കര്‍ണ്ണാടകയില്‍ കൊള്ളസംഘത്തിന്റെ മുഖംമൂടി ആക്രമണം;മലയാളികളുടെ പണവും, മൊബൈല്‍ഫോണും തട്ടിയെടുത്തു

ബത്തേരി:ബംഗളൂരു-മൈസൂര്‍ യാത്രാമദ്ധ്യേ ശ്രീരംഗണപട്ടണത്തിനുസമീപം വെച്ച് പിക് അപ്പ് ജീപ്പില്‍ യാത്രചെയ്യുകയായിരുന്ന കേണിച്ചിറ സ്വദേശികളില്‍ നിന്നും പണവും, മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി. കേണിച്ചിറ സ്വദേശികളായ എ.ബി ജയപ്രകാശ്, പിഡി ഷൈജു, ഷിജു എന്നിവരെയാണ് ആധുധധാരികളായ മുഖംമൂടി സംഘം ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഇതു സംബന്ധിച്ച് ശ്രിരംഗപട്ടണം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.ബത്തേരിയില്‍ നിന്നും ജൈവ പച്ചക്കറികളെടുത്ത് ബംഗളൂരില്‍ വില്‍പ്പനനടത്തി തിരികെ വരുന്ന വഴിക്കാണ് കേണിച്ചിറ സ്വദേശികള്‍ക്ക് ഈ ദുരനുഭവമുണ്ടായത്.
യാത്രക്കിടയില്‍ ഇവര്‍ വണ്ടി റോഡരികില്‍ ഒതുക്കി നിര്‍ത്തി ഉറങ്ങുമ്പോഴാണ് മുഖം മൂടി ധാരികളായ ഒരു സംഘം കൊള്ളക്കാര്‍ വാഹനം വളഞ്ഞത്. തുടര്‍ന്ന് അക്രമികള്‍ വടിവാള്‍ , കത്തി മുതലായ ആയുധങ്ങള്‍ കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തി. ജയപ്രകാശിന്റേയും, ഷൈജുവിന്റേയും കയ്യില്‍നിന്നും ഏഴായിരത്തോളം രൂപ, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ബലമായി പിടിച്ചുവാങി. വാഹനത്തിന്റെ ഡ്രൈവറായ ഷിജുവിനെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് സംഘം ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നുവെന്ന് ജയപ്രകാശ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. തുടര്‍ന്ന് ജയപ്രകാശും കൂട്ടരും ശ്രീരഗപട്ടണം പോലീസ് സ്റ്റേഷനിലെത്തി രാത്രിതന്നെ പരാതി നല്‍കി. പോലീസ് അപ്പോള്‍ തന്നെ സംഭവസ്ഥലവും, പരിസരവും പരിശോധിച്ചെങ്കിലും ആരേയും കണ്ടെത്താന്‍ സാധിച്ചില്ല. ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ വിശദമായ അന്വേഷണം നടത്തി വരുന്നതായി ജയപ്രകാശ് പറഞ്ഞു. കര്‍ണ്ണാടക പോലീസ് വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്നും, തങ്ങള്‍ക്ക് പുലരുംവരെ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിതരുകയും, രാവിലെ ഭക്ഷണമടക്കം വാങ്ങി തന്നതിന് ശേഷമാണ് തിരിച്ചയതെന്നും ജയപ്രകാശ് പറഞ്ഞു.
കര്‍ണ്ണാടകയിലെത്തുന്ന മലയാളി യാത്രക്കാര്‍ക്കെതിരെ കവര്‍ച്ചാസംഘത്തിന്റെ ആക്രമണങ്ങള്‍ ഇതിനുമുമ്പും ചര്‍ച്ചാ വിഷയമായ കാര്യമാണ്. വാഹനത്തിന്റെ ചില്ലിലേക്ക് മുട്ടയെറിഞ്ഞ് കാഴ്ച മറച്ച ശേഷം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുക, കാറില്‍ ബൈക്ക് കൊണ്ടുവന്നിടിച്ച ശേഷം തട്ടിക്കയറി പണം വസൂലാക്കുക തുടങ്ങി നിരവധി രീതികള്‍ ഇവിടുത്തെ മോഷ്ടാക്കള്‍ പിന്തുടരുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക ഭാഗത്തേക്ക് രാത്രി യാത്ര ചെയ്യുന്നവര്‍ പരമാവധി ഒറ്റപ്പെട്ടയിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതും മറ്റും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍