ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മെയ് 28 ന് വയനാട് ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെയ് 28 ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ്, സൗര ആശുപത്രി പദ്ധതി- സോളാര്‍ പ്ലാന്റ്, വേങ്ങൂര്‍ യു.പി എച്ച്.സി അര്‍ബന്‍ പോളി ക്ലിനിക്, പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റര്‍, ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് തുടങ്ങിയവ മന്ത്രി ഉദ്ഘാടനം ചെയ്യും. 1.25 കോടി ചെലവില്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിക്കും. ഉച്ചക്ക് 12 ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക്, ഹെല്‍പ്പ് ഡെസ്‌ക്ക്, സന്തോഷ ഗ്രാമം ഹോസ്റ്റസ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. വൈകീട്ട് 3.15 ന് ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ചീയമ്പം 73 കോളനിയല്‍ നിര്‍മ്മിച്ച മാതൃ-ശിശു സംരക്ഷണ കേന്ദ്രം മന്ത്രി നാടിന് സമര്‍പ്പിക്കും. വൈകീട്ട് 4 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്, മുണ്ടേരി യു.പി.എച്ച്.സി അര്‍ബന്‍ പോളിക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
വികസന കുതിപ്പിപ്പില്‍ ബത്തേരി ജനറല്‍ ആശുപത്രി
നവീകരിച്ച അത്യാഹിത വിഭാഗവും ഓപ്പറേഷന്‍ തീയറ്ററും ഉദ്ഘാടനം ചെയ്യും
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ 8 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച വിവിധ യൂണിറ്റുകളും സൗരോര്‍ജ്ജ പദ്ധതിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നാളെ (മെയ് 28) നാടിന് സമര്‍പ്പിക്കും. ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ്, സൗര ആശുപത്രി പദ്ധതി- സോളാര്‍ പ്ലാന്റ്, വേങ്ങൂര്‍ യുപിഎച്ച്സി അര്‍ബന്‍ പോളി ക്ലിനിക് , പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റര്‍, ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കുള്ള ഫിസിയോ തെറാപ്പി യൂണിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് തുടങ്ങിയവയാണ് മന്ത്രി നാടിന് സമര്‍പ്പിക്കുക. 1.25 കോടി ചെലവില്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിക്കും.
കോവിഡ് രൂക്ഷമായ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് അനുവദിച്ചതാണ് എല്‍എംഒ പ്ലാന്റ്. 94.4 ലക്ഷം രൂപ ചിലവിലാണ് 1000 എഎല്‍എംപി ശേഷിയുള്ള ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. 298 കിടക്കകള്‍ക്ക് ഇതുവഴി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സാധിക്കും. കെ.എസ്.ഇ.ബി.യുടെ സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 166 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുളള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 25 വര്‍ഷക്കാലത്തേക്ക് 4.5 രൂപ നിരക്കില്‍ ആശുപത്രിക്ക് ആവശ്യമായ വൈദ്യുതി ഈ പ്ലാന്റില്‍ നിന്നും ലഭിക്കും.
എന്‍എച്ച്എം ഫണ്ടില്‍ നിന്ന് 6 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റര്‍, കാന്‍സര്‍ കെയര്‍ യൂണിറ്റ്, കുട്ടികള്‍ക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ്, ആശുപത്രിയിലേക്കുള്ള റിങ് റോഡ് എന്നിവയും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാന്‍സര്‍ കെയര്‍ യൂണിറ്റ്, ബ്ലോക്ക പഞ്ചായത്ത് ഫണ്ടില്‍ നിര്‍മ്മിച്ച കുട്ടികള്‍ക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ്, പി.ഡബ്ല്യു.ഡി. ബില്‍ഡിങ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആശുപത്രിയിലേക്കുള്ള റിങ് റോഡ് എന്നിവയുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച കാഷ്വാലിറ്റി, ലിഫ്റ്റുകള്‍, ഓര്‍ത്തോ, ജനറല്‍ സര്‍ജറി എന്നിവയ്ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, 315 കെ.വി.എ ട്രാന്‍സ്ഫോര്‍മര്‍, 250 കെ.വി ജനറേറ്റര്‍, 40 കെ.വി.എ, 10 കെ.വി.എ യു.പി.എസുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ്, ബേസ്മെന്റ് മുതല്‍ രണ്ടാം നിലവരെയുള്ള നാലു നിലകളില്‍ സി.സി.ടി.വി, പബ്ലിക് അഡ്രസ്സിങ് സിസ്റ്റം, ലാന്‍ സംവിധാനം, സിഎസ്എസ്ടി (സെന്‍ട്രലൈസ്ഡ് സ്റ്റെറിലൈസ്ഡ് സപ്ലയര്‍ സിസ്റ്റം), സര്‍ജിക്കല്‍ ഐസിയു, വാര്‍ഡ് നവീകരണം എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിക്കും.
ചീയമ്പം 73 കോളനിയില്‍ ഒരുങ്ങി മാതൃ-ശിശു സംരക്ഷണ കേന്ദ്രം
ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ചീയമ്പം 73 കോളനിയില്‍ മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 1110 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് നിര്‍മ്മാണം. ബാത്ത് റൂം സംവിധാനത്തോടെയുള്ള രണ്ടു പരിശോധനാ മുറികള്‍, പ്രസവാനന്തര മുറി, ഓഫിസ് മുറി, വായനാമുറിയോടു കൂടിയ ഹാള്‍, അടുക്കള എന്നിവയും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുണ്ട്. 38.40 ലക്ഷം രൂപ ചിലവിലാണ് കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മാണ ഏജന്‍സി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇനി ഇ-ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം എന്നിവ ലഭിക്കും. ഡിപിഎംഎസ്യു അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, മുണ്ടേരി അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, ജനറല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി വീണാ ജോര്‍ജ്ജ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ ഭാഗമായാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 50 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്കിന് 23.75 കോടി രൂപയുടെഅനുമതിയാണ് ലഭ്യമായിട്ടുള്ളത്.
ടേക്ക് എ ബ്രേക്ക്, ഹെല്‍പ്പ് ഡെസ്‌ക്ക്, സന്തോഷ ഗ്രാമം ഹോസ്റ്റസ്
വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള വിശ്രമ മുറി, ശുചിമുറികള്‍, ക്ലോക്ക് റൂം, ടീ കോര്‍ണര്‍ എന്നിവയാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടി ഒരുക്കിയ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററാണ് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കുക. പഞ്ചായത്തില്‍ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്നതിനും സേവനങ്ങളില്‍ അസിസ്റ്റ് ചെയ്യുന്നതിനുമുള്ള പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് സന്തോഷ ഗ്രാമം ഹോസ്റ്റസ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍