ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന് വയനാട് ജില്ലയില്‍ തുടക്കമായി

കല്‍പ്പറ്റ: മാനവ സാമൂഹിക വികസന സൂചിക ഉയര്‍ത്തുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല യോഗം ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ പൊതു സമീപനം യോഗം ചര്‍ച്ച ചെയ്തു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് സ്ട്രാറ്റര്‍ജി തയ്യാറാക്കുന്നതുമായ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സൂക്ഷമതയും കൃത്യതയും പാലിക്കണമെന്നും ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ ഡോ രേണുരാജ് നിര്‍ദ്ദേശം നല്‍കി.
രാജ്യത്തെ 329 ജില്ലകളിലായി 500 ബ്ലോക്കുകളെയാണ് പദ്ധതിക്കായ് തെരഞ്ഞടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും 4 ജില്ലകളിലായി 9 ബ്ലോക്കുകള്‍ എ.ബി.പിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആസ്പിരേഷന്‍ ജില്ലയായ വയനാട്ടിലെ 4 ബ്ലോക്കുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ആസ്പിരേഷണല്‍ ജില്ലാ പരിപാടിയുടെ അടുത്ത ഘട്ടമായിട്ടാണ് എ.ബി.പി പദ്ധതി നടപ്പിലാക്കുന്നത്. ദേശീയതലത്തില്‍ നീതി ആയോഗാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ജില്ലാ കളക്ടറാണ് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ബേസിക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് എന്നീ 5 തീമുകളിലായി 39 സൂചകങ്ങളാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിലുള്ളത്. തീമുകളുമായ് ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിവിധ പോര്‍ട്ടലുകളില്‍ വകുപ്പുകള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ റാങ്ക് നിശ്ചയിക്കും. മികച്ച റാങ്ക് നേടുന്ന ബ്ലോക്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാരിതോഷികം നല്‍കുകയും ചെയ്യും.
പദ്ധതിയുടെ ആദ്യഘട്ടമായി ഒരു ബ്ലോക്കില്‍ നിന്നും വിവിധ വിഷയമേഖലകളിലായി 10 ഉദ്യോഗസ്ഥര്‍ക്ക് ഹൈദരാബാദില്‍ വെച്ചുള്ള പരിശീലനം പൂര്‍ത്തിയായി. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് സ്ട്രാറ്റജി അന്തിമമാക്കുന്നതിനായി തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള ചിന്തന്‍ ശിവിര്‍ സെപ്റ്റംബര്‍ 23ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ ചേരുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍