വന്യജീവി ഗവേഷണം, ആദിവാസി ക്ഷേമം: വെറ്ററിനറി സര്‍വകലാശാല പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു; ആസ്ഥാനം വയനാട്ടില്‍, മതിപ്പു ചെലവ് 500 കോടി രൂപ

കല്‍പ്പറ്റ:കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വന്യജീവി ഗവേഷണവും ആദിവാസി വിഭാഗങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി വയനാട് ആസ്ഥാനമായി പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ വന്യജീവി പഠനകേന്ദ്രം മേധാവി ഡോ.ജോര്‍ജ് ചാണ്ടി സമര്‍പ്പിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച യൂണിവേഴ്‌സിറ്റി ഭരണസമിതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ തീരൂമാനിച്ചു. വെറ്ററിനറി, വന്യജീവിശാസ്ത്ര-ബയോളജി ബിരുദധാരികള്‍ക്ക് വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അന്താരാഷ്ട നിലവാരത്തിലുള്ള വിവിധ ശാസ്ത്ര മേഖലകളെ സംയോജിപ്പിച്ച് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ആദിവാസികളടക്കം പാവപ്പെട്ട ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തുക, കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരില്‍ വന്യജീവികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സുസ്ഥിര കാര്‍ഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാങ്കേതിക സഹായം ലഭ്യമാക്കുക, മനുഷ്യരെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവര്‍ത്തിത്തത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക, വന്യജീവിശല്യം മൂലമുള്ള പ്രയാസങ്ങള്‍ അതിജീവിക്കുന്നതിനു കര്‍ഷകര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുക, പരിക്കേറ്റതും രോഗം ബാധിച്ചതുമായ വന്യജീവികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും പരിപാലനവും ഉറപ്പുവരുത്തുക, ഇവയെ മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാകാത്തവിധം സ്വന്തം ആവാസവ്യവസ്ഥയില്‍ തിരികെ എത്തിക്കുക, പശ്ചിമഘട്ടത്തിലെ മനുഷ്യരടക്കം ജീവജാലങ്ങളുടെ നിലനില്‍പ്പിനും നന്മയ്ക്കുമായി രാജ്യത്തിനത്തും പുറത്തുമുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.
ആസ്ഥാനം പൂക്കോടോ സുഗന്ധഗിരിയിലോ ആകാം
വൈത്തിരി പഞ്ചായത്തിലെ പൂക്കോട് സര്‍വകലാശാലയുടെ കൈവശമുള്ള സ്ഥലത്തോ സുഗന്ധഗിരിയില്‍ പൊതു ആവശ്യത്തിനു മാറ്റിവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ 40 ഏക്കര്‍ യൂണിവേഴ്‌സിറ്റിക്ക് ലഭ്യമാക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുഗന്ധഗിരിയിലെ സ്ഥലം യോജിച്ചതും ഇവിടെയുള്ള പഴയ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വന്യജീവി മേഖലയില്‍ സര്‍വകലാശാല ഇപ്പോള്‍ നടത്തുന്നതും ഭാവിയില്‍ ആരംഭിക്കാവുന്നതുമായ കോഴ്‌സുകള്‍ സ്ഥാപനത്തില്‍ നടത്താമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അക്കാഡമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഗവേഷണ ബ്ലോക്കുകള്‍, അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ലൈബ്രറി, ഹോസ്റ്റല്‍. ഭക്ഷണശാല, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പരിശീലന കേന്ദ്രം, വന്യജീവി ചികിത്സ-പുനരധിവാസ കേന്ദ്രം, മോളിക്യുലാര്‍ ലോബോറട്ടറി, വന്യജീവി ഫോറന്‍സിക് യൂണിറ്റ്, ജന്തുജന്യരോഗ നിര്‍ണയ കേന്ദ്രം, വന്യജീവി വന്ധ്യംകരണ യൂണിറ്റ്, വയനാട് നാച്യുറല്‍ ഹിസ്റ്ററി ആന്‍ഡ് ട്രൈബല്‍ മ്യൂസിയം, നാടന്‍ മത്സ്യവര്‍ഗങ്ങളുടെ സംരക്ഷണ-പരിപാലന-പ്രജനന കേന്ദ്രം, വളര്‍ത്തുപക്ഷികളുടെയും മൃഗങ്ങളുടെയും പരിപാലന-പ്രജനന കേന്ദ്രം, സര്‍വകലാശാലയുടെയും ആദിവാസികളുടെയും ഉത്പന്നങ്ങളുടെയും ജൈവ ഉത്പന്നങ്ങളുടെയും വിപണനകേന്ദ്രം, പ്രത്യേക മൃഗാശുപത്രി തുടങ്ങിയവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായിരിക്കും.
വന്യജീവികളുടെ ചികിത്സ-പുനരധിവാസ കേന്ദ്രം ഇടുക്കിയില്‍
അപകടത്തില്‍പ്പെട്ടതും അസുഖമുള്ളതും പരിക്കേറ്റതുമായ വന്യജീവികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും പ്രദേശിക വന്യജീവി ഗവേഷണത്തിനും വേണ്ടിയുള്ള കേന്ദ്രം ഇടുക്കി ജില്ലയില്‍ സ്ഥാപിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഇരവികുളം നാഷണല്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന ഇടുക്കി ജില്ല മനുഷ്യരെയും വന്യജീവികളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ നടപ്പിലാക്കേണ്ട പശ്ചിമഘട്ട പ്രദേശമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ പൂക്കോട് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് കാമ്പസിലെ 100 ഏക്കര്‍ വനപ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കുന്നതു ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ദേശീയ, അന്തര്‍ദേശീയ സഹകരണം
പശ്ചിമഘട്ട മേഖല ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയ, അന്തര്‍ദേശീയ സഹകരണ സാധ്യതളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. പഠനം, ഗവേഷണം പരിശീലനം എന്നീ മേഖലകളില്‍ കേരള വനം വകുപ്പ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എഡിന്‍ബറോ സര്‍വകലാശാല, കാനഡയിലെ കാല്‍ഗിരി സര്‍വകലാശാല എന്നിവയുമായി വെറ്ററിനറി സര്‍വകലാശാല സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വയനാട്, ഇടുക്കി, തിരുവിഴാംകുന്ന് യൂണിറ്റുകളില്‍ വന്യജീവികളുടെ ചികിത്സ-പുനരധിവാസ സംവിധാനങ്ങള്‍ കേരള വനം വകുപ്പുമായി സഹകരിച്ച് സ്ഥാപിക്കുന്നതും നടത്തുന്നതും ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവിഴാംകുന്ന് യൂണിറ്റില്‍ ആരംഭിക്കാവുന്ന സിംഹവാലന്‍ കുരങ്ങുകളുടെയും വംശനാശ ഭീഷണിയുള്ള മറ്റ് തനത് വന്യജീവികളുടെയും ഗവേഷണ-പ്രജനന കേന്ദ്രം വനം, മൃഗശാല-മ്യൂസിയം വകുപ്പുകളുമായി സഹകരിച്ചു നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പരോക്ഷമായി 3000ലധികം പേര്‍ക്ക് തൊഴില്‍
500 കോടി രൂപയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു കണക്കാക്കുന്ന ചെലവ്. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍. 132 പേര്‍ക്കു നേരിട്ടും പരോക്ഷമായി 3000ലധികവും ആളുകള്‍ക്കും തൊഴില്‍ നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉതകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നാച്യുറല്‍ ഹിസ്റ്ററി ആന്‍ഡ് ട്രൈബല്‍ മ്യൂസിയത്തിലെ സന്ദര്‍ശക ഫീസ്, നടന്‍ മത്സ്യവര്‍ഗങ്ങളുടെ സംരക്ഷണ-പരിപാലന-പ്രജനന കേന്ദ്രത്തിലെ സന്ദര്‍ശക ഫീസ്, പ്രത്യേക മൃഗാശുപത്രിയില്‍നിന്നുള്ള ചികിത്സാഫീസ്, ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പന, ഉത്പന്ന വിപണനം തുടങ്ങിയവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരുമാനമാര്‍ഗങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവി ശാസ്ത്രത്തില്‍ പുതിയ ഫാക്കല്‍റ്റിയെ സംബന്ധിച്ച നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍