തിരുനെല്ലിയില്‍ റിസോര്‍ട്ട് മാഫിയകള്‍ പിടിമുറുക്കുന്നു.

തിരുനെല്ലിയിലെ പരിസ്ഥിതി ലോല മേഖലയില്‍ റിസോര്‍ട്ട് മാഫിയകള്‍ പിടിമുറുക്കുന്നു. അഞ്ഞൂറോളം അടിയോളം ഉയരമുള്ള കുന്നുകള്‍ വരെ ഇടിച്ചു നിരത്തിയാണ് റിസോര്‍ട്ട് നിര്‍മ്മാണങ്ങള്‍ തകൃതിയില്‍ നടക്കുന്നത്. വീട് നിര്‍മാണത്തിനായി പഞ്ചായത്തില്‍ നിന്ന് ഭൂമി നികത്താനുള്ള അനുമതി വാങ്ങിയതിന് ശേഷമാണ് ഏക്കറുകണക്കിന് മണ്ണിടിച്ച് കുന്ന് നികത്തി നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നത്.വന്യജീവി സംരക്ഷണ നിയമങ്ങള്‍ അപ്പാടെ കാറ്റില്‍ പറത്തിയാണ് റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.വന്യ മൃഗങ്ങള്‍ക്ക് ഉപ്പും മറ്റും നല്‍കി ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന റിസോര്‍ട്ടുകള്‍ വരെ തിരുനെല്ലിയിലും സമീപങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.2012 ല്‍ സുപ്രീം കോടതിയിലെ ഒരു കേസില്‍ വന്യജീവി സാങ്കേതങ്ങളോട് ചേര്‍ന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കിയിരുന്നു. ഈ നിയമം അനുസരിച്ച് വന്യജീവികളുടെ സൈ്വര്യ വിഹാരത്തിന് തടസം നില്‍ക്കുന്ന ഒരു സ്ഥാപനവും പ്രവര്‍ത്തിക്കരുതെന്നും
യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തികളും നടത്തരുതെന്നും പ്രത്യേകം നിര്‍ദേശിച്ചിരുന്നു. വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശത്ത് എയര്‍ഹോണ്‍ ഉപയോഗിക്കരുത് എന്നും വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നുമുള്ള നിര്‍ദേശം നിലനില്‍ക്കെയാണ് റിസോര്‍ട്ടിലേക്ക് വരുന്ന നിരവധി വാഹനങ്ങള്‍ രാത്രി സവാരി അടക്കം നടത്തുന്നത്.അപ്പപ്പാറയിലും
തിരുനെല്ലി നരിനിരങ്ങി മലയിലുമാണ് പുതുതായി നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതി ലോലമേഖലയില്‍ പെട്ട ഇവിടെ പരിസ്ഥിതിക്ക് ഹാനികരമായ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലാത്തതാണ്.
എന്നാല്‍ മലയിടിച്ചും,മണ്ണ് മാന്തിയും മൂന്നും നാലും നിലകളുള്ള കോണ്‍ഗ്രീറ്റ് സമുച്ചയങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നവര്‍ക്ക് കൃത്യമായ രാഷ്ട്രീയ നേതാക്കളുടെ ലോബികളുടെ സഹായം ഉണ്ട് എന്നത് വ്യക്തമാണ്.റിസോര്‍ട്ടുകളുടെ കാര്യത്തില്‍
പഞ്ചായത്ത് അധികൃതര്‍ കര്‍ശനമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വ്യാപകമായ രീതിയില്‍ കുന്നിടിച്ചതിനാല്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ് മിക്ക പ്രദേശങ്ങളും.
മഴയും വെള്ളവും ഇല്ലാതെ ജനങ്ങള്‍ ദുരിതം പേറുമ്പോള്‍ പ്രകൃതിയെ നശിപ്പിച്ച് ടൂറിസ്റ്റുകളെ ചൂഷണം ചെയ്യുന്ന റിസോര്‍ട്ട് മാഫിയകള്‍ തഴച്ചു വളരുമ്പോഴും അതികൃതരുടെ അനാസ്ഥ തുടരുകയാണ്.
മണ്ണിടിച്ച് റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിര്‍മ്മാണ പ്രവ ര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍..
സെല്‍ഫി റിപ്പോര്‍ട്ടര്‍:സെയ്ദ് അഷ്‌റഫ് തിരുനെല്ലി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍