വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ രാപകല്‍ സമരം നാളെ തുടങ്ങും
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ യു ഡി എഫ് രാപകല്‍സമരം നടത്തുമെന്ന് എംഎല്‍ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐയസി ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ (ജനുവരി 30) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന സമരം 31ന് രാവിലെ 11 മണിക്ക് സമാപിക്കും. നിരന്തരമായി വിഷയം നിയമസഭയില്‍ ഉള്‍പ്പെടെ അവതരിപ്പിച്ചിട്ടും, വിവിധ യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇത്തരമൊരു സമരത്തിലേക്ക് കടക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
വയനാടിന്റെ മാത്രമല്ല, മലബാറിന്റെ തന്നെ പ്രധാനമായ പാതയാണ് ചുരം ഉള്‍പ്പെടുന്ന ദേശീയപാത. ചുരത്തിലെ കുരുക്ക് വയനാടിന്റെ ആരോഗ്യമേഖലയെ, വിനോദസഞ്ചാര, കാര്‍ഷിക, തൊഴില്‍ മേഖലയെ ഉള്‍പ്പെടെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വയനാടിന്റെ സാമൂഹ്യജീവിതക്രമത്തെ താളം തെറ്റിക്കുന്ന വിധത്തിലാണ് ഗതാഗതകുരുക്കുണ്ടാകുന്നത്. ഇത്രയേറെ ഗൗരവകരമായ വിഷയത്തില്‍ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുന്നത്. ലക്കിടിയിലും കലക്‌ട്രേറ്റ് പടിക്കലും അടിവാരത്തുമെല്ലാം നിരവധി പ്രതിഷേധങ്ങളാണ് ഇതിനകം നടത്തിയത്. താല്‍ക്കാലിക, സ്ഥിരം പരിഹാരങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് മുമ്പില്‍ വെച്ചിട്ടും അത് നടപ്പിലാക്കുന്നതിനാല്‍ പരാജയപ്പെട്ടിരിക്കുകയാണ്. 2023 ജനുവരി 17ന് വയനാട് കലക്‌ട്രേറ്റില്‍ സുപ്രധാന യോഗം വിളിച്ചിരുന്നു. അന്ന് രണ്ട് ജില്ലകളുടെ ഏകോപനം ഉണ്ടാകുന്ന വിധത്തിലുള്ള തീരുമാനങ്ങളുണ്ടായിരുന്നു. എന്നാല്‍ നടപ്പിലായില്ല. എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാതെയും പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതെയും ഗുരുതര അലംഭാവമാണ് ചുരത്തിലെ ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. രണ്ട് ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ടുപോകുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. അമ്പതാം വളവിന് സമീപം പൊട്ടലുണ്ടായിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് കോഴിക്കോട് കലക്ടര്‍ സ്ഥലത്തെത്തിയത്. നിലവില്‍ ക്രിസ്തുമസ്, പുതുവത്സര സീസണില്‍ ചുരത്തില്‍ ഗതാഗതകുരുക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഘോഷകാലങ്ങളില്‍ ഉള്‍പ്പെടെ ഗതാഗത ക്രമീകരണത്തിനായി സര്‍ക്കാരോ ജില്ലാഭരണകൂടങ്ങളോ ഒന്നും ചെയ്യുന്നില്ല. ആഴ്ചാവസാനങ്ങളിലും, തിരക്കുള്ള സമയത്തും ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിച്ചെങ്കിലും അതും ചെയ്തില്ല. പ്രധാനപ്പെട്ട പല യോഗങ്ങളിലും ക്രെയിന്‍ സംവിധാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്ന തീരുമാനമെടുത്തിരുന്നു. പക്ഷേ നടപ്പിലായില്ല. വണ്ടികള്‍ക്ക് കേടുപാടുകളുണ്ടാവുമ്പോള്‍ അതിന് പരിഹാരം കാണുന്നതിനായി ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല. ചുരത്തിന്റെ രണ്ട് ഭാഗങ്ങളില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കണമെന്ന ആവശ്യവും കണ്ടില്ലെന്ന് നടിച്ചു. രണ്ടും മൂന്നും മണിക്കൂര്‍ നേരം ബ്ലോക്കില്‍പ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ചുരത്തില്‍ ബുദ്ധിമുട്ടുകയാണ്. ഈ സംവിധാനത്തെ ഇനിയും ഇങ്ങനെ കൊണ്ടുപോകാനാവില്ല. ഈ സാഹചര്യത്തിലാണ് സമരം കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പിലേക്ക് വ്യാപിക്കാന്‍ തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞു. രാപകല്‍ സമരത്തില്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
