്കുന്ന രണ്ടു പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഇവ രണ്ടും. കുറിച്യാട് മുന്‍ ഏകാധ്യാപക വിദ്യാലയം, ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ എന്നിവടങ്ങളിലാണ് യുവജന നിയന്ത്രണത്തിലുള്ള പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക.
84 പ്രത്യേക സുരക്ഷാ ബൂത്തുകള്‍
രണ്ട് പ്രശ്‌നബാധിത ബൂത്തുകള്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷാ നിര്‍ദ്ദേശ ബൂത്തുകളുമാണുള്ളത്. സുരക്ഷാ ബൂത്തുകളില്‍ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ് വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകള്‍. പ്രശ്ന ബാധിത ബൂത്തുകള്‍ രണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. പ്രശ്ന ബാധിത ബൂത്തുകളിലുള്‍പ്പെടെ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുണ്ടാകും.
പോളിങ് ബൂത്തുകള്‍ ഹരിത ചട്ടം പാലിക്കണം
പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണം. കുടിവെള്ള ഡിസ്‌പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ഒരുക്കണം. മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനയുമായി കരാറില്‍ ഏര്‍പ്പെടണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്‌പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം.
പോളിങ് സ്റ്റേഷനുകളില്‍ ക്രമീകരണം
വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ശരിയായ അടയാളങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ സ്ഥാപിക്കും. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കും. അക്ഷരങ്ങള്‍ വോട്ടര്‍ക്ക് അകലെ നിന്ന് എളുപ്പത്തില്‍ കാണാവുന്ന വിധമായിരിക്കും ക്രമീകരണം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി;
ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ വോട്ടുചെയ്യാം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ സമര്‍പ്പിച്ച പരിശീലന കേന്ദ്രങ്ങളില്‍ വോട്ടുചെയ്യാന്‍ കഴിയാത്ത പോളിങ്ങ് ഉദ്യോഗസ്ഥര്‍, മറ്റു മണ്ഡലങ്ങളില്‍ വോട്ടുള്ള വയനാട്ടില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, വീഡിയോ ഗ്രാഫര്‍മാര്‍ തുടങ്ങി പൊതുവായി തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. ഏപ്രില്‍ 22 മുതല്‍ 24 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഈ കേന്ദ്രത്തില്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് വോട്ടുചെയ്യാം.
വോട്ടര്‍പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്
വോട്ടര്‍മാര്‍ക്കായി ഹെല്‍പ്പ്ലൈന്‍ ആപ്പ്
വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ ഹെല്‍പ്പ്ലൈന്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ മുഖേന ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് തിരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുക, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ അപേക്ഷ നല്‍കുക, പരാതികള്‍ സമര്‍പ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക തുടങ്ങിയവ മൊബൈല്‍ ആപ്പ് വഴി ചെയ്യാനാവും. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ഹെല്‍പ്പ്ലൈന്‍ ആപ്പിലൂടെ അറിയാനാകും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍